<
  1. News

Milk Price: കേരളത്തിൽ ഡിസംബർ മുതൽ പാൽവില കൂടും..കൃഷിവാർത്തകളിലേയ്ക്ക്

കാലിത്തീറ്റ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ വില വർധിച്ച സാഹചര്യത്തിൽ ക്ഷീര കർഷകരുടെ അഭിപ്രായം തേടി പരിശോധന പൂർത്തിയാക്കിയ ശേഷം തീരുമാനമെടുക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു

Darsana J

1. സംസ്ഥാനത്ത് പാൽവില (Milk price hike) കൂടാൻ സാധ്യത. ഡിസംബർ മുതൽ 5 രൂപ വരെ വർധിക്കുമെന്നാണ് സൂചന. കാലിത്തീറ്റ (Cattle feed) ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ വില വർധിച്ച സാഹചര്യത്തിൽ ക്ഷീര കർഷകരുടെ (dairy farmers) അഭിപ്രായം തേടി പരിശോധന പൂർത്തിയാക്കിയ ശേഷം തീരുമാനമെടുക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. പാൽ ഉൽപാദന ചെലവ് കണ്ടെത്താൻ മിൽമ (Milma) നിയോഗിച്ച സമിതിയുടെ റിപ്പോർട്ടും പരിഗണിക്കും. പാൽ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഓണക്കാലത്ത് അധികവില നൽകി ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് പാൽ എത്തിച്ചത്. ഇതിനുമുമ്പ് 2019ലാണ് വിലവർധനവ് ഉണ്ടായത്. അന്ന് ലിറ്ററിന് നാല് രൂപയാണ് വർധിച്ചത്.

കൂടുതൽ വാർത്തകളറിയാൻ: PM KISAN: ബാലൻസ് അറിയാൻ പുതിയ വഴി, മാറ്റങ്ങൾ വരുത്തി കേന്ദ്രസർക്കാർ..കൂടുതൽ കൃഷിവാർത്തകൾ

2. ആലപ്പുഴയിൽ പക്ഷിപ്പനി (Bird flu) സ്ഥിരീകരിച്ചു. ഹരിപ്പാട് നഗരസഭയിലെ താറാവുകള്‍ കൂട്ടത്തോടെ ചത്തതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിൽ പ്രദേശത്തെ രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനമായി. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സാമ്പിളുകളില്‍ H5N1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പാടശേഖരങ്ങളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ഇതോടെ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഈ മാസം 30വരെ നിരോധിച്ചു.

3. സമ്പുഷ്ടീകരിച്ച അരി ദോഷകരമല്ലെന്നും ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുവിതരണ വകുപ്പ്. വയനാട് ജില്ലയില്‍ സമ്പുഷ്ടീകരിച്ച അരി വിതരണം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള സെമിനാറില്‍ ഭക്ഷ്യ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വിഷയാവതരണവും ചര്‍ച്ചയും സംഘടിപ്പിച്ചു. സമ്പുഷ്ടീകരിച്ച അരി ഉള്‍പ്പെടെയുളള ഭക്ഷണ പദാര്‍ഥങ്ങള്‍ അനീമിയ, മൈക്രോ ന്യൂട്രിയന്റുകളുടെ കുറവ് എന്നിവ പരിഹരിക്കുന്നതിന് സഹായിക്കുമെന്ന് പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തി. ഭക്ഷ്യ പദാര്‍ഥങ്ങളിലെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് സാങ്കേതികവിദ്യയിലൂടെ വർധിപ്പിക്കുന്നതാണ് ഭക്ഷ്യ സമ്പുഷ്ടീകരണം. ഭക്ഷണത്തിലെ പോഷക അളവ് ഉയര്‍ത്തി പൊതുജനാരോഗ്യം ശാക്തീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

4. മിൽമ ഉൽപന്നങ്ങൾ കൂടി വിതരണം ചെയ്യുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വനിതാഘടക പദ്ധതികൾ രൂപകൽപ്പന ചെയ്യണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്‌. സ്വയംതൊഴിലിന് ടാക്‌സി കാർ, പിക് അപ് വാൻ, ഇരുചക്ര വാഹനം, ഓട്ടോറിക്ഷ തുടങ്ങിയവ വനിതകൾക്ക്‌ നൽകുന്നതിനുള്ള പദ്ധതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാം. സ്ത്രീകളുടെ തൊഴിലും വരുമാനവും സാമൂഹ്യപദവിയും ഉയർത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്തുകൾ പൊതുവിഭാഗം വികസനഫണ്ടിന്റെ ചുരുങ്ങിയത് 10 ശതമാനമെങ്കിലും വനിതാ ഘടക പദ്ധതിയ്ക്കായി വകയിരുത്തുന്നുണ്ട്.

5. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിൽ 28 വർഷമായി തരിശായി കിടന്ന പറമ്പുശ്ശേരി - മള്ളുശ്ശേരി വലിയ പാടശേഖരം കൃഷിക്കായി ഒരുങ്ങുന്നു. പാടശേഖര സമിതിയുടെയും പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണ് 200 ഏക്കർ പാടത്ത് നെൽകൃഷി ആരംഭിക്കുന്നത്. കുട്ടനാട്ടിൽ നിന്നുള്ള യുവ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഭൂമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്. നിലവിൽ ട്രാക്ടർ ഉപയോഗിച്ചുള്ള നിലം ഒരുക്കലും വെള്ളം പമ്പ് ചെയ്തു കളയലും തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുകയാണ്.

6. ചിറയിന്‍കീഴ് ബ്ലോക്കിൽ ആരംഭിച്ച '100 കോഴിയും കൂടും പദ്ധതി' വൻ വിജയം. തെരഞ്ഞെടുത്ത 30 കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്കാണ് കോഴികളും കൂടും ലഭിച്ചത്. ബി.വി 380 ഇനത്തില്‍പെട്ട മുട്ടക്കോഴികളില്‍ നിന്നും ദിവസവും 70 മുതല്‍ 85 മുട്ടകള്‍ വരെ ലഭിക്കുന്നുണ്ട്. സാധാരണ മുട്ടയെക്കാള്‍ വലിപ്പ കൂടുതലുള്ള മുട്ടകളാണ് ലഭിക്കുന്നതെന്നും ആവശ്യക്കാർ ധാരാളമായി എത്താറുണ്ടെന്നും വനിതകൾ പറയുന്നു. മുട്ടക്കോഴി വളര്‍ത്തല്‍ വിജയിച്ചതോടെ വിപുലമായ കോഴി ഫാമും ജൈവ കൃഷിയും പരീക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ് ചിറയിന്‍കീഴിലെ വനിതാകൂട്ടായ്മകള്‍.

7. ചെറുകിട – വൻകിട മൂല്യവർധിത സംരംഭകർക്ക് വഴികാട്ടിയായി തൃശൂരിൽ കാർഷിക പ്രദർശനം. കൃഷിദർശൻ കാർഷിക പ്രദർശന നഗരിയിൽ മൂല്യവർധിത ഉൽപന്നങ്ങൾ തയ്യാറാക്കുന്ന യന്ത്രോപകരണങ്ങളുടെ പവലിയൻ റവന്യൂമന്ത്രി കെ. രാജൻ സന്ദർശിച്ചു. പഴവർഗങ്ങൾ, ധാന്യങ്ങൾ, സുഗന്ധ വ്യജ്ഞനങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവയുടെ മൂല്യവർധിത ഉൽപന്ന നിർമാണവുമായി ബന്ധപ്പെട്ട വിവിധ യന്ത്രോപകരണങ്ങളും പ്രദർശനത്തിനുണ്ട്. ആയുർവേദ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, തേനിലെ ജലാംശം കുറച്ച് ശുദ്ധീകരിക്കുന്ന ഹണി പ്രൊസസിംഗ് യൂണിറ്റ്, അരി കഴുകി വൃത്തിയാക്കുന്നത് മുതൽ ഉൽപന്നമാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളാണ്.

8. നീലക്കുറിഞ്ഞിയ്ക്ക് ശേഷം മൂന്നാറിൽ ഇനി സ്ട്രോബറിക്കാലം. കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിൽ 25 ഹെക്ടറിലധികം സ്ഥലത്താണ് സ്‌ട്രോബറി കൃഷി ചെയ്യുന്നത്. സംയോജിത ഹോര്‍ട്ടികള്‍ച്ചര്‍ വികസന മിഷന്‍ പദ്ധതിയുടെ സഹായത്തോടെ കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നാറിലെ കാലാവസ്ഥ സ്‌ട്രോബറി കൃഷിക്ക് അനുയോജ്യമാണ്. ധാരാളം കർഷകർ സ്‌ട്രോബറി കൃഷിയുടെ സാധ്യതകളറിഞ്ഞ് ഈ രംഗത്തേയ്ക്ക് കടന്നുവരുന്നുണ്ട്. മൂന്നാറിലെ അനുകൂല സാഹചര്യങ്ങള്‍ കണ്ടറിഞ്ഞ് കൃഷിയിൽ മുതല്‍ മുടക്കാന്‍ ജില്ലയ്ക്ക് പുറത്തുനിന്ന് നിരവധി സംരംഭകരും എത്തുന്നുണ്ട്.

9. കേരളത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഹരിത സമൃദ്ധി വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു. തൃശൂർ കൊടകരയിലെ ‘ഭൂമിക’ ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൊടുകരയിൽ 67 സെന്റോളം വരുന്ന പൊതുസ്ഥലത്താണ് ഔഷധച്ചെടികളും, പൂച്ചെടികളും, ഫലവൃക്ഷത്തൈകളും നട്ട് ഉദ്യാനം ഒരുക്കിയിരിക്കുന്നത്. ജൈവ വൈവിധ്യ ബോര്‍ഡിന്റെ 10 ലക്ഷം രൂപയും, പഞ്ചായത്തിന്റെ 1 ലക്ഷം രൂപയും, സി.എസ്.ആര്‍ ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.

10. ഒമാനിൽ ആ​ദ്യ​ത്തെ ഡ്രോ​ൺ ഫു​ഡ് ഡെ​ലി​വ​റി സേ​വ​നത്തിന് തുടക്കം. രാജ്യത്തെ പ്ര​മു​ഖ ഓ​ൺ​ലൈ​ൻ ഭ​ക്ഷ്യ​വി​ത​ര​ണ പ്ലാ​റ്റ്‌​ഫോ​മാ​യ ത​ല​ബാ​ത്താണ് സേ​വ​നം ആ​രം​ഭി​ച്ചത്. യു.​വി.​എ​ൽ റോ​ബോ​ട്ടി​ക്‌​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പു​തി​യ സേ​വ​നം തുടങ്ങിയത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​സ്‌​ക​ത്തി​ലാ​ണ്​ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ക. ഡ്രോ​ൺ മു​ഖേ​ന​യു​ള്ള ആ​ദ്യ​ത്തെ വാ​ണി​ജ്യ ഭ​ക്ഷ​ണ​വി​ത​ര​ണ​മാ​ണ് ത​ല​ബാ​ത്ത് നടപ്പിലാക്കുന്നത്. ഒ​മാ​നി​ലെ വാ​ണി​ജ്യ ഡ്രോ​ൺ ഡെ​ലി​വ​റി യാ​ഥാ​ർ​ഥ്യ​മാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ യു.വി.എ​ൽ റോ​ബോ​ട്ടി​ക്‌​സി​ന്റെ സ​ഹ​സ്ഥാ​പ​ക​ൻ മൂ​സ അ​ൽ ബ​ലൂ​ഷി​ പറഞ്ഞു.

11. തെക്ക് കിഴക്കൻ ജില്ലയിൽ തുലാവർഷം ഈ മാസം 29ന് ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നത് മൂലം ഈ മാസം 30ന് കേരളത്തിൽ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ 30ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: Milk Price: Milk price will increase in Kerala from December malayalam agricultural news

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds