കുരുവികളെ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? തത്തിക്കളിച്ചും കുഞ്ഞിച്ചിറകുകള്‍ അതിവേഗത്തില്‍ ചലിപ്പിച്ച് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പാറിക്കളിച്ചും കൂട്ടത്തോടെ ബഹളമുണ്ടാക്കിയും കുരുവികള്‍ സര്‍വ സാധാരണമായ കാഴ്ചയായിരുന്ന അടുത്തകാലം വരെ.
എന്നാല്‍, ഇന്നിപ്പോള്‍ കുരുവികളെ കാണുക എന്നതു തന്നെ വിരളമായി മാറിയിരിക്കുന്നു. നമ്മില്‍ മിക്കവരുടെയും കുട്ടിക്കാല ഓര്‍മകളിലെ നിറ സാന്നിധ്യമായ കുരുവികള്‍ എവിടെപ്പോയി എന്ന് ചിന്തിച്ചിട്ടുണ്ടോ?
നേരിട്ടല്ലെങ്കിലും മനുഷ്യരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് കുരുവികളുടെ ജീവിതം. മനുഷ്യര്‍ പാര്‍ക്കുന്ന ഇടങ്ങളെ ചുറ്റിപ്പറ്റിയാണ് അവയും ജീവിതം കണ്ടെത്തുന്നത്. വീടുകളുടെ മേല്‍ക്കൂരകളിലും മരങ്ങളിലുമൊക്കെ കൂടുണ്ടാക്കി ജീവിച്ചിരുന്ന അവയ്ക്ക്, മനുഷ്യരുടെ ഭവന സങ്കല്‍പങ്ങള്‍ മാറിമറിഞ്ഞത് തിരിച്ചടിയായി.
ഓല, ഓട് വീടുകള്‍ ടെറസ് വീടുകള്‍ക്ക് വഴിമാറുകയും മരങ്ങള്‍ കൂട്ടത്തോടെ വെട്ടിമാറ്റപ്പെടുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും കുരുവികളുടെ വാസസ്ഥലവും നിലനില്‍പ്പ് തന്നെയും ഇല്ലാതായി.
ധാന്യങ്ങളും പുഴുവര്‍ഗങ്ങളുമാണ് കുരുവികളുടെ പ്രധാന ഭക്ഷണം. ഗോഡൗണുകല്‍ലും അങ്ങാടികളിലും അവ കൂടുതലായി കാണപ്പെടാനുള്ള കാരണം ഇതായിരുന്നു. അരിയുടെയും ഗോതമ്പിന്റെയുമെല്ലാം ചാക്കുകള്‍ തുറസ്സായ സ്ഥലത്തു വെക്കുന്നതു കാരണം കൊഴിഞ്ഞു വീഴുന്ന ധാന്യ മണികള്‍ കഴിക്കാന്‍ കുരുവികള്‍ക്ക് കഴിയുമായിരുന്നു. ഇന്ന് കടകളും സൂപ്പര്‍മാര്‍ക്കറ്റുകളുമെല്ലാം ശീതികരിക്കപ്പെടുകയും അരിച്ചാക്കുകളും മറ്റും ഭദ്രമായി വെക്കുകയും ചെയ്തതോടെ കുരുവികളുടെ അന്നം മുട്ടി.
ജലലഭ്യത കുറഞ്ഞതും മറ്റു പക്ഷികള്‍ എന്ന പോലെ കുരുവികളുടെയും അപ്രത്യക്ഷമാവലിന് കാരണമായി. കുളങ്ങള്‍, അരുവികള്‍, ചെറുജല സ്രോതസ്സുകള്‍ എല്ലാം മണ്ണിട്ടു മൂടിയതോടെ അവയ്ക്ക് ദാഹജലം ലഭിക്കാതായി. പക്ഷിവര്‍ഗത്തിന്റെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ കുറവിന് ഇതും ഒരു കാരണമാണ്.
മനുഷ്യന്റെ ജീവിത ശൈലികള്‍ ദൈനംദിനം മാറുമ്പോള്‍ ചുറ്റും സംഭവിക്കുന്ന നാശങ്ങളും മാറ്റങ്ങളും നാം തിരിച്ചറിയാറില്ല. വലിയ വേനലും കൊടും വരള്‍ച്ചയും വരുമ്പോള്‍ മാത്രമാണ് നാം അല്‍പമെങ്കിലും വേവലാതിപ്പെടുന്നത്. ഭൂമി നമ്മുടേത് മാത്രമല്ല, നമുക്കു ചുറ്റുമുള്ള പക്ഷികളുടെയും മൃഗങ്ങളുടെയും പ്രാണികളുടെയുമെല്ലാമാണ്. നമ്മുടെ ജീവിതം അവയുടെ നാശത്തിന് കാരണമാവരുത്.
അങ്ങാടിക്കുരുവികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജനങ്ങളിൽ അവബോധം വളർത്തുവാനായി ആചരിക്കുന്ന ദിനമാണ് വേൾഡ് ഹൗസ് സ്പാരോ ഡേ അഥവാ ലോക അങ്ങാടിക്കുരുവി ദിനം. 2011 മുതൽ മാർച്ച് 20-നാണ് ഈ ദിനം ആചരിക്കുന്നത്. നേച്ചർ ഫോർ എവർ എന്ന സംഘടനയാണ് ഈ പരിപാടിക്ക് തുടക്കമിട്ടത്.
കീടനാശിനികളുടെ ഉപയോഗം, മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണങ്ങൾ, ആവാസവ്യവസ്ഥയുടെ തകർച്ച, എന്നീ പ്രധാന കാരണങ്ങളാലാണ് ഇന്നിവ വേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻസ് ഓഫ് ബേർഡ്സ്, നേച്ചർ ഫോർ എവർ സൊസൈറ്റി എന്നീ സംഘടനകളാണ് അങ്ങാടിക്കുരുവികളുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നത്.
കുരുവികളെയും മറ്റു പക്ഷികളെയും സംരക്ഷിക്കാന്‍ നമ്മെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യാം. വീട്ടിന് പുറത്തോ മരക്കൊമ്പുകളിലോ ചെറിയ പാത്രങ്ങളില്‍ വെള്ളം നിറച്ച് കെട്ടിത്തൂക്കിയിടാം. അവശേഷിക്കുന്ന മരങ്ങളെയെങ്കിലും സംരക്ഷിക്കാം.
Share your comments