 
            ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ്സ് ആക്ട് (എഫ്എസ്എസ് ആക്ട് 2006) പ്രകാരം നിർവചിച്ചിരിക്കുന്ന 'ഹെൽത്ത് ഡ്രിങ്ക്' വിഭാഗമല്ലാത്തതിനാൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഹെൽത്ത് ഡ്രിങ്ക് വിഭാഗത്തിൽ നിന്ന് ബോൺവിറ്റയും സമാനമായ മറ്റ് പാനീയങ്ങളും നീക്കം ചെയ്യണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടു.
'ഹെൽത്ത് ഡ്രിങ്ക്' എന്നതിന് ഭക്ഷ്യനിയമത്തിൽ പ്രത്യേക നിർവചനങ്ങൾ ഒന്നുമില്ലെങ്കിലും ഫ്ലേവർ കലർത്തിയിരിക്കുന്ന വെള്ളം മാത്രമാണ് നിലവിലെ എനർജി ഡ്രിങ്ക് എന്ന വിഭാഗത്തിന് കീഴിൽ വരുന്നത്. ഒരു വർഷം മുമ്പ് ബോൺവിറ്റയിൽ പഞ്ചസാരയുടെ അളവ് ഉയർന്നതാണെന്ന് ചൂണ്ടിക്കാട്ടി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ബോൺവിറ്റ നിർമിക്കുന്ന മൊണ്ടെലെസ് ഇൻഡ്യയോട് ആവശ്യപ്പെട്ടിരുന്നു. ബോൺവിറ്റ ഒരു ആരോഗ്യപാനീയമായി ആണ് കമ്പനി അവതരിപ്പിക്കുന്നതെങ്കിലും കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
ഇതേ തുടർന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും പാക്കേജിംഗും പിൻവലിക്കാൻ ബാലാവകാശ കമ്മീഷൻ കമ്പിനിയോട് ആവശ്യപ്പെട്ടു. മൊണ്ടെലെസ് ഇന്റർനാഷണലിൻെറ ഉടമസ്ഥതയിലുള്ള കമ്പനി ബ്രാൻഡിനെതിരെയുള്ള വാദങ്ങൾ അശാസ്ത്രീയമാണെന്ന് പ്രതികരിച്ചു. കാഡ്ബറിയാണ് മൊണ്ടെലെസ് ഇൻറർനാഷണലിൻെറ മാതൃസ്ഥാപനം.
ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ ബോൺവിറ്റയ്‌ക്ക് അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. ഉയർന്ന ശതമാനം പഞ്ചസാരയുടെ അളവും കുട്ടികളുടെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന മറ്റ് ചേരുവകളും ഉള്ളപ്പോഴും ബോൺവിറ്റ ആരോഗ്യ പാനീയമായി സ്വയം ലേബൽ ചെയ്യുന്നുണ്ടെന്ന പരാതിയും ശക്തമാണ്. രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ എല്ലാം ആരോഗ്യ പാനീയം എന്ന കാറ്റഗറിക്ക് കീഴിലാണ് ഉൽപ്പന്നം പ്രദർശിപ്പിക്കുന്നത്. ഇത് നീക്കം ചെയ്യാൻ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്ലാറ്റ് ഫോമുകളോടും വെബ്പോർട്ടലുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments