പാരമ്പര്യ വൈദ്യമേഖലയിലുള്ളവർക്കും, വിദ്യാർഥികൾക്കും ,വിജ്ഞാന ദാഹികൾക്കും ഉപകരിക്കുന്ന രീതിയിൽ .ആധുനികമായി പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ ഔഷധ സസ്യമ്യൂസിയമാണിത് .. മെഡിസിനൽ പ്ലാന്റ് ബോർഡുമായി സഹകരിച്ച് കൃഷിവകുപ്പാണ് ഔഷധ സസ്യമ്യൂസിയം പദ്ധതി നടപ്പാക്കുന്നത്. 14 ജില്ലകളിലും ഓരോ ഔഷധ സസ്യമ്യൂസിയമാണ് സ്ഥാപിക്കുക. തൃശൂരിൽ കണ്ണാറയ്ക്ക് പുറമെ ചേലക്കരയിലും പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നുണ്ട്.
ഹരിത ഗൃഹ മാതൃകയിൽ തയാറാക്കുന്ന മ്യൂസിയത്തിൽ ഔഷധ സസ്യങ്ങളെ ഇനം തിരിച്ചാണ് ഒരുക്കിയിട്ടുള്ളത്. ഔഷധസസ്യമ്യൂസിയത്തിൽ 162 ഇനം അപൂർവ ഔഷധസസ്യങ്ങളുടെ ശേഖരമാണ് ഒരുക്കിയിട്ടുള്ളത് . ഓരോ ചെടിയിലും അതിൻ്റെ പേരും ശാസ്ത്രീയ നാമവും ഉപയോഗവുമെല്ലാം എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. ജന്മനക്ഷത്ര വൃക്ഷങ്ങൾ, രാശിവൃക്ഷങ്ങൾ, നവഗ്രഹവൃക്ഷങ്ങൾ,ഒറ്റമൂലികൾ, ഗോത്രചികിത്സ മരുന്നുകൾ, വിശുദ്ധ വൃക്ഷങ്ങൾ എന്നിങ്ങനെ വിവിധ രീതിയിൽ ഏവർക്കും എളുപ്പം മനസിലാക്കാവുന്ന തരത്തിലാണ് ക്രമീകരണം.
തലമുറകൾ മാറി വന്നപ്പോൾ നഷ്ടപ്പെട്ടേക്കുമെന്ന് കരുതിയ ഒട്ടനവധി അപൂർവ സസ്യങ്ങൾ ഇവിടെ ഒരുങ്ങിക്കഴിഞ്ഞു.പാമ്പ് വിഷത്തിനെതിരായി ഇന്ന് ആഗോളതലത്തിലുപയോഗിക്കുന്ന അണലി വേഗം, മൂലക്കുരു ചികിത്സക്കായി അയ്യപ്പന, തീപ്പൊള്ളലിന് ചുരക്കള്ളി, സോറിയാസിസിനായി ദന്തപ്പാല തുടങ്ങിയ സസ്യങ്ങളും ഇവിടെ കാണാം. ഇതിനു പുറമെ പുരാണങ്ങളിലും , ഇതിഹാസങ്ങളിലും മഹർഷിമാർ വസ്ത്രത്തിനായി ഉപയോഗിച്ചതായി പറയുന്ന മരവുരി വൃക്ഷം, രുദ്രാക്ഷം, കുന്തിരിക്കം തുടങ്ങി വിശുദ്ധ വൃക്ഷങ്ങളും ഇവിടെയുണ്ട്.
Share your comments