<
  1. News

സ്തനാർബുദം കണ്ടെത്തുന്നതിന് ജില്ലാ,താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം

സ്തനാർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാൻസർ സെന്ററുകൾക്കും പ്രധാന മെഡിക്കൽ കോളേജുകൾക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം മെഷീനുകൾ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

Meera Sandeep
സ്തനാർബുദം കണ്ടെത്തുന്നതിന് ജില്ലാ, താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം
സ്തനാർബുദം കണ്ടെത്തുന്നതിന് ജില്ലാ, താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം

തിരുവനന്തപുരം: സ്തനാർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാൻസർ സെന്ററുകൾക്കും പ്രധാന മെഡിക്കൽ കോളേജുകൾക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം മെഷീനുകൾ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2.4 കോടി രൂപ ചെലവഴിച്ച് കെ.എം.എസ്.സി.എൽ. വഴി 8 ആശുപത്രികളിലാണ് ആദ്യ ഘട്ടത്തിൽ മാമോഗ്രാം സ്ഥാപിക്കുന്നത്.

ആലപ്പുഴ ജനറൽ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, പാല ജനറൽ ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, അടിമാലി താലൂക്കാശുപത്രി, നല്ലൂർനാട് ട്രൈബൽ ആശുപത്രി എന്നിവിടങ്ങളിലാണ് മാമോഗ്രാം അനുവദിച്ചിട്ടുള്ളത്. ഇതിൽ 5 ആശുപത്രികളിൽ മാമോഗ്രാം മെഷീനുകൾ എത്തിയിട്ടുണ്ട്. ബാക്കിയുള്ള 3 ആശുപത്രികളിൽ കൂടി ഉടൻ എത്തുന്നതാണ്. സമയബന്ധിതമായി മെഷീനുകൾ ഇൻസ്റ്റാൾ ചെയ്ത് പരിശോധനകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആർദ്രം മിഷന്റെ ഭാഗമായി സമഗ്ര കാൻസർ കെയർ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. കാൻസർ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ആർദ്രം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്‌ക്രീൻ ചെയ്തു വരുന്നു. ആകെ 1.53 കോടിയിലധികം പേരെ സ്‌ക്രീൻ ചെയ്തതിൽ 7.9 ലക്ഷത്തിലധികം പേർക്കാണ് സ്തനാർബുദ സാധ്യത കണ്ടെത്തിയത്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി രോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ ഉറപ്പാക്കുന്നു. ഈ പരിശോധനയിലും ഏറ്റവുമധികം കണ്ടെത്തിയ കാൻസർ സ്തനാർബുദമാണ്. അതിനാൽ തന്നെ സ്തനാർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കും ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നൽകുന്നു.

സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം ആർസിസിയിൽ റോബോട്ടിക് സർജറി യാഥാർത്ഥ്യമാക്കി. തലശേരി എംസിസിയിലും റോബോട്ടിക് സർജറി ഉടൻ യാഥാർത്ഥ്യമാകും. കാൻസർ രോഗനിർണയത്തിനും കാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിനും കാൻസർ ഗ്രിഡ്, കാൻസർ കെയർ സ്യൂട്ട്, കാൻസർ രജിസ്ട്രി എന്നിവ നടപ്പിലാക്കി. ഇതുകൂടാതെ കാൻസർ കണ്ടെത്താൻ സ്പെഷ്യൽ ക്യാമ്പുകൾ നടത്തി വരുന്നു. പ്രധാന ആശുപത്രികൾക്ക് പുറമേ 25 ആശുപത്രികളിൽ കാൻസർ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി. എല്ലാ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്കുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചു. ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ കൂടി കാൻസർ പ്രാരംഭ പരിശോധന ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആർസിസിയിലും എംസിസിയിലും പ്രധാന മെഡിക്കൽ കോളേജുകളിലും നൂതന ചികിത്സാ സംവിധാനങ്ങളൊരുക്കി. ഇതോടൊപ്പം സ്തനാർബുദം സ്വയം കണ്ടെത്തുന്നതിനുള്ള പരിശീലനവും സ്ത്രീകൾക്ക് നൽകുന്നുണ്ട്.

സ്തനാർബുദം തുടക്കത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കുന്നതാണ് മാമോഗ്രാം. ഇതൊരു സ്തന എക്സ്-റേ പരിശോധനയാണ്. മാമോഗ്രാം പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ സാധിക്കുന്നതിനാൽ രോഗം സങ്കീർണമാകാതിരിക്കാനും മരണനിരക്ക് വളരെയേറെ കുറയ്ക്കാനും സാധിക്കും. സ്തനത്തിന്റെ വലുപ്പം, ആകൃതി, നിറം, മുലക്കണ്ണ് എന്നിവയിലുളള മാറ്റം, സ്തനത്തിൽ കാണുന്ന മുഴ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കണ്ട് സ്തനാർബുദമല്ലെന്ന് ഉറപ്പാക്കേണ്ടതാണ്.

English Summary: Mammogram in dist n taluk level hospitals to detect breast cancer

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds