സംസ്ഥാന ക്ഷീരവികസന വകുപ്പ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മേഖലാ ക്ഷീരോത്പാദക സഹകരണയൂണിയനുകള്‍ (മില്‍മ), ക്ഷീരസംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയാണ് ക്ഷീരസാന്ത്വനം 2020.
United India Insurance Company Ltd, Life Insurance Corpn Of India എന്നിവരാണ് നടത്തിപ്പ് പങ്കാളികള്‍. ആരോഗ്യസുരക്ഷാ പോളിസി, അപകട സുരക്ഷാ പോളിസി, ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി, ഗോസുരക്ഷാ പോളിസി എന്നീ നാല് പദ്ധതികളാണ് നിലവിലുള്ളത്.
ആരോഗ്യസുരക്ഷാ പോളിസിയില്‍ കര്‍ഷകന്‍, ജീവിതപങ്കാളി, 25 വയസ്സുവരെയുള്ള മാതാപിതാക്കളുടെ പരിരക്ഷണയില്‍ കഴിയുന്ന വിവാഹം കഴിയാത്തവരോ ജോലി ലഭിക്കാത്തവരോ ആയ രണ്ട് കുട്ടികള്‍, കര്‍ഷകന്‍റെ മാതാപിതാക്കള്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്. ഒരു വര്‍ഷമാണ് കാലാവധി. ആരോഗ്യസുരക്ഷാ പദ്ധതിയില്‍ അംഗമാകുന്ന കര്‍ഷകന്‍റെ പ്രായപരിധി 80 വയസ്സുവരെയാണ്. നിലവിലുള്ള അസുഖങ്ങള്‍ക്ക് 50,000 രൂപ വരെ പരിരക്ഷ ലഭിക്കുന്നതാണ്. ആശുപത്രിയില്‍ കിടത്തിചികിത്സിക്കേണ്ടിവന്നാല്‍ മുറിവാടക, ICU ചാര്‍ജ്, ഡോക്ടര്‍/നേഴ്സ് ചാര്‍ജുകള്‍, അനസ്തേഷ്യ, രക്തം, ഓക്സിജന്‍, ലാബോറട്ടറി, എക്സറേ, സ്കാനിംഗ് മുതലായവ പോളിസി ആനുകൂല്യത്തില്‍ ലഭിക്കുന്നതാണ്. 1,00,000 രൂപ വരെയാണ് പോളിസി പരിരക്ഷ.
അപകടസുരക്ഷാ പദ്ധതി കര്‍ഷകന് മാത്രമേ ലഭിക്കുകയുള്ളൂ. കാലാവധി ഒരു വര്‍ഷമാണ്. കര്‍ഷകന്‍ അപകടം മൂലം മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ഈ പോളിസിയില്‍ പരിരക്ഷ ലഭിക്കുന്നതാണ്. അപകട മരണത്തിന് പരിരക്ഷ തുകയുടെ അമ്പത് ശതമാനവും സ്ഥിരമായ അംഗവൈകല്യങ്ങള്‍ക്ക് സം ഇന്‍ഷ്വേര്‍ഡിന്‍റെ നൂറ് ശതമാനവും ലഭിക്കുന്നതാണ്. ഭാഗികമായ അംഗവൈകല്യങ്ങള്‍ക്ക് സം ഇന്‍ഷ്വേര്‍ഡിന്‍റെ ഒരു നിശ്ചിത ശതമാനവും ലഭ്യമാവും. അപകടം മൂലം മരിക്കുകയോ സ്ഥിരമായ അംഗവൈകല്യം ഉണ്ടാവുകയോ ചെയ്താല്‍ 25 വയസ്സ് വരെയുള്ള ഈ പദ്ധതിയില്‍ പെട്ട കുട്ടികള്‍ക്ക് പഠനസഹായം ലഭ്യമാകും.
ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ കര്‍ഷകന് മാത്രമേ അംഗമാകാന്‍ സാധിക്കുകയുള്ളൂ. 18 വയസ്സ് മുതല്‍ 60 വയസ്സ് വരെ ഒരു ലക്ഷം രൂപവരെ ലഭിക്കുന്നതാണ്. കര്‍ഷകന് സ്വാഭാവിക മരണമോ അപകട മരണമോ സംഭവിക്കുകയാണെങ്കില്‍ പരിരക്ഷ തുക ലഭിക്കും. പോളിസി തുടങ്ങി ആദ്യത്തെ 45 ദിവസത്തിന് ശേഷം മാത്രമായിരിക്കും പോളിസി പരിരക്ഷ ലഭ്യമാകുക. ആത്മഹത്യ പോളിസി പരിധിയില്‍ വരുന്നതല്ല.
ഗോസുരക്ഷാ പദ്ധതിയിലൂടെ കന്നുകാലികള്‍ക്ക് പരിരക്ഷ ലഭ്യമാകും. ഒരു വര്‍ഷമാണ് കാലാവധി. പദ്ധതിയുടെ എന്‍റോള്‍മെന്‍റ് ഫോറം (Enrollment form) പൂരിപ്പിച്ച് കന്നുകാലികളുടെ ഫോട്ടോ പതിപ്പിച്ച അപേക്ഷാഫോറത്തില്‍ വെറ്ററിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടുകൂടി സമര്‍പ്പിച്ചാല്‍ മാത്രമേ പ്രീമിയം തുക അടയ്ക്കുവാനോ പദ്ധതിയില്‍ ഉള്‍പ്പെടുവാനോ യോഗ്യരാവുകയുള്ളൂ. അല്ലാത്തപക്ഷം ഗോസുരക്ഷ ഒഴികെയുള്ള പദ്ധതികളില്‍ അംഗത്വം മാത്രമേ ലഭ്യമാവുകയുള്ളൂ.
കന്നുകാലികളുടെ ഫോട്ടോ എടുക്കുമ്പോള്‍ ടാഗ് നമ്പര്‍ വ്യക്തമാകുന്ന ഒരു ഫോട്ടോയും, ടാഗ് കാണത്തക്കരീതിയിലുള്ള കന്നുകാലിയുടെ full size ഫോട്ടോയും നിര്‍ബന്ധമാണ്.
പശു ചത്തുപോകുകയാണെങ്കില്‍ നൂറ് ശതമാനം പരിരക്ഷ ലഭ്യമാകും. രോഗത്താല്‍ കറവ വറ്റുക, വന്ധ്യത എന്നിവയ്ക്ക് 75 ശതമാനം പരിരക്ഷയും ഗോമാരി, രക്തദൂഷ്യം, രക്തസ്രാവം, ആന്ത്രാക്സ്, ഫുട്ട് & മൗത്ത് എന്നീ അസുഖങ്ങള്‍ക്ക് പശുക്കള്‍ക്ക് vaccination എടുത്തിട്ടുണ്ടെങ്കില്‍ പരിരക്ഷ ലഭിക്കുന്നതാണ്. കറവമാടുകളെ മാത്രം ഇന്‍ഷൂര്‍ ചെയ്യുന്നതിന് കറവമാടുകളുടെ എന്‍ട്രോള്‍മെന്‍റ് ഫോമുകളോടൊപ്പം മെയ്ന്‍ ഫോമും പൂരിപ്പിച്ച് നല്‍കേണ്ടതാണ്. പദ്ധതിയുടെ അപേക്ഷാഫോറവും ഗോസുരക്ഷക്കുള്ള അപേക്ഷഫോറവും കന്നുകാലികളുടെ എണ്ണത്തിനനുസരിച്ച് സമര്‍പ്പിക്കേണ്ടതാണ്.
പരിരക്ഷ ആവശ്യമായ കന്നുകാലികളുടെ എണ്ണത്തിനുസരിച്ച് ഓരോ ഫോറത്തിലും കന്നുകാലികളുടെ രണ്ട് വീതം ഫോട്ടോ പതിപ്പിക്കേണ്ടതും പ്രധാന അപേക്ഷാഫോറത്തിലെ എന്‍റോള്‍മെന്‍റ് ഫോറം നമ്പര്‍, കന്നുകാലികളുടെ ഫോറത്തിലും രേഖപ്പെടുത്തേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അതത് സൊസൈറ്റികളില്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിനായി സമര്‍പ്പിക്കേണ്ടതാണ്.
കന്നുകാലി സംരക്ഷണം ; ചില കാര്‍ഷിക നാട്ടറിവുകള്‍
#krishijagran #kerala #ksheerasanthwanam #insurance #scheme #diaryfarmers
Share your comments