ഇടുക്കി: കുടുംബശ്രീ ബഡ്സ് ഉപജീവന പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന സ്‌കൂളുകളില്‍ ഒന്നാണ് പ്രിയദര്‍ശിനി. കുടുംബശ്രീ ബഡ്‌സ് ലൈവ്‌ലി ഹുഡ് പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ കുട്ടികള്‍ക്കായി കുടുംബശ്രീയില്‍ നിന്നും രണ്ടര ലക്ഷം രൂപ ചെലവഴിച്ച് ചവിട്ടി നിര്‍മ്മാണത്തിനുള്ള മെഷിന്‍ വാങ്ങിനല്‍കി. തുണി കൊണ്ട് ചവിട്ടി നിര്‍മ്മിക്കുന്നതിന് മൂന്ന് മെഷിനുകളാണ് ഇവിടെ ഉള്ളത്.
കൂടാതെ മെഷിന്‍ സഹായമില്ലാതെ തുണികളും സൂചിയും ഉപയോഗിച്ചും ചവിട്ടികള്‍ നിര്‍മ്മിക്കുന്നുണ്ട്. കുട്ടികള്‍ നിര്‍മ്മിക്കുന്ന ചവിട്ടി കുടുംബശ്രീ വില്‍പന നടത്തി ലാഭം കുട്ടികള്‍ക്ക് തന്നെ നല്‍കിവരുന്നു. കുട്ടികളെ സ്വയംപര്യാപ്തരാക്കുന്നതിന് താങ്ങും തണലുമായി അധ്യാപകരും പഞ്ചായത്ത് ഭരണസമിതിയും കുടുംബശ്രീയും ഒപ്പമുണ്ട്.
ചവിട്ടി നിര്‍മ്മാണം കൂടാതെ അച്ചാര്‍ നിര്‍മ്മാണം, പേപ്പര്‍ പേന, സോപ്പ് ഓയില്‍, സോപ്പ് പൗഡര്‍ എംപോസിംഗ് പെയിന്റ് എന്നിങ്ങനെ വൊക്കേഷണല്‍ ട്രെയിനിങ്ങുകളും ബഡ്സ് സ്‌കൂളില്‍ നല്‍കുന്നുണ്ട്. കുട നിര്‍മ്മാണ യൂണിറ്റും പ്രിയദര്‍ശിനി ബഡ്സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു. വിവിധ മേളകളില്‍ കുട്ടികളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പഞ്ചായത്ത് അവസരം ഒരുക്കുന്നു.
18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി എന്‍സിഇആര്‍ടിയുടെ കരിക്കുലം അടിസ്ഥാനമാക്കി ട്രെയിനിങ്ങും നല്‍കി വരുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും എല്ലാ മേഖലയിലും പരിശീലനം നല്‍കുന്നതിനൊപ്പം ഓരോരുത്തര്‍ക്കും താല്പര്യമുള്ള മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതായും അധ്യാപിക ഷൈബന്‍ സജി പറഞ്ഞു.
Share your comments