
പണത്തിന് അത്യാവശ്യമുള്ളവർക്ക് ഇനി എളുപ്പത്തിൽ വായ്പ നേടാം. അതും പലിശ രഹിതമായി. ഓൺലൈൻ പേയ്മെന്റ് ഇടപാട് ആപ്പായ മൊബിക്വിക്ക് ആണ് ഉപഭോക്താക്കൾക്കായി പുതിയ അവസരമൊരുക്കിയത്.
അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഹോം ക്രെഡിറ്റ് ഗ്രൂപ്പിന്റെ പ്രാദേശിക വിഭാഗമായ ഹോം ക്രെഡിറ്റ് ഇന്ത്യയുമായി ചേർന്നാണ് മൊബിക്വിക്ക് 'ഹോം ക്രെഡിറ്റ് മണി' എന്ന പുതിയ സംവിധാനം ആരംഭിച്ചത്.
ഉപഭോക്താക്കൾക്ക് 1,500 രൂപ മുതൽ 10,000 രൂപവരെ പലിശ രഹിത തൽക്ഷണ വായ്പകൾ ആണ് ഹോം ക്രെഡിറ്റ് മണി വഴി ലഭിക്കുക. ഇതുകൂടാതെ 2,40,000 രൂപ വരെ വ്യക്തിഗത വായ്പയും ലഭിക്കും. മൊബിക്വിക്ക് വാലറ്റിലാണ് പണം എത്തുക. ഡിജിറ്റലായി വായ്പകൾ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമും കൂടിയാണ് മൊബിക്വിക്ക്.
100 കോടി ഇന്ത്യക്കാർക്ക് ഡിജിറ്റൽ ക്രെഡിറ്റ് കാർഡ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊബിക്വിക്ക് ആരംഭിച്ചത്. ഭൗതിക രേഖകൾ ഇല്ലാതെ ഹോം ക്രെഡിറ്റിന്റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് തൽക്ഷണ വായ്പ ലഭിക്കും. ഒപ്പം ക്യാഷ്ബാക്ക്, സൂപ്പർ ക്യാഷ്, മാർക്കറ്റ്പ്ലേസ് ഓഫറുകൾ, ഡീലുകൾ എന്നീ ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും.
ഹോം ക്രെഡിറ്റ് ഇന്ത്യയുമായുള്ള മൊബിക്വിക്കിന്റെ പങ്കാളിത്തം പൂർണ്ണമായും ഡിജിറ്റലാണ്. ചെലവ് രീതികൾ മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ യുവതലമുറയ്ക്ക് വേണ്ടിയാണ് പ്രധാനമായും കമ്പനി പുതിയ വായ്പ പദ്ധതി അവതരിപ്പിച്ചത്. ഇ-കൊമേഴ്‌സ് പേയ്‌മെന്റുകൾ, ക്യുആർ പേയ്‌മെന്റുകൾ, ബിൽ പേയ്‌മെന്റുകൾ, പണം കൈമാറ്റം എന്നിവ ഹോം ക്രെഡിറ്റ് മണി വഴി ചെയ്യാനാകും.
മികച്ച ഇ-കൊമേഴ്‌സ് ബ്രാൻഡുകൾ, 30 ലക്ഷത്തിലധികം വരുന്ന ഫിസിക്കൽ റീട്ടെയിലർമാർ, മൂന്നൂറിലധികം ബില്ലർമാർ എന്നിവിടങ്ങളിൽ പണമിടപാടുകൾ നടത്താം. വെറും മാസത്തിനുള്ളിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഒരു ലക്ഷത്തോളം പേരാണ് മൊബിക്വിക്ക് ആപ്പ് ഡൗൺലോഡ് ചെയ്തതെന്നും മൊബിക്വിക്കിന്റെ സഹസ്ഥാപകനും സിഇഒയുമായ ഉപാസന ടാകു പറഞ്ഞു.
അതേസമയം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം പണത്തിന് ആവശ്യമില്ലാത്തവർ ആരും ഉണ്ടാകില്ല. അടിയന്തിരഘട്ടങ്ങളിൽ മിക്കപ്പോഴും എളുപ്പത്തിൽ പണം ലഭിക്കുന്ന ഓൺലൈൻ മാർഗങ്ങളെയാണ് പലരും ആശ്രയിക്കുക.
കുറഞ്ഞ പലിശയ്ക്ക് മികച്ച വായ്പ ലഭ്യമാക്കുന്ന നിരവധി ആപ്പുകൾ ഉണ്ട്. ആപ്പ് വഴി പണം വായ്പ എടുക്കുമ്പോൾ അതിന്റെ ആധികാരികത, വിശ്വസനീയത എന്നിവ പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്.
Share your comments