തൃശ്ശൂർ: കുറഞ്ഞ വിലയിൽ എൽഇഡി ബൾബുകളും ട്യൂബ് ലൈറ്റുകളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബൾബ് നിർമ്മാണ യൂണിറ്റിന് തുടക്കമിട്ട് കുടുംബശ്രീ. ചേലക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ കുടുംബശ്രീ സംരംഭമായ ലുമിനോ എൽഇഡി ബൾബ് നിർമ്മാണ യൂണിറ്റാണ് പെൺകരുത്തിൽ ഇനി പ്രകാശം പരത്തുക. യൂണിറ്റിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: മൃഗസംരക്ഷണ മേഖലയില്‍ നൂതന കാല്‍വയ്പ്പുമായി പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍
സുജിത സി എസ്, ശ്രീരശ്മി ടി എസ്, ജിജി മോൾ, ധന്യ ടി, സുചിത്ര കെ പി തുടങ്ങി കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് സംരംഭം ആരംഭിച്ചിട്ടുള്ളത്. യൂണിറ്റിന്റെ പ്രാരംഭ പ്രവർത്തനത്തിനായി 1,50,000/- രൂപ കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ട് ഇനത്തിൽ വായ്പയായി കുടുംബശ്രീ സി.ഡി.എസ്സിൽ നിന്നും യൂണിറ്റിന് നൽകിയിട്ടുണ്ട്. എൽ ഇ ഡി ബൾബുകളും ട്യൂബ് ലൈറ്റുകളും വിതരണം ചെയ്യുന്നതിനൊപ്പം പഞ്ചായത്തുകളിലെ സ്ട്രീറ്റ് ലൈറ്റുകളുടെ വിതരണവും അറ്റക്കുറ്റപ്പണികളും ചെയ്ത് കൊടുക്കാനും സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നു.
വിവിധ വാട്ടുകളിലുള്ള എൽ ഇ ഡി ബൾബുകളും ട്യുബുകളും ഇവിടെ ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: 100 കോടി വിറ്റുവരവ് നേടി കുടുംബശ്രീ കേരള ചിക്കൻ പദ്ധതി
നിലവിൽ 500 ബൾബുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. മെറ്റീരിയലുകൾ ഇറക്കി ഘടിപ്പിച്ച് നൽകി വിപണനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കിലയിൽ നിന്നുള്ള പരിശീലകന്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്നു. പെരിഞ്ഞനം പഞ്ചായത്തിലെ എൽഇഡി നിർമ്മാണ യൂണിറ്റ് ഇവർ സന്ദർശിച്ചിരുന്നു. സ്വന്തമായി സംരംഭം എന്ന കാര്യം ആലോചിച്ചപ്പോൾ നിരവധി ആശയങ്ങൾ വന്നു. എന്നാൽ ലാഭകരമായതും വ്യത്യസ്തമായതുമായ സംരംഭം എന്ന നിലയിലാണ് എൽഇഡി നിർമ്മാണ യൂണിറ്റ് ആരംഭിച്ചതെന്ന് സംരംഭകയായ ജിജി മോൾ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസിൽ പാഴ്‌സൽ പായ്ക്കിങ്ങിനും കുടുംബശ്രീ
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെലീൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സി ഡി എസ് ചെയർപേഴ്സൺ ശോഭന തങ്കപ്പൻ, എ ഡി എസ് അംഗങ്ങളായ ശ്രുതി, സിനി, ഷാജിത, നസീമ, പ്രീന, പ്രിയംവദ, വാർഡിലെ കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Share your comments