അമിത ഉപയോഗത്തിലൂടെ ഉത്പന്നങ്ങളും വിഭവങ്ങളും പാഴാക്കിക്കളയുന്നത് വലിയ കുറ്റകൃത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ വിഭവങ്ങൾ മറ്റൊരാൾക്ക് അവകാശപ്പെട്ടതാണെന്ന ബോധം എല്ലാവർക്കും ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉപഭോക്താക്കളുടെ അവകാശങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ഡിജിറ്റൽ ധനകാര്യ മേഖലയിൽ നൂതന അവസരങ്ങൾ വരുമ്പോൾ തന്നെ അത് ഉയർത്തുന്ന വെല്ലുവിളികളും അപകടങ്ങളും കാണേണ്ടതുണ്ട്. ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട ചതിക്കുഴികൾ മുന്നിൽക്കണ്ട് കരുതലോടെ നീങ്ങാനുള്ള സന്ദേശമാണ് ഉപഭോക്തൃ അവകാശ ദിനം നൽകുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: മാർച്ച് 31ന് മുമ്പ് തന്നെ ഈ സർക്കാർ പദ്ധതിയിൽ അംഗമാകൂ, മികച്ച ആദായം ഉറപ്പാക്കാം
ഉപഭോക്തൃ സംരക്ഷണത്തിനായി സംസ്ഥാന ഭക്ഷ്യ- പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് നടപ്പാക്കുന്ന പുതിയ അഞ്ചു പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ഉത്പന്നത്തിന്റെ വിവരങ്ങളെക്കുറിച്ച് അറിയാൻ ഉപഭോക്താവിനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടോയെന്നു പരിശോധിക്കുന്നതിനു 'ജാഗ്രത' എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 50,000 ചെറുകിട വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു പരിശോധന നടത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. വിൽക്കുന്ന ഉത്പന്നങ്ങൾക്കു ബിൽ നൽകുന്നുണ്ടോ, വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ, അളവു തൂക്ക ഉപകരണങ്ങൾ കൃത്യമാണോ എന്നിവ ഇതിന്റെ ഭാഗമായി പരിശോധിക്കും. സമയബന്ധിതമായി കുറവുകൾ പരിഹരിക്കാൻ കടയുടമകൾക്കു നിർദേശം നൽകി ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ചു കട ഉടമയെ ബോധവ്തകരിക്കും. ബോധവത്കരണത്തിലൂടെ ലക്ഷ്യപ്രാപ്തി കൈവരിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.
പെട്രോൾ പമ്പുകൾക്കായി ക്ഷമത പദ്ധതി
പെട്രോൾ പമ്പുകളിൽ വിൽക്കുന്ന ഇന്ധനത്തിന്റെ ഗുണമേന്‍മ,അളവ് എന്നിവ ഉറപ്പാക്കുന്നതിനായി ഇന്ധന പമ്പുകൾ സന്ദർശിച്ചു പരിശോധന നടത്തുന്നതിന് ക്ഷമത എന്ന പേരിൽ പദ്ധതി തുടങ്ങുകയാണ്. സംസ്ഥാനത്തെ 1000 പെട്രോൾ പമ്പുകൾ ഇതിന്റെ ഭാഗമായി സന്ദർശിക്കും. കുറവുകളുണ്ടെങ്കിൽ തിരുത്തുന്നതിനുള്ള ബോധവ്തകരണ നടപടി സ്വീകരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി ഉജ്ജ്വല യോജന: ഹോളിയിൽ 1.5 കോടിയിലധികം ആളുകൾക്ക് ‘സൗജന്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾ
ഭക്ഷ്യ സാധനങ്ങളുടെ വിതരണം കാര്യക്ഷമമാക്കാൻ ജിപിഎസ് ട്രാക്കിങ് സംവിധാനവും പ്രവർത്തന സജ്ജമായി. ഈ സംവിധാനം ഉപയോഗിച്ച് എഫ്.സി.ഐ. ഗോഡൗണിൽനിന്ന് എൻ.എഫ്.എസ്.എ. ഗോഡൗണിലേക്കും അവിടെനിന്നു റേഷൻ കടകളിലേക്കും കൊണ്ടുപോകുന്ന വാഹനങ്ങൾ നിരീക്ഷിക്കുന്ന പദ്ധതിയാണിത്. ഭക്ഷ്യധാന്യ വിതരണത്തിൽ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കാൻ കഴയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റേഷൻ കട പരിശോധനയ്ക്കുള്ള എഫ്.പി.എസ്. മൊബൈൽ ആപ്ലിക്കേഷൻ, ഭക്ഷ്യധാന്യ വാഹനങ്ങളിൽ ജി.പി.എസ്, പൊതുവിതരണ വകുപ്പിൽ സമ്പൂർണ ഇ-ഓഫിസ് നടപ്പാക്കൽ എന്നീ പദ്ധതികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
സുതാര്യ നടപടികളിലൂടെ പൊതുജനങ്ങൾക്കു വലിയ പ്രയോജനമുണ്ടാക്കുന്ന കാലഘട്ടത്തിലേക്ക് സംസ്ഥാന ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മാറുകയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഭക്ഷ്യ - പൊതുവിതരണ വകുപ്പിൽ കഴിഞ്ഞ 10 മാസത്തിനിടെ ലഭിച്ച 83 ലക്ഷം പരാതികളിൽ 99 ശതമാനവും പരിശോധിച്ചു തീർപ്പാക്കി. ഇക്കാര്യത്തിൽ വകുപ്പിലെ ജീവനക്കാർ വലിയ പങ്കാണു വഹിച്ചത്. ഭക്ഷ്യ - പൊതുവിതരണ - ലീഗൽ മെട്രോളജി വകുപ്പുകൾ ജനങ്ങളുമായി ദൈനംദിന ഇടപാടുകൾ നടത്തുന്ന വകുപ്പുകളായതിനാൽ ജനങ്ങളുടെ ആവശ്യങ്ങൾ പരമാവധി വേഗത്തിൽ നൽകാനാണു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: അടുക്കളത്തോട്ടമൊരുക്കൂ, മീൻവളം റെഡി! എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം വികസിപ്പിച്ച മീൻവളം വിപണിയിലേക്ക്
ഉപഭോക്തൃ നിയമങ്ങളും അവകാശങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതു സംബന്ധിച്ച് ആലോചിക്കുമെന്നു ചടങ്ങിൽ പങ്കെടുത്ത പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു, സംസ്ഥാന ഡി.സി.ആർ.സി. പ്രസിഡന്റ് റിട്ട. ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡോ. ഡി. സജിത്ബാബു തുടങ്ങിയവർ പങ്കെടുത്തു.
Share your comments