തുടർച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വർധിച്ച സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ഡെങ്കിപ്പനിയ്ക്കെതിരെ സംസ്ഥാന വ്യാപകമായി കർമ്മപരിപാടി തയ്യാറാക്കും. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ ഈ ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. ഡെങ്കി കേസുകൾ കൃത്യമായി മാപ് ചെയ്യേണ്ടതാണ്. ഫീൽഡുതല പ്രവർത്തനങ്ങൾ ശക്തമാക്കണം. പനി ബാധിച്ച് സങ്കീർണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാൽ പനി ബാധിച്ചാൽ മറ്റ് പകർച്ചപനികളല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയുടെ സ്ഥിതി വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കൃത്യമായ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ് തുടങ്ങിയ വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കേണ്ടതാണ്. രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ പ്രത്യേകം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നിർദേശം നൽകി. തിരുവനന്തപുരത്ത് ഹോട്ട് സ്പോട്ട് പഴയതുപോലെ തുടരുന്നതായാണ് കാണുന്നത്. അതിനാൽ തന്നെ പ്രവർത്തനങ്ങൾ ശക്തമാക്കണം. അവബോധ പ്രവർത്തനങ്ങളും ശക്തമാക്കാൻ നിർദേശം നൽകി.
സന്നദ്ധ സംഘടനകളുടേയും റസിഡൻസ് അസോസിയേഷനുകളുടേയും സഹകരണം ഉറപ്പാക്കണം. കൊതുവിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കം. വീട്ടിനകത്തെ ചെടികൾ വയ്ക്കുന്ന ട്രേയിൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുണ്ട്. അതിനാൽ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം.
അടഞ്ഞുകിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ, ഉപയോഗശൂന്യമായ ടയറുകൾ, ബ്ലോക്കായ ഓടകൾ, വീടിനകത്തെ ചെടികൾ, വെള്ളത്തിന്റെ ടാങ്കുകൾ, ഹാർഡ് വെയർ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഫോഗിംഗ് ശാസ്ത്രീയമാക്കണം. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തണം. ഹോട്ട് സ്പോട്ട് സംബന്ധിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പ് കൃത്യമായി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണം.
സ്ഥാപനങ്ങൾ, ആശുപത്രികൾ, ഹോസ്റ്റലുകൾ എന്നിവ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിർദേശം നൽകി. മേയർ ആര്യാ രാജേന്ദ്രൻ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. കാർത്തികേയൻ, സബ് കളക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ, എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ, ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം, നഗരസഭ, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഉറവിട നശീകരണം പ്രധാനം
Share your comments