വടവുകോട് ബ്ലോക്കില്‍ വിസ്തൃതിയില്‍ ഏറ്റവും മുന്‍പിലുള്ള ഗ്രാമ പഞ്ചായത്താണ് മഴുവന്നൂര്‍. 49.11 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശം നിരവധി കുളങ്ങളും തോടുകളും പച്ചപ്പും കൊണ്ട് ഏറെ നയനാനന്ദകരമാണ്. പൂര്‍ണമായും കാര്‍ഷിക ഗ്രാമമായതിനാല്‍ കൃഷിയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി ബൈജു വ്യക്തമാക്കുന്നു. ഇതോടൊപ്പം പഞ്ചായത്തിലെ മറ്റു വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രസിഡന്റ് മനസ്സ് തുറക്കുന്നു.
കുടിവെള്ള വിതരണം
ഭരണത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒരു വാര്‍ഡില്‍ പോലും പണം കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട സ്ഥിതി ഉണ്ടാക്കിയില്ല എന്നതാണ് ഭരണസമിതി പ്രധാനനേട്ടമായി കരുതുന്നത്. കുടിവെള്ളക്ഷാമം ഉണ്ടായ പ്രദേശങ്ങളിലെല്ലാം സൗജന്യമായാണ് വെള്ളം എത്തിച്ചത്. ഇക്കുറിയും വേനല്‍ കടുക്കുന്നതിന് മുന്‍പായി പൊതുകുളങ്ങളും ചിറകളും ഉള്‍പ്പെടെ പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ കുടിവെള്ള സ്രോതസുകളും വൃത്തിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പൊതുജന പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.
കാര്‍ഷികം
നേരത്തെ കാര്‍ഷികവൃത്തിക്ക് ഉപയോഗിച്ചിരുന്നതും വര്‍ഷങ്ങളായി വൃത്തിയാക്കാതെ കാടുപിടിച്ച് കിടന്നിരുന്നതുമായ നിരവധി ചെറുതോടുകളാണ് ജില്ലാ പഞ്ചായത്തിന്റെ കൂടി സഹകരണത്തോടെ വൃത്തിയാക്കിയത്. വെള്ളം എത്തിത്തുടങ്ങിയതോടെ ഇവയുടെ സമീപം തരിശായി കിടന്നിരുന്ന കൃഷിഭൂമികളില്‍ വിളവ് ഇറക്കിത്തുടങ്ങിയിട്ടുണ്ട്. 52 ഏക്കറോളം സ്ഥലത്താണ് ഇത്തരത്തില്‍ നെല്‍കൃഷി പുനരാരംഭിച്ചത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിലമൂഴാനുള്ള ട്രാക്ടറും കൊയ്ത്തുയന്ത്രങ്ങളും എത്തിച്ചതിനാല്‍ മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച വിളവെടുപ്പാണ് ലഭിച്ചത്. ഇക്കുറിയും കുറഞ്ഞ വാടകയ്ക്ക് തന്നെ ഇവ എത്തിച്ച് നല്‍കാമെന്ന പഞ്ചായത്തിന്റെ ഉറപ്പിലാണ് കര്‍ഷകര്‍ വീണ്ടും മണ്ണിലേക്കിറങ്ങുന്നത്.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും എന്തെല്ലാം?
മഞ്ചനാട് തോട് വികസനം
പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന തോടാണ് പെരിയാര്‍ വാലി കനാലിന്റെ ഭാഗമായ മഞ്ചനാട് തോട്. മഴുവന്നൂര്‍ പഞ്ചായത്ത് ഭരണസമിതി ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്ന പദ്ധതിയാണ് ഈ തോടിന്റെ വികസനം. മണ്ണ് കോരി ആഴം കൂട്ടിയ ശേഷം തോടിന്റെ ഇരുവശവും മികച്ച രീതിയില്‍ സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വര്‍ഷാവര്‍ഷം വൃത്തിയാക്കുന്നുണ്ടെങ്കിലും തോടരികില്‍ കൂട്ടിയിടുന്ന മണ്ണ് അടുത്ത മഴയ്ക്കു തോട്ടിലേക്ക് തിരിച്ചെത്തുന്നത് തിരിച്ചടിയായി മാറുന്നു. സംരക്ഷണഭിത്തി കെട്ടിയാല്‍ തല്‍സ്ഥിതി ഒഴിവാക്കാം എന്നതിന് പുറമേ കാര്‍ഷിക മേഖലയിലും വലിയ മാറ്റമുണ്ടാകുമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ പ്രതീക്ഷ.
ആരോഗ്യ രംഗം
കൗണ്‍സിലര്‍മാരുടെയും ആശാവര്‍ക്കര്‍മാരുടെയും ദ്രുതകര്‍മസേനയുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ആരോഗ്യമേഖലയില്‍ മികച്ച മുന്നേറ്റമാണ് മഴുവന്നൂര്‍ പഞ്ചായത്തില്‍ കാണാനാകുക. പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രവും അതിന് കീഴിലുള്ള സബ് സെന്ററുകളും കേന്ദ്രീകരിച്ചാണ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോവിഡ് കാലത്ത് സാമൂഹ്യ അടുക്കളകള്‍ വഴി ആവശ്യക്കാര്‍ക്ക് മുഴുവന്‍ ഭക്ഷണം എത്തിച്ചിരുന്നു. നിലവില്‍ നൂറു ശതമാനം പേരും ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച മഴുവന്നൂര്‍ പഞ്ചായത്തില്‍ ഭൂരിഭാഗവും രണ്ടാം ഡോസും പൂര്‍ത്തിയാക്കിയവരാണ്. ആരോഗ്യരംഗത്തും മറ്റ് ആവശ്യങ്ങള്‍ക്കും പൊതുജനങ്ങളുടെ മുഴുവന്‍ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ദ്രുതകര്‍മസേനയ്ക്ക് കഴിയുന്നുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയര്‍ യൂണിറ്റ് വഴി കിടപ്പ് ചികിത്സയിലുള്ള രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൃത്യമായി മരുന്നും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്.
ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂള്‍ എടുത്തുപറയേണ്ട ഒന്നാണ്. ഇതുവഴിയാണ് കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സാമഗ്രികളും വിതരണം ചെയ്യുന്നത്. ഇവര്‍ക്കായി അത്യാധുനിക സൗകര്യങ്ങളുള്ള തെറാപ്പി സെന്റര്‍ നിര്‍മ്മിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിന്റെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. കുട്ടികള്‍ക്കുള്ള സഹായങ്ങള്‍ ബഡ്‌സ് സ്‌കൂള്‍ വഴിയും മുതിര്‍ന്നവര്‍ക്കുള്ള സേവനങ്ങള്‍ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുമാണ് ലഭ്യമാക്കുന്നത്.
വനിത സൗഹൃദം
കുടുംബശ്രീയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ പ്രത്യേക പരിഗണന നല്‍കിയാണ് മഴുവന്നൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്നത്. ഇതിന് പുറമേ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ എന്ന നിലയില്‍ ആട്, മുട്ടക്കോഴി എന്നിവ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്.
Share your comments