
പൊക്കാളി പാടശേഖരങ്ങളും തീരപ്രദേശവും ചതുപ്പുനിലങ്ങളും ഇടകലര്‍ന്നിരിക്കുന്ന ഭൂപ്രകൃതിയാണ് കോട്ടുവള്ളി ഗ്രാമപഞ്ചായത്തിന്റേത്. കൃഷി, മാലിന്യ സംസ്‌കരണം, അഴിമതി നിര്‍മാര്‍ജനം എന്നിവയാണ് പഞ്ചായത്ത് പ്രധാനമായും ഊന്നല്‍ കൊടുക്കുന്ന മേഖലകള്‍. സര്‍ക്കാര്‍ സഹായത്തോടെ ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് കെ.എസ് ഷാജി സംസാരിക്കുന്നു.
തരിശുരഹിത ഗ്രാമപഞ്ചായത്ത്
കോട്ടുവള്ളി പഞ്ചായത്തിലെ ഏറിയ പ്രദേശവും കാര്‍ഷികമേഖലയാണ്. കഴിഞ്ഞ വര്‍ഷം 35 ഹെക്ടര്‍ പൊക്കാളി കൃഷി ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം 49 ഹെക്ടറില്‍ കൃഷിയിറക്കി വിളവെടുപ്പ് നടത്താനായി. കൃഷിഭവന്റെ സഹകരണത്തോടെ പച്ചക്കറികൃഷി, ജൈവവളം ഉപയോഗിച്ചുള്ള പ്രകൃതി കൃഷി, കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി തുടങ്ങി വിവിധങ്ങളായ കൃഷി രീതികള്‍ പഞ്ചായത്തില്‍ നടത്തി വരുന്നു. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി കൃഷിയുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് പഞ്ചായത്തില്‍ നടപ്പാക്കുന്നത്.
ഉഴുന്ന് കൃഷി ചെയ്യുന്ന രീതികൾ : വിത്ത് മുളപ്പിക്കൽ , തൈ നടൽ, വിളവെടുപ്പ്, സംഭരണം
മാലിന്യമുക്തം എന്ന ലക്ഷ്യത്തിനായി ഒരുമിച്ച്
മാലിന്യ സംസ്‌കരണം എന്ന വലിയ വെല്ലുവിളി ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത് ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം എല്ലാ വാര്‍ഡുകളിലും സജീവമാക്കി. മാലിന്യ ശേഖരണത്തിനായി ഒരു മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി(എം.സി.എഫ്) പഞ്ചായത്തില്‍ സ്ഥാപിച്ചു. എല്ലാ വാര്‍ഡുകളിലും മിനി എം.സി.എഫുകള്‍ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഓരോ മാസവും അവലോകന യോഗം ചേര്‍ന്നു കൂടൂതല്‍ കുടുംബങ്ങളെയും വ്യാപാരസ്ഥാപനങ്ങളെയും ഈ പദ്ധതിയുടെ ഭാഗമാക്കി വരികയാണ്.
പ്രളയ ഷെല്‍ട്ടര്‍ ഒരുങ്ങുന്നു
കൂനമ്മാവില്‍ ഒരു കോടി രൂപയുടെ പ്രളയ ഷെല്‍ട്ടര്‍ ഒരുങ്ങുകയാണ്. പ്രളയഫണ്ടില്‍ നിന്നുള്ള തുകയാണ് ഇതിനു വേണ്ടി ചെലവഴിക്കുന്നത്.
അഴിമതിമുക്ത ഭരണം
അഴിമതി നിര്‍മാര്‍ജനം ലക്ഷ്യമിട്ട്, ഭരണത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കപ്പെട്ടിട്ടില്ല എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. തുടര്‍ വര്‍ഷങ്ങളിലും അഴിമതിമുക്ത ഭരണം എന്ന ലക്ഷ്യം മുറുകെപ്പിടിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.
കോട്ടുവള്ളി പഞ്ചായത്തില്‍ ആരംഭിച്ച സി.എഫ്.എല്‍.ടി.സിയും സാമൂഹ്യ അടുക്കളയും വളരെ സജീവമായി പ്രവര്‍ത്തിച്ചതിനാല്‍ പുറമെയുള്ള ഗ്രാമങ്ങളില്‍ നിന്നു പോലും ആളുകള്‍ ഇവിടെയെത്തിയിരുന്നു. കോവിഡ് വാക്‌സിനേഷന്റെ രണ്ട് ഡോസുകളും നൂറു ശതമാനത്തിലേക്ക് അടുത്തിരിക്കുകയാണ്.
വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍
കൃഷിക്കാണു പ്രധാനമായും അടുത്ത സാമ്പത്തിക വര്‍ഷം ഊന്നല്‍ നല്‍കുന്നത്. പൊക്കാളിയും മറ്റു കൃഷികളും പരിപോഷിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മാലിന്യ ശേഖരണം ഊര്‍ജിതമാക്കി മാലിന്യത്തില്‍ നിന്നു മൂല്യം എന്ന രീതിയിലേക്കു മാറ്റുക എന്നതാണു മറ്റൊരു ലക്ഷ്യം. സ്ത്രീ ശാക്തീകരണത്തിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുക, ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുക, കുടിവെള്ളക്ഷാമത്തിനു ശാശ്വത പരിഹാരം കാണുക എന്നിവയാണ് അടുത്ത വര്‍ഷം ഊന്നല്‍ നല്‍കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍
Share your comments