കേരളത്തിന്റെ കൃഷി, ടൂറിസം ഭൂപടങ്ങളില്‍ ഇടം നേടിയ പൂക്കളുടെ ഉത്സവം പൂപ്പൊലിക്ക് അമ്പവലയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 1 ന് തുടക്കമാകും. കേരള കാര്‍ഷിക സംസ്‌ക്കാരത്തിന്റെ മുഖമുദ്ര അനാവരണം ചെയ്യുന്ന വിജ്ഞാന-വിനോദ മാമാങ്കം ഞായര്‍ വൈകീട്ട് 3.30 ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ മുഖ്യപ്രഭാഷണം നടത്തും. രാഹുല്‍ ഗാന്ധി എം.പി വിശിഷ്ടാഥിതിയാകും. പൂപ്പൊലി ആദ്യ ടിക്കറ്റ് വില്‍പ്പന ഒ.ആര്‍ കേളു എം.എല്‍.എയും, സ്റ്റാള്‍ ടി. സിദ്ദിഖ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. മേളയുടെ ഭാഗമായ കാര്‍ഷിക സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. ജനപ്രതിനിധികള്‍, കര്‍ഷക ശ്രേഷ്ഠര്‍, രാഷ്ട്രീയ പ്രമുഖര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനുവരി 1 മുതല്‍ 15 വരെ നടക്കുന്ന പൂക്കളുടെ ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ പൂപ്പൊലിയില്‍ വയനാടന്‍ ജനതയില്‍ ആവേശവും, ഉത്സാഹവും, ആഹ്ളാദവും നിറയ്ക്കുവാന്‍ ഉതകുന്ന രീതിയിലാണ് പുഷ്പമേള അണിയിച്ചൊരുക്കിയിരിക്കുന്നത്. ആയിരത്തില്‍പരം ഇനങ്ങളോടുകൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, മാരിഗോള്‍ഡ് തോട്ടം ഇവയ്ക്ക് പുറമെ തായ്ലാന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്ത ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍നിന്നുള്ള ലിലിയം ഇനങ്ങള്‍, അപൂര്‍വ്വയിനം അലങ്കാര സസ്യങ്ങള്‍, വിവിധയിനം ജര്‍ബറ ഇനങ്ങള്‍, ഉത്തരഖണ്ഡില്‍ നിന്നുള്ള വിവിധ അലങ്കാര സസ്യങ്ങള്‍, കാലിഫോര്‍ണിയായില്‍ നിന്നുള്ള സ്ട്രോബറി ഇനങ്ങള്‍ തുടങ്ങിയവയുടെ വര്‍ണ്ണ വിസ്മയമാണ് ഈ പുഷ്പോത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഫ്ളോട്ടിംഗ് ഗാര്‍ഡന്‍, കൊട്ടത്തോണി, കൊതുമ്പുവള്ളം ഗാര്‍ഡന്‍, റോക്ക് ഗാര്‍ഡന്‍, പെര്‍ഗോള ട്രീ ഹട്ട്, ജലധാരകള്‍ എന്നിവ പുഷ്പോത്സവത്തിന്റെ പ്രധാന ആകര്‍ഷണമാകും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍, രാക്ഷസരൂപം, വിവിധതരം ശില്‍പ്പങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, ഊഞ്ഞാല്‍, ചന്ദ്രോദ്യാനം, വിവിധയിനം പക്ഷി മൃഗാദികള്‍, വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകള്‍ നിറയുന്ന ഫുഡ് കോര്‍ട്ട്, പാചക മത്സരം, പെറ്റ് ഷോ, പുഷ്പ്പാലങ്കാരം, വെജിറ്റബിള്‍ കാര്‍വിംഗ് തുടങ്ങിയ മത്സരങ്ങളും മേളയുടെ ഭാഗമാണ്.
കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കും വിജ്ഞാനം പകരുന്ന സെമിനാറുകള്‍ അതാത് മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ മേളയില്‍ സംഘടിപ്പിക്കും. വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെയും കര്‍ഷകര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുടേതുമടക്കം 200-ല്‍പ്പരം സ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ മാനസികോല്ലാസത്തിനായി വിവിധയിനം കലാവിരുന്നുകളും പുഷ്പമേളയുടെ ഭാഗമായി നടക്കും. പൂപ്പൊലി നഗരിയിലെ പ്രവേശന നിരക്ക് മുതിര്‍ന്നവര്‍ക്ക് 50 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 30 രൂപയുമാണ്. 4 ടിക്കറ്റ് കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളില്‍ നിന്ന് ജനുവരി 1 മുതല്‍ 15 വരെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പ്രത്യേക സര്‍വീസ് നടത്തും.
ബന്ധപ്പെട്ട വാർത്തകൾ: സംയോജിത വിളവെടുപ്പാനന്തര പരിപാലനം: സംരംഭകര്‍ക്ക് ധനസഹായം
Share your comments