
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'കേരള ആരോഗ്യ പോർട്ടൽ' (https://health.kerala.gov.in)ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നാടിന് സമർപ്പിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ് വെബ് പോർട്ടലെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ഇതിന്റെ പ്രത്യേകതയാണ്. പൊതുജനങ്ങൾക്ക് ആശയവിനിമയം നടത്താനുള്ള വേദി കൂടിയാണിത്.

ആരോഗ്യ വകുപ്പുമായി സംവദിക്കാനുള്ള ഓൺലൈൻ വേദിയായാണ് കേരള ആരോഗ്യ പോർട്ടൽ ആരംഭിച്ചത്. കോവിഡ് 19 നെതിരെ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രോഗ്രാമുകളെയും ഇടപെടലുകളെയും കുറിച്ചുള്ള പുതിയ വിവരങ്ങൾ പോർട്ടൽ നൽകുന്നു. തത്സമയ ഡാഷ് ബോർഡ് കാണാനും വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളിലും പരിപാടികളിലും പങ്കെടുക്കാനും പോർട്ടൽ വേദി ഒരുക്കുന്നു. പൊതുജനങ്ങളിൽ നിന്നുള്ള പൊതുവായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ആരോഗ്യ വകുപ്പിൽ നിന്ന് അവരുടെ ആവശ്യങ്ങൾ പരിഹരിക്കാനും ആരോഗ്യമിത്ര ചാറ്റ് ബോട്ട് സഹായിക്കുന്നു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കെ.എം.എസ്.സി.എൽ. എംഡി ഡോ. നവജ്യോത് ഖോസ, മെഡിക്കൽ വിദ്യാഭ്യാസ ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, എയിഡ്സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. ആർ. രമേഷ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, ഇ-ഹെൽത്ത് ടെക്നിക്കൽ മാനേജർ വിനോദ് എന്നിവർ പങ്കെടുത്തു.
Share your comments