ആലപ്പുഴ: എല്ലാവരുടെയും വീട്ടുമുറ്റത്തേക്ക് മൃഗ ഡോക്ടർമാർ ഉൾപ്പെടെയുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങൾ ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പുലിയൂര്‍ ക്യാംപസില്‍ നിര്‍മിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വകുപ്പിന്റെ സേവനങ്ങൾ വീടുകളിലേക്ക് കൂടി എത്തിക്കാനായി കേന്ദ്രത്തിൽ നിന്നും അനുവദിച്ച 4.5 കോടി രൂപ വിനിയോഗിച്ച് 29 വാഹനങ്ങൾ 29 ബ്ലോക്കുകളിലായി നൽകിയെന്നും ബാക്കി 129 ബ്ലോക്കുകളിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ കാടക്കുഞ്ഞുങ്ങൾ ഉത്പാദിപ്പിക്കുന്ന ഹാച്ചറിയായി ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയെ ഉയർത്തിക്കൊണ്ടു വരുക എന്ന ലക്ഷ്യമാണ് വകുപ്പിനുള്ളത്. കേന്ദ്ര ഫണ്ടിന്റെ അപര്യാപ്തത മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും കേരളത്തിൽ നിലവിലുള്ള ഫണ്ട് ഉപയോഗിച്ച് വളരെ കൃത്യതയോടെയാണ് കാര്യങ്ങൾ ചെയ്യുന്നത്. ഹാച്ചറി നവീകരിച്ച് പുതിയ പേരന്റ് സ്റ്റോക്കിനെ കൊണ്ടുവന്ന് കോഴിയുടെയും മുട്ടയുടെയും ഉത്പാദനം കൂട്ടി കോഴികളെ വിരിയിച്ച് കർഷകർക്ക് വളർത്താനായി നൽകണമെന്നും കാര്യക്ഷമമായി തന്നെ ഫാമിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്നും മന്ത്രി പറഞ്ഞു. നൂറോളം വരുന്ന ഹാച്ചറിയിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപെടുത്താനുള്ള നടപടികൾ പൂർത്തീകരണ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
ക്വാർട്ടേഴ്സ് സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലീം, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എ.കൗശികന്‍, പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് റ്റി.റ്റി ശൈലജ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല മോഹന്‍, മൃഗസംരക്ഷണ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ഡി.കെ. വിനുജി, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ നമിത നായിക്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാ രാജീവ്, ചെങ്ങന്നൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി. കുമാരി, പുലിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം രതി സുഭാഷ്, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പ്രൊഡക്ഷന്‍ മാനേജര്‍ എസ്. സന്തോഷ്, പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ എം. ജിലൈജു മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
3.95 കോടി രൂപ ചെലവഴിച്ചാണ് 15 സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടുന്ന ഫ്‌ളാറ്റ് സമുച്ചയം നിർമിച്ചത്. മൂന്ന് നിലകളുള്ള രണ്ടു ഫ്ലാറ്റുകളാണ് ജീവനക്കാരുടെ ക്വാർട്ടേഴ്സിനായി നിർമ്മിച്ചിട്ടുള്ളത്. ടൈപ്പ് 1 ക്വാർട്ടേഴ്സിൽ മൂന്ന് നിലകളായി 60 ച. മി വീതം വിസ്തീർണ്ണമുള്ള ഒൻപത് കോർട്ടേഴ്സുകളാണുള്ളത്. ആകെ വിസ്തൃതി 850 ചതുരശ്ര മീറ്ററാണ്. ടൈപ്പ് 2 ക്വാർട്ടേഴ്സിൽ മൂന്നുനിലകളിലായി 80 ച.മി വീതം വിസ്തീർണ്ണമുള്ള ആറ് ക്വാർട്ടേഴ്സുകളാണുള്ളത്. കെട്ടിടങ്ങൾക്ക് ചുറ്റും പേവർ ബ്ലോക്കുകൾ വിരിക്കുകയും വാഹന പാർക്കിംഗിനായി ഷെഡ് റീടൈനിംഗ് വാൾ, ഓട, കോൺക്രീറ്റ് റോഡ് എന്നിവയും നിർമ്മിച്ചിട്ടുണ്ട്.
Share your comments