
സംസ്ഥാന സര്‍ക്കാരിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയില്‍ നൂറുമേനി വിളവുമായി സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (കെ.എം.എം.എല്‍). കമ്പനി ഗസ്റ്റ്ഹൗസിലെ 1 ഏക്കര്‍ സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പ് കെ.എം.എം.എല്‍ മാനേജിങ്ങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ് നിര്‍വഹിച്ചു.

പച്ചമുളക്, പയര്‍, വെണ്ട, വഴുതന, ചേന, പടവലം, പാവല്‍, വെള്ളരി, മത്തന്‍, കുമ്പളം, നേന്ത്രക്കുല തുടങ്ങിയവയാണ് വിളവെടുത്തത്. പച്ചക്കറികള്‍ പ്രദേശത്തെ നിര്‍ധനരായ 17 കുടുംബങ്ങള്‍ക്ക് നല്‍കി. ഒപ്പം ഓണപ്പുടവയും സമ്മാനിച്ചു. ചടങ്ങില്‍ കെ.എം.എം.എല്ലിലെ കര്‍ഷകരായ ബാലകൃഷ്ണന്‍, പ്രശാന്തന്‍ എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി ഏറ്റെടുത്ത് നടപ്പാക്കി വലിയ വിജയം നേടിയതില്‍ അഭിമാനമുണ്ടെന്ന് മാനേജിങ്ങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ് പറഞ്ഞു. വിളവുകളെല്ലാം പ്രദേശവാസികള്‍ക്ക് സൗജന്യമായി നല്‍കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ട്.

ജൈവകൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കെ.എം.എം.എല്‍ കൃഷിയിലേക്ക് കടന്നത്. 7.5 ഏക്കറില്‍ ജൈവകൃഷി നടത്തി. കഴിഞ്ഞ ഓണത്തിന് തളിര്‍ എന്ന ബ്രാന്റില്‍ അരി പുറത്തിറക്കി വിതരണം ചെയ്തിരുന്നു. വിഷുവിന്റെ ഭാഗമായി മഞ്ഞള്‍ പൊടിയും സ്വന്തമായി ഉല്‍പാദിപ്പിച്ചു. മത്സ്യ കൃഷിയും വിജയകരമായി നടന്നുവരികയാണ്.

കെ.എം.എം.എല്‍ ജനറല്‍ മാനേജര്‍ വി. അജയകൃഷ്ണന്‍, ട്രേഡ് യൂണിയന്‍ നേതാക്കളായ എ. എ. നവാസ് (സി.ഐ.ടി.യു), ആര്‍. ജയകുമാര്‍ (ഐ.എന്‍.ടി.യു.സി), ജെ. മനോജ്‌മോന്‍ (യു.ടി.യു.സി), ഫെലികസ് (എ.ഐ.ടി.യു.സി) അഗ്രികള്‍ച്ചര്‍ നോഡല്‍ ഓഫീസര്‍ എ.എം സിയാദ് കമ്മിറ്റി അംഗങ്ങളായ ധനേഷ്, ശ്രീജിത്ത്, അനൂപ്, പി.ആര്‍.ഒ പി.കെ ഷബീര്‍, സെക്യൂരിറ്റി ഓഫീസർ ജോതിഷ്കുമാർ, സി.എല്‍.ഒ മോഹന്‍ പുന്തല തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments