
ചായകൾ പല പേരുകളിൽ പല രൂപത്തിൽ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കാറുണ്ട്. കട്ടൻ ചായയും, കട്ടൻ കാപ്പിയും കടന്ന് ഇപ്പോൾ ഹെർബൽ ടീ വരെ എത്തിനിൽക്കുന്നതാണ് പുതിയ ചായ വിശേഷം. സുലഭമായി നമ്മുടെ നാട്ടിൻ പുറങ്ങളിൽ പോലും കാണപ്പെടുന്ന ചെമ്പരത്തികൊണ്ടും ആരോഗ്യപ്രദമായ ചായ കുടിക്കാം. ലോകത്തിൽ ഏറ്റവും വിലപിടിപ്പുള്ള തേയില കൊണ്ട് നിർമ്മിക്കുന്ന ഡ-ഹോങ് പാവോ ചായയാണ് കൂട്ടത്തിലെ കേമൻ. ചൈനയിലാണ് ഈ തേയില ഉൽപ്പാദിപ്പിക്കുന്നത്. തലവേദനക്കും ഉറക്കക്ഷീണമകറ്റാനും ചായയെ ആശ്രയിക്കുന്നവരാണ് നമ്മിൽ പലരും. കടുപ്പമുള്ളത്, കടുപ്പം കുറവ്, കട്ടൻ ചായ , പാൽ ചായ തുടങ്ങി പലരുടെയും ഇഷ്ടങ്ങൾ പലതാണ്. മാനസികമായ ഉന്മേഷത്തിനും ശാരീരിക ഊർജ്ജത്തിനും ചായ കുടിയ്ക്കുന്നവർ അനവധിയാണ്. ചായ ഒരു ദിനചര്യയുടെ ഭാഗമായി കുടിക്കുന്നവരാണ് നമ്മിളിൽ ഏറെ പേരും.
ഹെർബൽ ചായകൾ ആരോഗ്യദായകമാണ് അവ ശരീരത്തിന് ഒട്ടും ദോഷം ചെയ്യുന്നില്ലെന്നു മാത്രമല്ല ഗുണകരവുമാണ്.മെച്ചപ്പെട്ട ദഹനത്തിനും, ശരീരഭാരം കുറക്കാനും, ഉറക്കത്തിനും ഇനി ഹെർബൽ ചായകളെ ആശ്രയിക്കാം.വീട്ടിലുള്ളതും പരിസരത്തിൽ നിന്നും ലഭിക്കുന്നതുമായ പ്രകൃതിദത്ത വസ്തുക്കൾ കൊണ്ട് ചായ നിർമ്മിക്കാം. പ്രയാസമേതുമില്ലാതെ നമ്മുടെ അടുക്കളയിൽ നിന്നും തന്നെ ചായ കുടിക്കാം.

ഇഞ്ചി ചായ
ഇഞ്ചി ദഹനപ്രശ്നങ്ങൾ ശമിപ്പിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. ഇഞ്ചിക്കൊണ്ട് തന്നെ ഉന്മേഷദായകമായ ചായ നിർമ്മിക്കാം. ധാരാളം ആൻ്റിഓക്സിഡെൻ്റുകളും വിറ്റാമിനുകളും മിനറലുകളും നിറഞ്ഞ ഇഞ്ചി രോഗ പ്രതിരോധ സംവിധാനങ്ങളെ ശക്തിപെടുത്താൻ സഹായിക്കുന്നു. ഹൈപ്പർടെൻഷൻ സാധ്യത കുറക്കാനും, ആർത്തവ പ്രശ്നങ്ങളെ അകറ്റിനിർത്താനും ആൻറി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നിതിനും രക്തത്തിലെ പഞ്ചസാര നില കുറയ്ക്കുന്നതിനും സഹായകരമാണ്. ഇത് പാല് ചേർത്തോ അല്ലാതെയോ കഴിക്കാവുന്നതാണ്.

ഗ്രീൻ ടീ
ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും പലരും ആശ്രയിക്കുന്ന ഒന്നാണ് ഗ്രീൻ ടീ.അമിതമായി പ്രോസസ്സിംഗ് നടക്കുന്നില്ല എന്നതിനാൽ സാധാരണയായി ഉപയോഗിക്കുന്ന ചായ പൊടിയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇത്.ഗ്രീൻ ടീയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകളും ബയോ ആക്റ്റീവ് സംയുക്തങ്ങളും ഉണ്ടെന്നാണ് പല പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത്. തലച്ചോറിൻ്റെ പ്രവർത്തനം, ഹൃദയാരോഗ്യം, പ്രമേഹം എന്നിവ നിയന്ത്രിച്ചു നിലനിർത്തുന്നതിനും പലതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായിക്കുന്നു.ഇത് ടൈപ്പ്-2 പ്രമേഹ രോഗികൾക്ക് വളരെ ഗുണം ചെയ്യും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും.എന്നാൽ ഗ്രീന്‍ ടീ ഉപഭോഗം പ്രതിദിനം രണ്ട് കപ്പ് മാത്രമായി പരിമിതപ്പെടുത്താന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നിങ്ങള്‍ സ്ഥിരം ഗ്രീന്‍ ടീ കുടിക്കുന്നയാളാണെങ്കില്‍, പ്രതിദിനം 5 കപ്പില്‍ കൂടരുത്. നിങ്ങള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഗ്രീന്‍ ടീ ശരീരത്തില്‍ എത്തിയാല്‍ അത് അനാരോഗ്യത്തിലേക്ക് നയിക്കാം.

ചാമോമൈൽ ടീ
ഔഷധസസ്യം എന്ന നിലയിലും അലങ്കാരസസ്യം എന്ന നിലയിലും ഏറെ പ്രശസ്തമാണ് ഈ ചെടി. ഇതിൽ നിന്നാണ് ചാമോമൈൽ ചായ ഉണ്ടാക്കുന്നത്.മുഗൾ ചക്രവർത്തിമാരുടെ ഭരണകാലത്ത് ഈ സസ്യം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഡെയ്സി കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ പൂവുകൾ വളരെ മനോഹരമാണ്.
നിലവിൽ രാജ്യത്തിൻ്റെ വടക്കൻ ഭാഗങ്ങളിൽ ഇത് വളരുന്നു. ഈ ചെടിയുടെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മാതാവ് ഹംഗറിയാണ്.ജലദോഷത്തിൻ്റെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ ചമോമൈൽ ചായ കഴിക്കാം. പൂക്കൾ വെള്ളത്തിലിട്ട് തിളപ്പിച്ച് ആവി ശ്വസിക്കുക എന്നതാണ് ജലദോഷത്തിൽ നിന്നുംരക്ഷ നേടാനുള്ള വഴി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും കരൾ ഗ്ലൈക്കോജൻ്റെ സംഭരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവും പ്രമേഹ സങ്കീർണതകളും കുറയ്ക്കാൻ ചമോമൈൽ സഹായിക്കുന്നുണ്ട്.

ബ്ലൂ ടീ
കഫീൻ ഇല്ലാത്ത ഹെർബൽ ടീ ആണ് ബ്ലൂ ടീ അഥവാ ശംഖുപുഷ്പം ഉപയോഗിച്ചുണ്ടാക്കുന്ന ചായ. ചുമ, ജലദോഷം, ആസ്മ ഇവയിൽ നിന്നെല്ലാം ആശ്വാസമേകാനും ശ്വാസകോശത്തിൽ നിന്നും കഫം ഇല്ലാതാക്കാനും ഉത്കണ്ഠയും വിഷാദവും ഇല്ലാതാക്കാനും ഓർമശക്തി മെച്ചപ്പെടുത്താനും,രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.നീല ചായയിൽ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. പ്രൊ ആൻന്തൊ സയനിഡിസ് എന്നറിയപ്പെടുന്ന ഇവ കോശങ്ങൾ കേടാവുന്നത് തടയുകയും കേടുവന്ന കോശങ്ങൾ നന്നാക്കുകയും ചെയ്യുന്നു. അകാല വാർദ്ധക്യം തടയുന്നു.ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയ ഈ നീലപ്പൂക്കൾക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. രോഗപ്രതിരോധ ശക്തി വർദ്ധിപ്പിയ്ക്കാനും അനുയോജ്യമാണ്.

ലെമൺ ടീ
ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഏറ്റവും ഉപകാരമുള്ള ഒന്നാണ് നാരങ്ങ. ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്സിഡൻ്റുകള്‍ ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു പോലെ ലെമണ്‍ ടീ മികച്ച ഗുണം നല്‍കുന്നു. ഒരു കപ്പ് തിളച്ച വെള്ളത്തിൽ ചായപ്പൊടിയും പുതിനയിലയും ചേർത്ത് അടച്ചു വയ്‌ക്കുക. ഇത് അരിച്ചെടുത്ത് നാരങ്ങ ചേർത്ത് പഞ്ചസാര ചേർത്തോ അല്ലാതെയോ കുടിക്കാം.
Share your comments