ലേണേഴ്‌സ് ഡ്രൈവിങ് ലൈസൻസ് പാഠങ്ങൾ ഓൺലൈനിലേക്ക്. ഓൺലൈൻ വീഡിയോ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇനി ചോദ്യങ്ങൾ. അപേക്ഷ നൽകി ഏഴുദിവസത്തിനകം ഓൺലൈൻ വീഡിയോ കാണണം.
അപേക്ഷകർക്ക് നൽകുന്ന പ്രത്യേക ഐ.ഡി.യിൽ ഉപയോഗിച്ചാൽ വീഡിയോ കാണാം. ഇതിനുശേഷം ഏഴുദിവസത്തിനകം ഓൺലൈനിൽ പരീക്ഷ എഴുതണം. ട്രാഫിക് സിഗ്‌നൽ പരിചയം, സുരക്ഷിത ഡ്രൈവിങ്, ഡ്രൈവറുടെ ചുമതലകൾ സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളായിരിക്കും ഉണ്ടാവുക. 60 ശതമാനം മാർക്ക് നേടുന്നവർക്ക് ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാം.
പുതിയ സംവിധാനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഡ്രൈവിങ് ലൈസൻസ് വിതരണ സംവിധാനമായ ‘സാരഥി’യിൽ മാറ്റം വരുത്തിയാലുടൻ പുതിയ ക്രമീകരണം നടപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു.
മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ നടത്തുന്ന ലേണേഴ്‌സ് പരീക്ഷയും ട്രാഫിക് ബോധവത്കരണ ക്ലാസും കോവിഡ് വ്യാപനത്തെത്തുടർന്ന് അടുത്തയിടെ നിർത്തലാക്കിയിരുന്നു. ഇതിന് പകരമാണ് ഓൺലൈൻ സംവിധാനം. കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നവർക്ക് ലേണേഴ്‌സ് ലൈസൻസ് പരീക്ഷ ഒഴിവാക്കിയിട്ടുണ്ട്.
അംഗീകൃത ഡ്രൈവർ ട്രെയിനിങ് സെന്ററുകളിൽ പഠിക്കുന്നവർക്ക് ലേണേഴ്‌സ് ലൈസൻസ് ആവശ്യമില്ലെന്നും ഉത്തരവിൽ പറയുന്നു. ഇ-റിക്ഷ ഓടിക്കാൻ പത്തുദിവസത്തെ പ്രത്യേക പരിശീലനവും നിർബന്ധമാക്കി. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ലൈസൻസിന് അപേക്ഷിക്കാനാകൂ. വാഹനങ്ങളിൽ രൂപമാറ്റംവരുത്താനും ഓൺലൈനിൽ അപേക്ഷിക്കാം.
വാഹനനിർമാതാവ്, ഷോറൂമുകൾ, അംഗീകൃത വർക്ക്ഷോപ്പുകൾ എന്നിവിടങ്ങളിലാണ് രൂപമാറ്റത്തിന് അനുമതിയുള്ളത്.
Share your comments