അഞ്ചടി പതിനൊന്ന് ഇഞ്ച് ഉയരമുള്ള ബാസ്‌കറ്റ് ബോൾ ആരാധകനായ അൽഫോൻസോ, തനിക്കും മറ്റു ഹീറോകളെ പോലെയാകണം എന്ന ലക്ഷ്യത്തോടെ വേദനാജനകമായ limb lengthening സർജറിക്ക് വിധേയനായി. അൽഫോൻസോ തൻറെ അനുഭവങ്ങൾ പങ്കു വെക്കുന്നു.
ടെക്‌സാസ് സ്വദേശിയായ അല്‍ഫോന്‍സോ ഫ്‌ളോര്‍സ് 12 വയസുള്ളപ്പോള്‍ മുതല്‍ ആഗ്രഹിക്കുന്നതാണ്, വളര്‍ന്നുവരുമ്പോള്‍ ഒത്ത ഉയരമുള്ള ഒരു പുരുഷനായിരിക്കണമെന്നത്. എന്നാല്‍ കൗമാരം കടന്ന് യൗവ്വനത്തിലേക്ക് കയറിയിട്ടും താനാഗ്രഹിച്ചയത്രയും ഉയരം വരുന്നില്ലെന്ന് അല്‍ഫോന്‍സോ മനസിലാക്കി.
ബാസ്‌കറ്റ് ബോള്‍ ആരാധകനായ അല്‍ഫോന്‍സോയുടെ സങ്കല്‍പങ്ങളിലുള്ള 'ഹീറോ'കളെല്ലാം തന്നെ ആറടിയില്‍ കൂടുതല്‍ ഉയരമുള്ളവരാണ്. അല്‍ഫോന്‍സോയുടെ ഉയരം അഞ്ചടി പതിനൊന്ന് ഇഞ്ചും. താന്‍ സ്വപ്‌നം കണ്ട ജീവിതം അല്ല തനിക്ക് ഉണ്ടാകാന്‍ പോകുന്നതെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ അല്‍ഫോന്‍സോ എന്ന ഇരുപത്തിയെട്ടുകാരന് കഴിഞ്ഞില്ല.
ആ നിരാശ എപ്പോഴും മനസില്‍ കൊണ്ടുനടക്കുകയായിരുന്നു അയാള്‍. ഇതിനിടെയാണ് ലാസ് വേഗാസിലുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ചറിഞ്ഞത്. അവിടെ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കോസ്‌മെറ്റിക് സര്‍ജറികള്‍ ഭംഗിയായി ചെയ്തുകൊടുക്കപ്പെടുമെന്ന് അല്‍ഫോന്‍സോ അറിഞ്ഞു. അങ്ങനെ അവരുമായി ബന്ധപ്പെട്ട് 'ലിമ്പ് ലെംഗ്തനിംഗ്' ശസ്ത്രക്രിയയെ കുറിച്ച് മനസിലാക്കി.
ആദ്യം വീട്ടുകാരും സുഹൃത്തുക്കളുമൊന്നും അല്‍ഫോന്‍സോയുടെ തീരുമാനം അംഗീകരിച്ചിരുന്നില്ല. ഇപ്പോഴുള്ള ഉയരത്തിന് കുറവുകളൊന്നുമില്ലെന്നും ശസ്ത്രക്രിയ അനാവശ്യമാണെന്നുമായിരുന്നു അവരുടെ വാദം. എന്നാല്‍ അല്‍പം സമയമെടുത്തിട്ടാണെങ്കിലും അല്‍ഫോന്‍സോ അവരെയെല്ലാം പറഞ്ഞ് തിരുത്തിയെടുത്തു.
ഓരോ വ്യക്തിക്കും അവരവരുടെ ജീവിതത്തെ കുറിച്ച് ചില സങ്കല്‍പങ്ങളും സ്വപ്‌നങ്ങളും ഉണ്ടാകുമെന്നം കഴിയുമെങ്കില്‍ അത് നേടിയെടുക്കാന്‍ ശ്രമിക്കുന്നത് തന്നെയാണ് നല്ലതെന്നും അല്‍ഫോന്‍സോ പറയുന്നു.
തന്റെ ജിവിതം പലര്‍ക്കും ഒരു മാതൃകയാകട്ടെയെന്നും ഈ യുവാവ് ആഗ്രഹിക്കുന്നു. സന്തോഷമാണ് ഏറ്റവും വലുത്. അത് നമുക്ക് നേടിക്കൊടുക്കാന്‍ നമുക്ക് തന്നെ കഴിയുമെങ്കില്‍ എന്തിന് നിഷേധിക്കണമെന്നാണ് അല്‍ഫോന്‍സോയുടെ ചോദ്യം. ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഏഴ് മാസമായിരിക്കുന്നു.
വിചാരിച്ചയത്രയും വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ നേരിട്ടില്ലെന്നും വളരെ എളുപ്പത്തില്‍ തന്നെ സാധാരണജിവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ കഴിഞ്ഞുവെന്നും അല്‍ഫോന്‍സോ പറയുന്നു. ഇനി ആഗ്രഹിച്ചത് പോലുള്ള ജീവിതത്തിലേക്ക് ആത്മവിശ്വാസത്തോടെ പോകുകയാണെന്നും അല്‍ഫോന്‍സോ പുഞ്ചിരിയോടെ പറയുന്നു.
Share your comments