എറണാകുളം: കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് കോണ്‍ക്ളേവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ മെഷീനറി-ടെക് എക്സ്പോയില്‍ പങ്കെടുക്കുന്നത് മുപ്പതോളം പ്രമുഖ മെഷീനറി നിര്‍മ്മാതാക്കള്‍. ഉല്‍പാദന സേവന മേഖലകള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഉപയോഗിക്കുന്ന മെഷീനുകളും ഉപകരണങ്ങളും കുടുംബശ്രീ മെഷീനറി-ടെക് എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആധുനിക യന്ത്രോപകരണങ്ങളിലും പ്രവര്‍ത്തനരീതിയിലും സാങ്കേതിക വിദ്യയിലുമുള്ള ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ കുടുംബശ്രീ സംരംഭകര്‍ക്ക് പരിചയപ്പെടാന്‍ ഇതിലൂടെ അവസരമൊരുങ്ങി.
കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ഉല്‍പാദനം സാധ്യമാക്കുന്ന യന്ത്രങ്ങള്‍ മുതല്‍ പായ്ക്കിങ്ങ്, ലേബലിങ്ങ്, ഫ്ളോര്‍ മില്‍, ഓയില്‍ മില്‍, ഐസ്ക്രീം നിര്‍മാണം, ഈസി പേപ്പര്‍ ബാഗ് മേക്കിങ്ങ് എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് ആവശ്യമായ മെഷീനറികള്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. തൊഴില്‍ രംഗത്ത് സംരംഭകരുടെ കായികാധ്വാനം ലഘൂകരിക്കുന്നതിനും ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും സഹായകമാകുന്ന ആധുനിക യന്ത്രോപകരണങ്ങള്‍ എക്സ്പോയുടെ ആകര്‍ഷണമാണ്. കോണ്‍ക്ളേവില്‍ പങ്കെടുത്ത ആയിരത്തി അഞ്ഞൂറിലേറെ സൂക്ഷ്മസംരംഭകര എക്സ്പോ സന്ദര്‍ശിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ക്രൈംമാപ്പിംഗുമായി ജില്ലാ കുടുംബശ്രീ മിഷൻ പഞ്ചായത്തുതല ഭൂപടങ്ങൾ സൃഷ്ടിക്കും
കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തിക്കുന്ന ഒരു ലക്ഷത്തിലേറെ സൂക്ഷ്മസംരംഭങ്ങളെ മികച്ച പ്രവര്‍ത്തന നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. സംരംഭകര്‍ക്ക് ആധുനിക യന്ത്രോപകരണങ്ങളും നവീനസാങ്കേതിക വിദ്യയും അടുത്തറിയാനും പരിചയപ്പെടാനും എക്സ്പോ വഴി സാധിച്ചിട്ടുണ്ട്. ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നതിനും സംരംഭകര്‍ക്ക് മികച്ച പ്രൊഫഷണലിസം കൈവരിക്കാനും എക്സ്പോ സഹായകമാകുമെന്നാണ് പ്രതീക്ഷ.
പ്രമുഖ മെഷീനറി നിര്‍മാതാക്കള്‍, അംഗീകൃത മെഷീന്‍ വിതരണക്കാര്‍, വിവിധ ബാങ്കിങ്ങ് ധനകാര്യ സ്ഥാപനങ്ങള്‍, അവയുടെ ഏജന്‍സികള്‍ എന്നിവ എക്സ്പോയില്‍ പങ്കെടുക്കുന്നുണ്ട്. എക്സ്പോ ഇന്ന് (23-4-2023)അവസാനിക്കും.
Share your comments