1. മുൻകൂർ പണമടച്ച ഗ്യാസിന് കൂടിയ വില ഈടാക്കരുതെന്ന് നിർദേശം. ഓൺലൈനിലൂടെ പണമടച്ച് ബുക്ക് ചെയ്യുന്ന പാചക വാതക സിലിണ്ടറുകൾക്ക് വില കൂടിയാലും അധിക തുക ഈടാക്കരുതെന്ന് തൃശൂർ ജില്ല എൽപിജി ഓപൺ ഫോറം അറിയിച്ചു. മുഴുവൻ തുകയും അടച്ച് ഗ്യാസ് ബുക്ക് ചെയ്താലും നാലോ അഞ്ചോ ദിവസത്തിന് ശേഷമാണ് ഏജൻസികൾ സിലിണ്ടർ എത്തിക്കുന്നത്. ഓൺലൈനിൽ ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ ബിൽ ലഭിക്കും. എന്നാൽ ഇതിനിടയ്ക്ക് വില കൂടിയാൽ ബിൽ റദ്ദാക്കി കൂടിയ തുക ഉപഭോക്താവിൽ നിന്നും ഏജൻസികൾ ഈടാക്കുകയും ചെയ്യും. ഇത് തുടരുന്ന സാഹചര്യത്തിൽ ജില്ല ഉപഭോക്തൃ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: Rice Storage: കേരളത്തിൽ നെല്ല് സംഭരണം ഇന്ന് മുതൽ...കൂടുതൽ കൃഷിവാർത്തകൾ
2. തുടർച്ചയായി ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി കുടുംബശ്രീ മുന്നേറുന്നു. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം രാജ്കോട്ടിൽ സംഘടിപ്പിച്ച ഇന്ത്യൻ അർബൻ ഹൗസിംഗ് കോൺക്ലേവ് 2022ൽ മികച്ച സ്റ്റാളിനുള്ള പുരസ്കാരം കുടുംബശ്രീ നേടി. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് പുരസ്കാരം ഏറ്റുവാങ്ങി. പിഎംഎവൈ അർബൻ രംഗത്തെ മികച്ച ഇടപെടലിനുള്ള രണ്ട് പുരസ്കാരങ്ങൾ കുടുംബശ്രീ ഏറ്റുവാങ്ങിയിരുന്നു. ഉപജീവന പദ്ധതികളുള്‍പ്പെടെ ഏറ്റവും മികച്ച സംയോജന മാതൃകയ്ക്കുള്ള പ്രത്യേക പുരസ്‌കാരവും ഏറ്റവും മികച്ച സമൂഹ്യാധിഷ്ടിത പ്രോജക്ടിനുള്ള പുരസ്‌കാരവുമാണ് കുടുംബശ്രീയിലൂടെ കേരളം ഇതിനുമുമ്പ് നേടിയിരുന്നു. കേരളത്തിലെ ഉപജീവന പദ്ധതികളുടെ നോഡല്‍ ഏജന്‍സിയാണ് കുടുംബശ്രീ.
3. 10 സെന്റിൽ നിന്ന് 500 കിലോ ഇഞ്ചി വിളവെടുത്ത് ശ്രദ്ധനേടി കുളത്തൂർ ഗ്രാമപഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധതിയ്ക്ക് കീഴില്‍ കുളത്തൂരിൽ നടപ്പിലാക്കിയ ഇഞ്ചി ഗ്രാമം പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണമാണ് വന്‍ വിജയം നേടിയത്. കൃഷിയിടങ്ങള്‍ക്ക് പുറമേ വീടുകളുടെ പരിസരങ്ങളിലും ഇഞ്ചി കൃഷി പ്രോത്സാഹിപ്പിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ഓരോ ഗുണഭോക്താവിനും അഞ്ച് കിലോ ഇഞ്ചി വിത്തുകള്‍ വിതരണം ചെയ്തിരുന്നു. വിതരണം ചെയ്ത വിത്തുകളുടെ പരിപാലനം യഥാസമയം കൃഷിഭവനുകള്‍ വിലയിരുത്തുകയും ചെയ്തു. ഇഞ്ചി കൃഷി ചെയ്യാന്‍ സ്ഥലപരിമിതിയുള്ളവര്‍ ഗ്രോബാഗുകളിലും ചെടിച്ചട്ടിയിലുമാണ് കൃഷി ചെയ്തത്. ഓരോ ഗ്രോബാഗുകളില്‍ നിന്നും രണ്ട് കിലോയോളം ഇഞ്ചിയാണ് ലഭിച്ചത്. ജില്ലയുടെ കാർഷിക ഉൽപാദന മേഖലക്ക് തന്നെ വലിയ പ്രചോദനമായി മാറിയിരിക്കുകയാണ് കുളത്തൂർ.
4. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി അഞ്ചരക്കണ്ടി മാമ്പ വയലിൽ നെൽകൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. എല്ലാവരും കൃഷിക്കാരാവുക, എല്ലായിടവും കൃഷിയിടം ആക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചരക്കണ്ടി കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം നടന്നത്.
5. മലപ്പുറം ജില്ലയിലെ കൃഷിഭവനുകളിലും കൃഷി അസി.ഡയറക്ടര്‍ ഓഫീസിലും ഇന്‍സെന്റീവോടെ ഇന്റേണ്‍ഷിപ്പ് ചെയ്യാൻ അവസരം. 18 നും 41 വയസിനും ഇടയിൽ പ്രായമുള്ളവർ ഈ മാസം 30ന് മുമ്പ് ബ്ലോക്കുതലത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷി അസി.ഡയറക്ടര്‍ ഓഫീസില്‍ അപേക്ഷ നൽകണം. വി.എച്ച്.എസ്.സി (അഗ്രികള്‍ച്ചർ) സര്‍ട്ടിഫിക്കറ്റ്, അഗ്രികള്‍ച്ചര്‍ / ജൈവകൃഷി എന്നിവയില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷകരുടെ കൈവശം ഉണ്ടായിരിക്കണം. ഇന്റര്‍വ്യൂ വഴിയാണ് തെരഞ്ഞെടുക്കുന്നത്. കൃഷി ഭവനുകളിലും കൃഷി അസി. ഡയറക്ടര്‍ ഓഫീസിലും അപേക്ഷ ലഭ്യമാണ്.
6. എറണാകുളം എടയ്ക്കാട്ടുവയൽ തഴയപ്പാടത്ത് കൊയ്ത്തുത്സവം സംഘടിപ്പിച്ചു. തഴയപ്പാടം നെൽകൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 10 ഏക്കർ പാടത്ത് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് വാർഡ് മെമ്പർ ബീന രാജനും കൃഷി ഓഫീസർ ഡവ്ലിൻ പീറ്റേഴ്സും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് എത്തുക, എല്ലായിടവും കൃഷിയിടമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നെൽകൃഷി ആരംഭിച്ചത്. ഒരുപ്പൂ കൃഷി മാത്രം ചെയ്തിരുന്ന പാടത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഇരുപ്പൂ ആയി 8 ഇനം നെല്ലാണ് ഇത്തവണ കൃഷി ചെയ്തത്.
7. കോഴിക്കോട് വില്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് അനുമതി ലഭിച്ചു. തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലായി പദ്ധതി നടപ്പിലാക്കും. ഈ വര്‍ഷം 25.67 ലക്ഷം രൂപയും അടുത്തവര്‍ഷം 20 ലക്ഷം രൂപയും മൂന്നാം വര്‍ഷം ആറ് ലക്ഷം രൂപയുമാണ് പദ്ധതിയ്ക്കായി അനുവദിക്കുക. പഞ്ചായത്തില്‍ രൂപീകരിക്കുന്ന കേരസമിതി മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. തെങ്ങിന്‍തൈ വിതരണം, തെങ്ങിന് തടം തുറക്കാന്‍ സഹായം, സബ്‌സിഡി നിരക്കില്‍ രാസവളം, ജൈവവളം എന്നിവ നല്‍കല്‍, പമ്പ് സെറ്റ് അടക്കമുള്ള ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കല്‍, രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തൈകള്‍ നടല്‍, തെങ്ങുകയറ്റത്തിനുള്ള യന്ത്രങ്ങള്‍ നല്‍കല്‍, ഇടവിള കൃഷിക്കാവശ്യമായ സഹായങ്ങള്‍ നല്‍കല്‍ തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കുക.
8. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മാന്നാർ പഞ്ചായത്തിൽ ആരംഭിച്ച ഇടവിളക്യഷി വിളവെടുത്തു. മാന്നാർ പഞ്ചായത്ത് പതിനാറാം വാർഡ് പ്രസിഡന്റ് ടി.വി രത്നകുമാരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ധനലക്ഷ്മി കുടുംബശ്രീ അംഗങ്ങൾ ചേർന്ന് ഒന്നര എക്കർ സ്ഥലത്താണ് ചേന, വെട്ടുചേമ്പ്, ചെറു ചേമ്പ് എന്നിവ കൃഷി ചെയ്തത്.
9. കൊല്ലം ജില്ലയിൽ താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്തു. മുൻനിര പ്രദർശന തോട്ടത്തിന്റെ ഭാഗമായാണ് തിരഞ്ഞെടുക്കപ്പെട്ട നാല് കർഷകർക്ക് ബ്രോയിലർ താറാവിനമായ വിഗോവ സൂപ്പർ എം ഇനത്തിൽപ്പെട്ട കുഞ്ഞുങ്ങളെ നൽകിയത്. മൃഗസംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊല്ലം കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിപാടി നടന്നത്. തിരുവല്ലയിലെ താറാവ് വളർത്തൽ കേന്ദ്രത്തിൽ നിന്നാണ് താറാവ് കുഞ്ഞുങ്ങളെ എത്തിച്ചത്. കൊല്ലം കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. ബിനി സാം വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
10. ഒമാനിൽ പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി. മറൈൻ സയൻസ് ആൻഡ് ഫിഷറീസ് സെന്റർ നടത്തുന്ന സർവേയുടെ ഭാഗമായാണ് മത്സ്യത്തെ കണ്ടെത്തിയത്. ഒഫിഡിഡേ കുടുംബത്തിൽ പെട്ട പുഡ്ജി കസ്ക്-ഈൽ ഇനം മത്സ്യത്തെ മുസന്ദം ഗവർണറേറ്റിലെ കംസാർ പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്. 2000 മുതൽ 3000 മീറ്റർ വരെ ആഴത്തിൽ സമുദ്രത്തിന്റെ അടിത്തട്ടിലാണ് ഇതിൻറെ വാസം.
11. കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ മാസം 25 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദമാണ് മഴ ശക്തമാകാൻ കാരണം. ലക്ഷദ്വീപ് തീരത്ത് ഈ മാസം 23 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
Share your comments