കാർഷിക മേഖലയിലെ യന്ത്രവൽക്കരണം കാര്യക്ഷമമാക്കാൻ കാംകോയെ ശക്തിപ്പെടുത്തും: കൃഷി മന്ത്രി പി. പ്രസാദ്
കേരളത്തിലെ പ്രമുഖ പൊതുമേഖല സ്ഥാപനമായ കാംകോയെ ശക്തിപ്പെടുത്തുന്നതിലൂടെ കാർഷിക മേഖലയിലെ വെല്ലുവിളിയായി നിലനിൽക്കുന്ന യന്ത്രവൽക്കരണം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കാംകോയിലെ വിവിധ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിന് കൃഷി മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ട്രേഡ് യൂണിയൻ നേതാക്കളും തൊഴിലാളി പ്രതിനിധികളും പങ്കെടുത്തു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ധാരാളം കർഷകർ കാംകോയുടെ കാർഷിക യന്ത്രങ്ങളെ ആശ്രയിക്കുന്നു എന്നത് കർഷകർക്ക് കാംകോ ഉത്പ്പന്നങ്ങളിലുള്ള വിശ്വാസമാണ് തെളിയിക്കുന്നത്. ആ വിശ്വസം അതേപടി നിലനിർത്താൻ പ്രത്യേകം ശ്രദ്ധ ചെലുത്തും. കാർഷിക യന്ത്രങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ ഗുണനിലവാരമുള്ള യന്ത്രഭാഗങ്ങൾ വാങ്ങുന്നതിന് ഉദ്യോഗസ്ഥർക്ക് കൂട്ടു ഉത്തരവാദിത്വമാണ് ഉള്ളതെന്നും, അതിൽ വീഴ്ച വരുത്തുന്നവർ നടപടി നേരിടേണ്ടിവരുമെന്നും മന്ത്രി ഓർമിപ്പിച്ചു. പൊതു മേഖലയെ സംരക്ഷിക്കാൻ ആർജ്ജവമുള്ള ഒരു സർക്കാർ ആണ് കേരളത്തിലുള്ളത്.
വ്യവസായ ഷെഡ്; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജില്ലയിലെ മിനി വ്യവസായ എസ്റ്റേറ്റ് സഹകരണ സംഘത്തിന്‍റെ മാരാരിക്കുളം മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വ്യവസായ സംരംഭം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.
600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വ്യവസായ ഷെഡാണ് ഒഴിവുള്ളത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ രൂപരേഖ സഹിതം ഒക്ടോബര്‍ 12നകം മാനേജിംഗ് ഡയറക്ടര്‍ മിനി വ്യവസായ സഹകരണ സംഘം, ജില്ലാ വ്യവസായ കേന്ദ്രം, ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസിന് സമീപം കളപ്പുര 689007 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 965657317.
മൂല്യവര്‍ധിത ഉത്പ്പന്ന നിര്‍മാണ മത്സരവും പ്രദര്‍ശനവും
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ജില്ലാ ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ മാലിന്യത്തില്‍ നിന്നും മൂല്യവര്‍ധിത ഉത്പ്പന്നം നിര്‍മിക്കുന്നതില്‍ മത്സരവും പ്രദര്‍ശനവും നടത്തുന്നു.
സെപ്റ്റംബര്‍ 30ന് രാവിലെ 10 മുതലാണ് പരിപാടി. പങ്കെടുക്കുന്നതിന് 18നും 40നുമിടയില്‍ പ്രായമുള്ളവര്‍ സെപ്റ്റംബര്‍ 28നകം ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടണം. ഫോണ്‍: 0477 2253020, 9895220166, 9946559236.
നഗര പ്രദേശങ്ങളില്‍ വിവിധ കേന്ദ്രങ്ങളിലായി മിയാവാക്കി വനങ്ങള്‍ ഒരുക്കും. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല പദ്ധതിയുടെ ഭാഗമായി രണ്ട് മുതല്‍ അഞ്ച് സെന്റ് വരെയുള്ള ഭൂമിയില്‍ 400 മുതല്‍ 1000 വരെ ഫലവൃക്ഷങ്ങളാണ് നട്ടുവളര്‍ത്തുന്നത്. ഒരു വര്‍ഷം കൊണ്ട് കൃത്യമായി പരിപാലിച്ച് മാതൃകാ വനങ്ങള്‍ ഒരുക്കുന്നവര്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. കൃഷി വകുപ്പുമായി ചേര്‍ന്നാണ് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയായ ലിറ്റില്‍ ഫോറസ്റ്റ് നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ ടി സരള, വി കെ സുരേഷ് ബാബു അംഗങ്ങളായ ടി തമ്പാന്‍ മാസ്റ്റര്‍, എന്‍ പി ശ്രീധരന്‍, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ വി അജയകുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് ജോഷി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍,കൃഷി ഓഫീസര്‍മാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
ക്ഷീര-മൃഗസംരക്ഷണ രംഗത്തെ വിദഗ്ധർ പങ്കെടുക്കുന്ന ശിൽപശാലയ്ക്കു തുടക്കമായി
അടുത്ത അഞ്ചു വർഷംകൊണ്ട് മൃഗസംരക്ഷണ-ക്ഷീര മേഖലയിൽ പുതിയ പദ്ധതികൾ നടപ്പിലാക്കാനും അതിന്റെ പുരോഗതി വിലയിരുത്താനും കഴിയണമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 14-ാം പഞ്ചവത്സര പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയിൽ നൂതന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് ഈ മേലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശിൽപശാലയുടെ ഉദ്ഘാടനം തിരുവനന്തപുരം സമേതിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാൽ ഉല്പാദനത്തിൽ കേരളം ഒരുപാട് മുന്നേറി. അന്യസംസ്ഥലങ്ങളിൽ നിന്ന് പാലെടുക്കുന്നതിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ശിലാസ്ഥാപനം കഴിഞ്ഞ പാൽപ്പൊടി ഫാക്ടറിയുടെ പണി ഒരു വർഷംകൊണ്ട് പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സർക്കാരിന്റെ ഏഴ് പൗൾട്രി ഫാമുകൾ മെച്ചപ്പെടുത്തി മുട്ടക്കോഴി ഉത്പാദനം പരമാവധി വർധിപ്പിക്കും. വിദ്യാർത്ഥികൾക്ക് കൂടി സാമ്പത്തിക നേട്ടം ഉണ്ടാവുന്ന തരത്തിൽ സ്‌കൂളുകളിൽ പൗൾട്രി ക്‌ളബുകൾ ആരംഭിക്കും. പുതിയ ഇനം പശുക്കളെയും കോഴികളെയും കേരളത്തിൽ കൊണ്ടുവരുകയും പഴയ ഇനം പശുക്കളെ സംരക്ഷിക്കുകയും ചെയ്യും. അന്യസംസ്ഥാനങ്ങളിൽനിന്ന് പശുക്കളെ കേരളത്തിൽ എത്തിച്ചാൽ ഇൻഷുർ ചെയ്യാനുള്ള സംവിധാനം ഉണ്ടാവണം. പോത്ത്, പന്നി തുടങ്ങിയവയുടെ ഉത്പാദനം വർധിപ്പിക്കും. സംസ്ഥാനത്തിന് ആവശ്യമായ ഇറച്ചി ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ സംരംഭങ്ങളിൽ പ്രവാസികളടക്കമുള്ള തൊഴിൽസംരഭകരെ ഏതൊക്കെ നിലയിൽ സഹായിക്കാൻ പറ്റുമെന്ന് പരിശോധിക്കണം. വെറ്ററിനറി ഹോസ്പിറ്റൽ, വെറ്ററിനറി ഡോക്ടർ, ഡോക്ടറുമായി ബന്ധപ്പെടേണ്ട വിലാസം, കർഷകർ, കൃഷി തുടങ്ങിയ വിവരങ്ങൾ മൃഗസംരക്ഷണ ക്ഷീര മേഖലയിൽ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
പാല്‍ സബ്‌സിഡി പദ്ധതി ഉദ്ഘാടനം
ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി ബ്ലോക്ക് ക്ഷീരവികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന പാലിന് ഉത്പാദന ബോണസ് പദ്ധതിയുടെ തിരുനെല്ലി പഞ്ചായത്ത്തല ഉദ്ഘാടനം അപ്പപ്പാറ ക്ഷീരസംഘത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍ ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ വി.കെ നിഷാദ് പദ്ധതി വിശദീകരണം നടത്തി.
പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്ത് ക്ഷീരവികസന ഓഫിസ് മുഖേന 30 ലക്ഷം രൂപ ഈ സാമ്പത്തിക വര്‍ഷം കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 21 ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന 5000 കര്‍ഷകരുടെ ബാങ്ക് അകൗണ്ടിലേക്ക് ഇതുവരെ 62 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ ക്ഷീര സംഘങ്ങളില്‍ പാലളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് ഒരു രൂപ നിരക്കിലാണ് തുക കൈമാറിയത്.
ചടങ്ങില്‍ അപ്പപ്പാറ മേഖലയില്‍ നിന്ന് ആദ്യമായി എം.ബി.ബി.എസ് ബിരുദം നേടിയ ഡോ . കൃഷ്ണപ്രിയയെ ബ്ലോക്ക് പ്രസിഡണ്ട് ആദരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ സംഘം മെമ്പര്‍മാരുടെ മക്കളെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി ആദരിച്ചു. ബ്ലോക്ക് മെമ്പര്‍ ബി.എം. വിമല, തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ നിഷ.പി. എന്‍, ഷൈല വിജയന്‍, ബിന്ദു സുരേഷ് ബാബു, പനവല്ലി ക്ഷീരസംഘം പ്രസിഡണ്ട് ഉണ്ണി, അപ്പപ്പാറ ക്ഷീരസംഘം പ്രസിഡണ്ട് എം.എം ഹംസ സെക്രട്ടറി ഇ. ജി സുബ്രമണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സഞ്ചരിക്കുന്ന മൃഗാശുപത്രി ഉദ്ഘാടനം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി ഉദ്ഘാടനം സെപ്റ്റംബര്‍ 24 ന് രാവിലെ 9.30 ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും. ഒ.ആര്‍. കേളു. എം.എല്‍.എ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വൈസ് പ്രസിഡണ്ട് എ. കെ. ജയഭാരതി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മത്സ്യതൊഴിലാളികള്‍ക്ക് കോവിഡ് ധനസഹായം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യതൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്രത്യേക കോവിഡ് ധനസഹായമായ ആയിരം രൂപ ഇനിയും ലഭിക്കാത്ത ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ 25 നകം ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ ഹാജരായി ഫിംസ് സോഫ്റ്റ്വെയറില്‍ പേര് ഉള്‍പ്പെടുത്തേണ്ടതാണ്. ഓരോ ഗുണഭോക്താക്കള്‍ക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതും ബാങ്ക് ലയനംമൂലം മാറ്റം വന്നിട്ടുള്ള ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്. കോഡ് വിശദാംശങ്ങള്‍ സോഫ്റ്റ്വെയറില്‍ അപ്ഡേറ്റ് ചെയ്യുന്നതിന് ഗുണഭോക്താക്കള്‍ നടപടി സ്വീകരിക്കേണ്ടതുമാണ്. ധനസഹായം ലഭിച്ച ഗുണഭോക്താക്കള്‍ മത്സ്യഭവന്‍ ഓഫീസില്‍ ഹാജരാകേണ്ടതില്ലെന്ന് റീജ്യണല്‍ എക്സിക്യൂട്ടീവ് അറിയിച്ചു.
പാരമ്പര്യേതര മേഖലകളിലേക്ക് സുഗന്ധവ്യഞ്ജന കൃഷി വ്യാപിപ്പിക്കണമെന്ന് ദേശീയശില്പശാല
പാരമ്പര്യേതര മേഖലകളിലേക്ക് സുഗന്ധവ്യഞ്ജന കൃഷി വ്യാപിപ്പിക്കണമെന്നും പാരിസ്ഥിതിക വ്യവസ്ഥ അടിസ്ഥാനമാക്കിയുള്ള വിള ആരോഗ്യ പരിപാലനം വികസിപ്പിക്കണമെന്നും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന സുഗന്ധവിള ഗവേഷണ പദ്ധതികളുടെ ദേശീയ ഏകോപന സമിതിയുടെ ( എ ഐ സി ആര്‍ പി എസ്)മുപ്പത്തിരണ്ടാമത് ദേശീയ ശില്പശാല അഭിപ്രായപ്പെട്ടു. സുഗന്ധവ്യഞ്ജനങ്ങളിലെ മൂല്യവര്‍ദ്ധനവ് മെച്ചപ്പെടുത്താന്‍ കഴിയുന്ന ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്് കയറ്റുമതി സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.ജീത് സിംഗ് സന്ധു പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളില്‍ പ്രജനനത്തിന്റെയും യന്ത്രവല്‍ക്കരണത്തിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആഗോളതലത്തില്‍ കയറ്റുമതി ആവശ്യം ഉയര്‍ന്നിരിക്കുന്നതിനാല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് നല്ല സമയമാണ് മുന്നിലുള്ളതെന്ന് ന്യൂഡല്‍ഹി ഐസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.എ. കെ. സിംഗ അഭിപ്രായപ്പെട്ടു. മണ്ണിന്റെ ഘടനയും സൂഷ്മാണുക്കളുടെ സാന്നിധ്യവും സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണമേന്മയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും സുഗന്ധവിളകളുടെ വാണിജ്യ ഉല്‍പാദനത്തില്‍ പാരമ്പര്യേതര മേഖലകളുടെ സാധ്യതകളും ഗവേഷണ സ്ഥാപനങ്ങള്‍ പഠന വിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐ സി എ ആര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ.വിക്രമാദിത്യ പാണ്ഡെ ചടങ്ങില്‍ വിശിഷ്ടാതിഥി ആയിരുന്നു. വ്യത്യസ്ത സംവിധാനങ്ങളില്‍ വളരുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പാദനക്ഷമതയിലെ വിടവ് പരിഹരിക്കേണ്ടതും പുതിയ കീടങ്ങളുടെയും രോഗങ്ങളുടെയും ആവിര്‍ഭാവത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതും അടിയന്തര ആവശ്യമാണെന്ന് അദ്ദേഹംപറഞ്ഞു.
എഴുമാന്തുരുത്ത് മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം; ടൂര്‍ പാക്കേജ് ആരംഭിച്ചു
ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എഴുമാന്തുരുത്തില്‍ ടൂര്‍ പാക്കേജുകള്‍ ആരംഭിച്ചു. എഴുമാന്തുരുത്ത് ടൂറിസം ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള ശിക്കാര വള്ളത്തിൽ കാന്താരി കടവില്‍ നിന്ന് തുടങ്ങി കരിയാറിലൂടെയുള്ള യാത്രയും തനതു നാടന്‍ കലാരൂപങ്ങളും നാടന്‍ ഭക്ഷണവും പരിചയ പെടുത്തുന്ന രീതിയിലാണ് ടൂറിസം പാക്കേജ് വിഭാവനം ചെയ്തിട്ടുള്ളത്. എഴുമാന്തുരുത്ത്, മുണ്ടാര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ടൂറിസം വില്ലേജുകളില്‍ സഞ്ചാരികളെ എത്തിക്കും. തനത് കലാരൂപങ്ങളുടെ അവതരണം കാണുന്നതിനും വീടുകളിൽ തയ്യാറാക്കിയ രുചിയൂറും നടൻ ഭക്ഷണം കഴിക്കുന്നതിനു മുള്ള ക്രമീകരണങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സ്വന്തമായി പാകം ചെയ്യാനും ഇവിടെ സൗകര്യമെരുക്കിയിട്ടുണ്ട്. പരമ്പരാഗത കൈത്തൊഴിലുകളായ കയര്‍ പിരിക്കല്‍, പായ നെയ്ത്ത്, കുട്ട നെയ്ത്ത്, ഓല മെടയല്‍, മീന്‍പിടുത്തം, വലയെറിയല്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. സഞ്ചാരികള്‍ക്ക് അതില്‍ പങ്കാളികളാകാനും ഗ്രാമീണ ജീവിതം അടുത്തറിയാനും സാധിക്കും
ശിക്കാരവള്ളത്തിന്റെ ആദ്യ യാത്രയുടെ ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നിര്‍വ്വഹിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം നോബി മുണ്ടക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സി ബി പ്രമോദ്, സ്ഥിരം സമിതി അധ്യക്ഷരായ ജിന്‍സി എലിസബത്ത്, ശാന്തമ്മ രമേശന്‍, കെ എസ് സുമേഷ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, ടൂറിസം പാക്കേജ് യൂണിറ്റ് പ്രതിനിധി വി.എസ്. അനില്‍ പ്രസാദ്, എഴുമാന്തുരുത്ത് ടൂറിസം ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട് ജില്ലയില്‍ നൂതന കാര്‍ഷിക വിപണന ശാക്തീകരണ പദ്ധതികള്‍
കൃഷി വകുപ്പിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നതിനും ശാക്തീകരണ ശൃംഖല ഉറപ്പാക്കുന്നതിനും ജില്ലയില്‍ നൂതന പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ അര്‍ഹരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. കണ്ടെയ്നര്‍ മോഡ് പ്രൊക്യുര്‍മെന്റ് ആന്‍ഡ് പ്രോസസിംഗ് സെന്റര്‍ (സിഎംപിസി), പഴം, പച്ചക്കറികള്‍, മറ്റു കാര്‍ഷിക വിഭവങ്ങള്‍ എന്നിവ സംഭരിച്ച്, ശീതീകരിച്ച് കേടു കൂടാതെ സൂക്ഷിച്ച് ഉല്‍പാദന മേഖലയില്‍ നിന്നും വിപണന ശൃംഖലയിലേക്ക് എത്തിക്കുന്നതിനായി ഊഷ്മാവ്/ താപ നിയന്ത്രണ സൗകര്യമുള്ള വാന്‍ വാങ്ങുന്നതിനുള്ള പദ്ധതി, കാര്‍ഷിക ഉല്‍പന്നങ്ങളായ പഴം, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗ വിളകള്‍, നാളികേരം എന്നിവയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായ പദ്ധതി, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് ധനസഹായം എന്നിവയിലാണ് അപേക്ഷ ക്ഷണിച്ചത്.
കണ്ടെയ്നര്‍ മോഡ് പ്രോക്യുമെന്റ് പ്രോസസിംഗ് സെന്റര്‍ സിസിഎംപിസി പ്രൈമറി അഗ്രി ക്രെഡിറ്റ് സൊസൈറ്റി (പിഎസി)കള്‍ക്ക് 50% നിരക്കില്‍ പരമാവധി 4.5 ലക്ഷം രൂപ ആണ് ധനസഹായം. പഴം, പച്ചക്കറികള്‍ മറ്റു കാര്‍ഷിക വിഭവങ്ങള്‍ എന്നിവ സംഭരിച്ച് ശീതികരിച്ച് കേടുകൂടാതെ സൂക്ഷിച്ച് വിപണന ശൃംഖലയിലേക്ക് എത്തിക്കുന്നതിനായി ഊഷ്മാവ് /താപ നിയന്ത്രണ സൗകര്യമുള്ള വാന്‍ വാങ്ങുന്നതിനുള്ള പദ്ധതിയില്‍ പിഎസി കള്‍ക്ക് 50% നിരക്കില്‍ പരമാവധി 4 ലക്ഷം രൂപയാണ് സബ്സിഡി. പിഎസി കള്‍ അപേക്ഷകരായി ഇല്ലാത്തപക്ഷം സ്റ്റാര്‍ട്ടപ്പുകള്‍/കുടുംബശ്രീ യൂണിറ്റുകള്‍/ഹോര്‍ട്ടികോര്‍പ്പുകള്‍ എന്നിവരെയും ഗുണഭോക്താക്കളായി പരിഗണിക്കും. കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും
എസ്.എച്ച്.ജി,എഫ്.പി.ഒ എന്നിവര്‍ക്കും പഴം, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍/നാളികേരം എന്നിവയുടെ പ്രോസസ്സിംഗ്/ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായ പദ്ധതിയില്‍ 50% ആണ് സബ്സിഡി തുക. ബാക്കി തുകയില്‍ 40% എസ്എച്ച്എം, എസ്എംഎഎം പദ്ധതികളില്‍ നിന്നും കണ്ടെത്താന്‍ വ്യവസ്ഥയുണ്ട്. മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായ പദ്ധതിയില്‍ പിഎസി/സ്റ്റാര്‍ട്ട് അപ്പുകള്‍/ എസ്എച്ച്ജി/എഫ് പി.ഒ എന്നിവക്ക് അപേക്ഷ സമര്‍പ്പിക്കാം. ആവശ്യാധിഷ്ഠിത ധനസഹായം പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായോ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
Share your comments