കുടുംബശ്രീയ്ക്കായി നടത്തിയ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍
1. നൈപുണി പരിശീലനം – 5 കോടി രൂപ
20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴില്‍ കൊടുക്കുന്ന പദ്ധതിയുടെ ഭാഗമായി അഭ്യസ്ത വിദ്യര്‍ക്ക് നൈപുണി പരിശീലനം നല്‍കി ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യരാക്കേണ്ടതുണ്ട്. ഗുണഭോക്താക്കളില്‍ 75 ശതമാനം സ്ത്രീകളായിരിക്കും. താത്പര്യവും കഴിവുമുള്ള തൊഴിലില്ലാത്തവരോ ഗൃഹസ്ഥരോ ആയ സ്ത്രീകളെ പരിശീലനത്തിന് കണ്ടെത്തുന്നതിനുള്ള ചുമതല കുടുംബശ്രീയ്ക്കാണ്. ഇതിനായി പ്രത്യേക സബ് – മിഷന്‍ കുടുംബശ്രീയില്‍ ആരംഭിക്കും.
2. വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതി വിപുലീകരിക്കും
ഡിജിറ്റല്‍ എക്കണോമി എന്ന ലക്ഷ്യത്തോടെ എല്ലാ വീടുകളിലും ലാപോടോപ്പ് എത്തിക്കും. അതിനാല്‍ തന്നെ കുടുംബശ്രീ- കെ.എസ്.എഫ്.ഇ വിദ്യാശ്രീ മൈക്രോ ചിട്ടി ലാപ്ടോപ്പ് പദ്ധതി വിപുലീകരിക്കും. ചിട്ടിയില്‍ ചേരുന്നവര്‍ക്ക് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലാപ്ടോപ്പ് ലഭ്യമാക്കും. പലിശ സര്‍ക്കാര്‍ വഹിക്കും.
3. 1 ലക്ഷം സംഘകൃഷി ഗ്രൂപ്പുകള്‍ രൂപീകരിക്കും, കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പ
കാര്‍ഷിക മേഖലയില്‍ 2 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 2021-22 സാമ്പത്തികവര്‍ഷം കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം 1 ലക്ഷമാക്കും. നിലവില്‍ 70,000 സംഘങ്ങളാണുള്ളത്. ഇത് മുഖേന 3 ലക്ഷം പേര്‍ ഉപജീവനം കണ്ടെത്തുന്നു. കൂടുതല്‍ സംഘങ്ങള്‍ രൂപീകരിച്ച് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് അധികമായി തൊഴില്‍ നല്‍കും. ഈ കാര്‍ഷിക സംഘങ്ങള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പ നല്‍കും. പലിശ സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി വഹിക്കും.
4. മൈക്രോ സംരംഭങ്ങള്‍ക്ക് ജില്ലാ മിഷനുകളുടെ ഉറപ്പില്‍ ഈടില്ലാതെ വായ്പ
മൈക്രോ സംരംഭങ്ങള്‍ക്കുള്ള വായ്പാ നടപടികള്‍ ലഘൂകരിക്കുന്നതിന് പൊതുവായ സംവിധാനം ഏര്‍പ്പെടുത്തും. കുടുംബശ്രീ ജില്ലാ മിഷനുകള്‍ പരിശോധിച്ച് പരിശീലനവും മേല്‍നോട്ടവും നല്‍കി നടപ്പാക്കുന്ന സംരംഭങ്ങള്‍ക്ക് എക്രോസ് ദ കൗണ്ടര്‍ ബാങ്ക് വായ്പ ലഭ്യമാക്കും. ഈട് ആവശ്യമില്ല. തിരിച്ചടവ് ആഴ്ചതോറുമായിരിക്കും. പലിശ സബ്സിഡിയും നല്‍കും.
5. സംരംഭങ്ങളുടെ ക്ലസ്റ്റര്‍, ഷെയര്‍ നല്‍കി പുന:സംഘാടനവും
ഉത്പാദന, സേവന മേഖലകളിലുള്ള കുടുംബശ്രീയുടെ സമാന സ്വഭാവമുള്ള ഉത്പന്നങ്ങളുടെ ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ക്ലസ്റ്റര്‍ കേന്ദ്രം, മാര്‍ക്കറ്റിങ്ങിന് വേണ്ടിയുള്ള കമ്പനികള്‍ എന്നിവയില്‍ കുടുംബശ്രീ മിഷന്റെ നേരിട്ടുള്ള പങ്കാളിത്തത്തോടെ കൂടുതല്‍ ഏകീകൃത സ്വഭാവം വരുത്തും. മാരി ക്ലസ്റ്റര്‍ പോലെയുള്ളവയ്ക്ക് നല്‍കിയ വായ്പയും ഗ്രാന്റും ഷെയറാക്കി മാറ്റി പുന:സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കുമാരുമായി ബന്ധപ്പെട്ട സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ ഫെഡ്, പോലീസ് ക്യാന്റീന്‍, സഹകരണ വിപണനശാലകള്‍ തുടങ്ങിയവയുടെ വിറ്റുവരവിന്റെ 10 ശതമാനമെങ്കിലും ഈ ക്ലസ്റ്ററുകളില്‍ നിന്നുള്‍പ്പെടെ വാങ്ങേണ്ടതാണ്.
6. കുടുംബശ്രീ നൈപുണി പരിശീലനം നേടുന്നവര്‍ക്ക് തൊഴിലിനുള്ള പ്രത്യേക സ്‌കീം, എറൈസ് മള്‍ട്ടി ടാസ്‌ക് ടീമുകള്‍ വ്യാപകമാക്കും
കുടുംബശ്രീ വഴി നൈപുണി പോഷണ പരിശീലനം നേടുന്നവര്‍ക്ക് സ്വയംതൊഴില്‍, വേതനാധിഷ്ഠിത തൊഴിലിന് പ്രത്യേക സ്‌കീമുകള്‍ തയ്യാറാക്കും. എറൈസ് പദ്ധതിയുടെ ഭാഗമായുള്ള മള്‍ട്ടി ടാസ്‌ക് ടീമുകള്‍ (പ്ലംബര്‍, കാര്‍പ്പെന്റര്‍, ഇലക്ട്രീഷ്യന്‍, മേസണ്‍, ഗാര്‍ഹികോപകരണങ്ങളുടെ റിപ്പയര്‍ തുടങ്ങിയവയില്‍ പരിശീലനം നേടിയവരുള്‍പ്പെട്ട ടീമുകള്‍) എല്ലാ ബ്ലോക്കിലും മുനിസിപ്പാലിറ്റയിലും ഒന്നോ അതിലധികമോ വീതം സംരംഭ മാതൃകയില്‍ രൂപീകരിക്കും. കോവിഡ് ഡിസിന്‍ഫെക്ടന്റ് ടീമുകള്‍, കെട്ടിട നിര്‍മ്മാണ സംഘങ്ങള്‍ തുടങ്ങിയവയുടെ എണ്ണം വര്‍ദ്ധിപ്പിക്കും.
7. ജനകീയ ഹോട്ടലുകള്‍, പച്ചക്കറി വിപണനശാലകള്‍, ഹോം ഷോപ്പുകള്‍ എന്നിവ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും
കുടുംബശ്രീയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനകീയ ഹോട്ടലുകള്‍, ഹോംഷോപ്പുകള്‍, പച്ചക്കറി വിപണനശാലകള്‍ എന്നിവയെല്ലാം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉറപ്പുവരുത്തും.
8. കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകള്‍
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കയര്‍ ആന്‍ഡ് ക്രാഫ്റ്റ് സ്റ്റോറുകളുടെ ശൃംഖല കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കും. കേരളത്തിലെ പരമ്പരാഗത തൊഴിലാളികളുടെ ഉത്പന്നങ്ങളായ കയര്‍, കളിമണ്‍പാത്രങ്ങള്‍, കൈത്തറി ഫര്‍ണിഷിങ്, പനമ്പ്, കെട്ടുവള്ളി തുടങ്ങിയ എല്ലാവിധ ഉത്പന്നങ്ങളും ലഭ്യമാകും. ഇവ കുടുംബശ്രീ ഹോംഷോപ്പി കേന്ദ്രങ്ങളുമായും വര്‍ത്തിക്കും. 1 സ്റ്റാളിന് 5 ലക്ഷം രൂപ വീതം പലിശരഹിത വായ്പ നല്‍കും.
9. കേവല ദാരിദ്ര്യം തുടച്ചുനീക്കാന്‍ കുടുംബശ്രീ മുഖേന മൈക്രോ പ്ലാനുകള്‍
പരമദരിദ്രരായ 4 മുതല്‍ 5 ലക്ഷം വരെ കുടുംബങ്ങളെ കൃത്യമായി കണ്ടെത്തി പട്ടികപ്പെടുത്തുന്നതിന് ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനതലത്തില്‍ സര്‍വ്വേ നടത്തി കണ്ടെത്തും. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടവരില്‍ അര്‍ഹതയുള്ളവരെയും കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും നോമിനേറ്റ് ചെയ്യുന്ന പുതിയ കുടുംബങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്കായി കുടുംബശ്രീ ആലപ്പുഴയില്‍ നടപ്പിലാക്കിയ പി.കെ. കാളന്‍ പദ്ധതിയുടെ മാതൃകയില്‍ മൈക്രോ പ്ലാനുകള്‍ തയ്യാറാക്കുകയും കുടുംബശ്രീ മുഖേന നടപ്പിലാക്കുകയും ചെയ്യും.
10. വയനാട് കാപ്പി ബ്രാന്‍ഡ് ഓഫീസ് വെന്റിങ് മെഷീനുകളും കിയോസ്‌കുകളും- 20 കോടി രൂപ
‘വയനാട് കാപ്പി’ ഓഫീസ് വെന്റിങ് മെഷീനുകളും കിയോസ്‌കുകളും യഥാക്രമം 500, 100 എണ്ണം വീതം കുടുംബശ്രീ മുഖേന ഏപ്രില്‍ മാസത്തിനുള്ളില്‍ ആരംഭിക്കും. ഇതിനായി 20 കോടി രൂപയും അനുവദിച്ചു.
11. കുടുംബശ്രീയില്‍ ഇന്‍ഷ്വറന്‍സ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
സംസ്ഥാന ഇന്‍ഷ്വറന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പുന:സംഘടനാ വര്‍ഷമാണ് 2021-22. ഇതിന് കുടുംബശ്രീ, സഹകരണ സംഘങ്ങള്‍, തൊഴിലുറപ്പ്, ക്ഷേമനിധികള്‍ തുടങ്ങി സര്‍ക്കാരുമായി ബന്ധപ്പെട്ട മേഖലകളില്‍ ഇന്‍ഷ്വറന്‍സ് പ്രവര്‍ത്തനം വ്യാപിപ്പിക്കും.
12. സ്മാര്‍ട്ട് കിച്ചണ്‍
സ്ത്രീകളുടെ തൊഴില്‍ ഇരട്ടി ഭാരം ലഘൂകരിക്കുന്നതിനായി വീട്ടുപണികളില്‍ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുളള പദ്ധതിയാണ് സ്മാര്‍ട്ട് കിച്ചണ്‍. യന്ത്ര ഗാര്‍ഹികോപകരണങ്ങള്‍ വാങ്ങുന്നതിന് കെ.എസ്.എഫ്.ഇ സ്മാര്‍ട്ട് കിച്ചണ്‍ ചിട്ടികള്‍ ആരംഭിക്കും. പലിശ മൂന്നിലൊന്ന് വീതം ഗുണഭോക്താവ്, തദ്ദേശ സ്ഥാപനം, സര്‍ക്കാര്‍ എന്നിവര്‍ പങ്കിടും. കുടുംബശ്രീ വഴിയാണെങ്കില്‍ ഈട് നല്‍കാതെ തന്നെ വായ്പ ലഭിക്കും.
13. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ മാപ്പിങ് – 20 കോടി
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ 5 വര്‍ഷം കൊണ്ട് 25 ശതമാനം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് എല്ലാ തദ്ദേശ സ്ഥാപനങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ മാപ്പിങ് നടത്തും. കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തും. ചോദ്യാവലി അടിസ്ഥാനമാക്കിയുള്ള വിവരശേഖരണം രഹസ്യസ്വഭാവത്തോടെ നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ അതിക്രമങ്ങള്‍ കുറയ്ക്കാനുള്ള പ്രോജക്ടുകള്‍ വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി 20 കോടി രൂപയും അധികമായി അനുവദിച്ചു.
14. സ്നേഹിതയ്ക്ക് 7 കോടി
സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 7 കോടി രൂപ പ്രത്യേകമായി വകയിരുത്തി.
15. യുവതികള്‍ക്ക് അംഗത്വമേകാന്‍ ഓക്സിലറി യൂണിറ്റുകള്‍
കുടുംബശ്രീയില്‍ യുവതികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതിനായി ഓക്സിലറി യൂണിറ്റുകള്‍ ആരംഭിക്കും. നിലവില്‍ 45 ലക്ഷം പേരാണ് കുടുംബശ്രീയുടെ ഭാഗമായുള്ളത്. അടുത്ത സാമ്പത്തികവര്‍ഷം ഈ പദ്ധതി നടപ്പിലാക്കുന്നതോടെ അംഗങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കും.
16. സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്ക് ഓണറേറിയത്തില്‍ വര്‍ധനവ്
സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരുടെ ഓണറേറിയം 8000 രൂപയായി വര്‍ധിപ്പിച്ചു.
17. സിഡിഎസ് അംഗങ്ങള്‍ക്കെല്ലാവര്‍ക്കും ഇതാദ്യമായി യാത്രാബത്ത
സി.ഡി.എസ് അംഗങ്ങള്‍ക്കെല്ലാവര്‍ക്കും പ്രതിമാസം 500 രൂപ വീതം ടി.എ അനുവദിച്ചു.
18. 250 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടി ബഡ്സ് സ്‌കൂളുകള്‍
കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ബഡ്സ് സ്ഥാപനങ്ങള്‍ നിലവില്‍ 342 എണ്ണമാണുള്ളത്. 250 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടി 21-22 സാമ്പത്തികവര്‍ഷത്തില്‍ ബഡ്സ് സ്ഥാപനങ്ങള്‍ ആരംഭിക്കും. കൂടുതല്‍ കൗണ്‍സിലേഴ്സിനെ നിയമിക്കും. കൂടുതല്‍ അധ്യാപകര്‍ക്ക് പരിശീലനവും നല്‍കും.
19. എല്ലാ വാര്‍ഡുകളിലും വയോ ക്ലബ്ബുകള്‍
എല്ലാ വാര്‍ഡുകളിലും വയോ ക്ലബ്ബുകള്‍ സ്ഥാപിക്കും. വയോജന അയല്‍ക്കൂട്ടങ്ങള്‍ ഈ കേന്ദ്രങ്ങളുമായി ചേര്‍ന്നാകും പ്രവര്‍ത്തിക്കുക.
20. റീബില്‍ഡ് കേരള
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിനായി 46.87 കോടി രൂപ അധികമായി അനുവദിച്ചു. കേരള ചിക്കന്‍, എഗ് വാല്യു ചെയിന്‍, സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോജക്ട് എന്നിവയ്ക്കായാണ് തുക വകയിരുത്തിയിരിക്കുന്നത്.
Share your comments