<
  1. News

പുതിയ കാലത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരള- ഫിൻലൻഡ് സഹകരണം സഹായിക്കും; പിണറായി വിജയൻ

ഫിൻലാൻഡിലെ പ്രാരംഭശൈശവ വിദ്യാഭ്യാസം, പ്രീ പ്രൈമറി, എലമെൻററി, സെക്കൻററി വിദ്യാഭ്യാസം എന്നിവയെ കുറിച്ച് മനസ്സിലാക്കാൻ സന്ദർശനം വഴി സാധിച്ചെന്നും ഫിൻലൻഡ് വിദ്യാഭ്യാസമന്ത്രി ലി ആൻഡേഴ്സന്റെ ക്ഷണപ്രകാരമാണ് ഫിൻലാൻഡ് സന്ദർശിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Saranya Sasidharan
Kerala-Finland cooperation will help to harness the potential of the new era; Pinarayi Vijayan
Kerala-Finland cooperation will help to harness the potential of the new era; Pinarayi Vijayan

പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും വെല്ലുവിളികൾ നേരിടാനും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെയും വിദ്യാർത്ഥികളെയും സജ്ജരാക്കാൻ കേരള-ഫിൻലാൻഡ് സഹകരണം സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഫിൻലാൻഡിലെ പ്രാരംഭശൈശവ വിദ്യാഭ്യാസം, പ്രീ പ്രൈമറി, എലമെൻററി, സെക്കൻററി വിദ്യാഭ്യാസം എന്നിവയെ കുറിച്ച് മനസ്സിലാക്കാൻ സന്ദർശനം വഴി സാധിച്ചെന്നും ഫിൻലൻഡ് വിദ്യാഭ്യാസമന്ത്രി ലി ആൻഡേഴ്സന്റെ ക്ഷണപ്രകാരമാണ് ഫിൻലാൻഡ് സന്ദർശിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഫിൻലാൻഡിലെ ഹെൽത്ത് നെറ്റ്‌വർക്ക് ഫെസിലിറ്റി, ഫിന്നിഷ് നാഷണൽ പ്രോഗ്രാം ഓൺ ഏയ്ജിങ് തുടങ്ങിയവയെക്കുറിച്ച് മനസ്സിലാക്കാനും അവസരം ലഭിച്ചു. ആരോഗ്യ രംഗത്തും സാമൂഹ്യ വയോജന പരിപാലന രംഗത്തും പരസ്പര സഹകരണം തുടരാൻ തീരുമാനം കൈക്കൊണ്ടു. കേരളത്തിന്റെ ആരോഗ്യ പ്രവർത്തകരുടെ സേവനം വലിയ അളവിൽ ആവശ്യമുണ്ടെന്ന് അവരുടെ പ്രതിനിധികൾ വ്യക്തമാക്കി. തുടർ ചർച്ചകൾക്കായി ഫിൻലാൻഡിൽ നിന്നുള്ള സംഘം കേരളം സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന രാജ്യമാണ് ഫിൻലാൻഡ്. അതേസമയം വയോജനങ്ങളുടെ സംഖ്യ അവിടെ വർദ്ധിച്ചുവരികയാണ്. സ്‌കിൽ ഷോർട്ടേജ് സ്വാഭാവികമായും ഉണ്ട്. ഈ സ്‌കിൽ ഷോർട്ടേജ് നികത്താനാണ് ഫിന്നിഷ് സർക്കാർ'ടാലൻറ് ബൂസ്റ്റ് പ്രോഗ്രാം' വിഭാവനം ചെയ്തത്. ഈ പദ്ധതി വഴി അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും കഴിവുള്ള യുവാക്കളെ ഫിൻലാൻഡിലേക്ക് ക്ഷണിക്കാനാണ് അവർ തീരുമാനിച്ചത്. അവരുടെ പ്രധാന ടാർഗറ്റ് ഇന്ത്യയാണ്. അതിൽ തന്നെ കേരളമാണ് ഇങ്ങനെയൊരു അവസരം ഉപയോഗിക്കാൻ ഒരു സംഘത്തെ അയച്ചത്. വരുന്ന നാല്-അഞ്ച് വർഷത്തേക്ക് ഏകദേശം പതിനായിരം നഴ്സുമാരെ ഫിൻലാൻഡിലേക്ക് വേണ്ടിവരുമെന്നാണ് ഫിൻലന്റ് അധികൃതർ അറിയിച്ചത്. കേരളത്തിലെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റവുമായി സഹകരിക്കാനും അവർക്ക് ആഗ്രഹമുണ്ട്. നോർക്ക, ഒഡേപെക്, കേരള സ്റ്റാർട്ടപ്പ് മിഷൻ, കെഎസ്ഐഡിസി എന്നിവ ചേർന്ന് ഈ സഹകരണത്തെ മുന്നോട്ടുകൊണ്ടുപോവാനാണ് ശ്രമം. ബിസിനസ് ഫിൻലാൻഡിൻറെ ഇന്ത്യാ ഓഫീസുമായി ചേർന്ന് തുടർ പ്രവർത്തനങ്ങൾ നടത്താൻ ധാരണയായി.

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും തൊഴിലന്വേഷകരുടെയും കുടിയേറ്റം സുഗമമാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ഫിൻലാൻഡ് സാമ്പത്തികാര്യ, തൊഴിൽ വകുപ്പ് മന്ത്രാലയത്തിലെ കുടിയേറ്റ വിഭാഗം ഡയറക്ടർ സോണ്യ ഹമലായ്നെൻ അടങ്ങുന്ന സംഘവുമായി ചർച്ച ചെയ്തു. കേരളത്തിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർക്ക് ഫിൻലാൻഡിൽ വലിയ സാധ്യതകളുണ്ടെന്നും കേരള സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം വഴി സാങ്കേതിവിദ്യാ രംഗത്തെ തൊഴിൽശക്തിയെ ഉപയോഗിക്കാൻ സാധിക്കണമെന്നുമാണ് ഫിന്നിഷ് സംഘം അറിയിച്ചത്. കേരളത്തിൽ നിന്നുള്ളവരുടെ കുടിയേറ്റ നടപടികൾ സുഗമമാക്കുമെന്നും അവർ ഉറപ്പുനൽകി.

ഫിൻലാൻഡിലെ ഇന്ത്യൻ എംബസി, കോൺഫെഡറേഷൻ ഓഫ് ഫിന്നിഷ് ഇൻഡസ്ട്രിയുമായി ചേർന്ന് അഡ്വാന്റേജ് കേരള ബിസിനസ് മീറ്റ് നടത്തുകയുണ്ടായി. കോൺഫെഡറേഷൻ ഓഫ് ഫിന്നിഷ് ഇൻഡസ്ട്രി ഡയറക്ടർ ടിമോ വൗറി മീറ്റിൽ പങ്കെടുത്തിരുന്നു. ഫിൻലാൻഡിലെ പ്രമുഖ ബിസിനസ് വൃത്തങ്ങളിൽ നിന്നുള്ളവർ സംഗമത്തിൽ സന്നിഹിതരായി. ഗ്രീൻ എനർജി, മറൈൻ മേഖല, ലൈഫ് സയൻസസ്,പെട്രോകെമിക്കൽസ്, നാനോ മെറ്റീരിയൽസ്, ഗ്രഫീൻ എന്നീ സാങ്കേതിക വിദ്യാമേഖലകളിലെ സഹകരണത്തിനുള്ള സാദ്ധ്യതകൾ കേരള സംഘം വിശദീകരിച്ചു. പരിസ്ഥിതി സൗഹൃദ വികസന മേഖലകളിലെ സഹകരണം അവർ ഉറപ്പുനൽകി.

പ്രമുഖ മൊബൈൽ ഫോൺ കമ്പനിയായ 'നോക്കിയ'യുടെ എക്സ്പീരിയൻസ് സെൻറർ സന്ദർശിക്കുകയും ഊർജ്ജ, മറൈൻ ബിസിനസ് രംഗത്തെ ഫിൻലാൻഡ് കമ്പനിയായ 'വാർട്സീല'യുടെ വൈസ് പ്രസിഡൻറ് കായ് ജാൻഹ്യൂനെനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കൊച്ചിയിൽ ആരംഭിക്കുന്ന സസ്റ്റയിനബിൾ മാരിടൈം ടെക്നോളജി ഹബിൻറെ നിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിക്കാമെന്ന് വാർട്സീല വാക്കുനൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

English Summary: Kerala-Finland cooperation will help to harness the potential of the new era; Pinarayi Vijayan

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds