കോഴിക്കോട്: ഇന്ത്യയുടെ പാലുൽപ്പാദന മേഖലയിലും കർഷക ക്ഷേമ പ്രവർത്തനങ്ങളിലും മിൽമ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. ദേശീയ ക്ഷീരദിനാചരണത്തോടനുബന്ധിച്ച് കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷൻ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ക്ഷീരദിനാചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കർഷകരെ സംരക്ഷിക്കുന്ന ശക്തമായ ഒരു സഹകരണ പ്രസ്ഥാനം പാലുത്പാദന മേഖലയിൽ ഉള്ളതാണ് കേരളത്തിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാൻഡുകളുമായി കിടപിടിക്കുന്ന രീതിയിലേക്ക് പാലുത്പന്നങ്ങൾ മാറുകയാണെന്നും മന്ത്രി പറഞ്ഞു.
വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ നടന്ന ചടങ്ങിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. ക്ഷീര ഗ്രാമം പദ്ധതി കേരളത്തിൽ വിപുലമായി നടപ്പിലാക്കും. കേരളത്തിൽ പുൽക്കൃഷിക്ക് പ്രാധാന്യം നൽകുമെന്നും ചോളം കൃഷി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഉയർന്ന ഗുണനിലവാരമുള്ള കാലിത്തീറ്റ കുറഞ്ഞ വിലയ്ക്ക് കർഷകർക്ക് ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ബന്ധപ്പെട്ട വാർത്തകൾ: പാലുൽപ്പാദന മികവിന് പശുക്കൾക്കു നൽകാവുന്ന പുതിയ തരം തീറ്റകൾ
ക്ഷീര കർഷകർക്ക് ന്യായവില ലഭിക്കുന്നില്ലെന്ന വിഷയം അന്വേഷിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാലുത്പാദന രംഗത്ത് ആഗോളതലത്തിൽ ഇന്ത്യ മുൻപന്തിയിലാണ്. ക്ഷീര കർഷക ക്ഷേമത്തിനായി സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ക്ഷീര കർഷക ക്ഷേമത്തിനായി പ്രവർത്തിച്ച ഡോ വർഗ്ഗീസ് കുര്യനെ മന്ത്രി സ്മരിച്ചു.
കന്നുകാലി ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം ആദ്യ പോളിസി കൈമാറിക്കൊണ്ട് എം.കെ രാഘവൻ, എം.പി നിർവ്വഹിച്ചു. വേദിയിൽ മിൽമയുടെ പുതിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് മിൽമയുടെ പുതിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനവും ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.
മിൽമയുടെ മുൻ ചെയർമാനും എൻ ഡി ഡി ബി മുൻ ഭരണസമിതി അംഗവുമായ പി ടി ഗോപാലക്കുറുപ്പ് ഡോ വർഗ്ഗീസ് കുര്യൻ അനുസ്മരണ പ്രഭാഷണം നടത്തി. എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ചെയർമാൻ എം.ടി ജയൻ, കോഴിക്കോട് നഗരസഭ കൗൺസിലർ ഫെനീഷാ കെ സന്തോഷ് എന്നിവർ ആശംസ അറിയിച്ചു. മിൽമ ചെയർമാൻ കെ എസ് മണി സ്വാഗതവും മിൽമ മാനേജിങ് ഡയറക്ടർ ആസിഫ് കെ യൂസഫ് ഐ എ എസ് നന്ദിയും പറഞ്ഞു.
Share your comments