എറണാകുളം: കാർഷിക മേഖലയിൽ പരമ്പരാഗത കൃഷി രീതികൾ തനിമയോടെ നിലനിർത്തി സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി സുഭിക്ഷം – സുരക്ഷിതം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ കിസാൻ മേള സംഘടിപ്പിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് കിസാൻ മേേള സംഘടിപ്പിച്ചത്. മൂവാറ്റുപുഴ മുൻസിപ്പൽ ടൗൺഹാളിൽ വച്ച് നടന്ന മേള നഗരസഭ ചെയർമാൻ പി പി എൽദോസ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ ഡോ. ജോസ് അഗസ്റ്റിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കാർഷിക മേഖലയിൽ ഡ്രോണുകളുടെ ഉപയോഗം, പഴയതും പുതിയതുമായ കാർഷിക യന്ത്രങ്ങളുടെ പ്രദർശനം, നേര്യമംഗലം ഫാമിൽ നിന്നുള്ള നടീൽ വസ്തുക്കൾ, മൊബൈൽ മണ്ണ് പരിശോധന സംവിധാനം, കുടുംബശ്രീ ഉത്പന്നങ്ങൾ, പൊക്കാളി അരി, പൊക്കാളി പുട്ടുപൊടി, പൊക്കാളി അവൽ, പൊക്കാളി പാടങ്ങളിൽ നിന്നുള്ള ഉണക്ക ചെമ്മീൻ, ഭക്ഷ്യ മേള, ഇക്കോഷോപ്, കാർഷിക ക്ലിനിക്, നാടൻ പച്ചക്കറികൾ, ജൈവ കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകൾ കിസാൻ മേളയോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ആവശ്യക്കാരേറെയുള്ള ചെമ്മീൻ കൃഷി ലാഭകരമായി ചെയ്യേണ്ട വിധം
മേളയോട് അനുബന്ധിച്ച് നടത്തിയ കർഷക സെമിനാറിൽ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ബിജുമോൻ സക്കറിയ, മഴുവന്നൂർ കൃഷി ഓഫീസർ ഷിഹാബ് ബാബു എന്നിവർ ക്ലാസുകൾ നയിച്ചു. ചടങ്ങിൽ പായിപ്ര പഞ്ചായത്തിലെ മുളവൂർ കൂർക്ക പ്രചാരകനായ പ്രഭാകരൻ കുമ്പപ്പിള്ളിൽ, വാളകം പഞ്ചായത്തിലെ മുതിർന്ന കർഷകനായ ചെമ്മനാട് സി കെ മാധവൻ എന്നിവരെ ആദരിച്ചു.
ചടങ്ങിൽ ആത്മ പ്രൊജക്റ്റ് ഡയറക്ടർ ഷീലാ പോൾ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ടാനി തോമസ്, ജില്ലാ, ബ്ലോക്ക്, നഗരസഭ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, കർഷകർ, ഉദ്യോഗസ്ഥർ മുതലായവർ പരിപാടിയിൽ പങ്കെടുത്തു.
Share your comments