പട്ടികവർഗ്ഗ കോളനികളിൽ സമ്പൂർണ്ണ പാർപ്പിട ദൗത്യമേറ്റെടുത്ത് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി ചുള്ളിക്കയം ആദിവാസി കോളനിയുടെ പുനരധിവാസത്തിനായി നിർമ്മിക്കുന്ന നാല് വീടുകളുടെ തറക്കല്ലിടൽ ഇന്ന്(ഒക്ടോബർ7) നടക്കും. പട്ടിക ജാതി പട്ടിക വർഗ്ഗ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ പനക്കച്ചാൽ പീലിക്കുന്നിൽ നടക്കുന്ന ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കും.
കേരളത്തിലെ എല്ലാ ഭവന രഹിതർക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാപദ്ധതി (ലൈഫ്) യിൽ ഉൾപ്പെടുത്തിയാണ് വീടുകൾ നിർമ്മിക്കുക.
പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ സർവ്വതോന്മുഖമായ പുരോഗതി ഉറപ്പാക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ വിവിധ ഘട്ടങ്ങളിലായി ചുള്ളിക്കയം കോളനിയിലെ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങൾക്ക് പദ്ധതിയിലൂടെ 16 വീടുകൾ അനുവദിച്ചിട്ടുണ്ട്.
ചുള്ളിയകം, അകമ്പുഴ കോളനി നിവാസികളെ സ്വയം തൊഴിലിലൂടെ ജീവനോപാധി കണ്ടെത്തുന്നതിനും ചൂഷണത്തിൽ നിന്നും മോചിപ്പിക്കുന്നതിനുമായി മാറ്റി പാർപ്പിക്കുന്നതിനായി ഗതാഗതയോഗ്യമായതും ജലലഭ്യതയുള്ളതുമായ 3.67 ഏക്കർ ഭൂമി വാങ്ങി നൽകിയിട്ടുണ്ട്.
Share your comments