കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ബ്ലോക്കിന് കീഴിലെ വിവിധ പഞ്ചായത്തുകളിൽ പരിശോധന നടത്തും. പേരാമ്പ്ര, ചടങ്ങരോത്ത്, ചക്കിട്ടപാറ, കൂത്താളി, ചെറുവണ്ണൂർ, കായണ്ണ, നൊച്ചാട് പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മൊബൈല്‍ ജെറിയാട്രിക് യൂണിറ്റ് പദ്ധതിയുടെ ഭാഗമായാണ് വയോജനങ്ങൾക്ക് അരികിലേക്ക് മെഡിക്കൽ സേവനം എത്തിക്കുന്നത്. വയോജനങ്ങള്‍ക്ക് സേവനങ്ങളും സംരക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: സൗജന്യ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ്: ജില്ലാതല ഉദ്ഘാടനം നാളെ
ഡിസംബർ ഒമ്പത് വരെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന ഉണ്ടായിരിക്കും. അഞ്ചാം തിയ്യതി കൂത്താളി പഞ്ചായത്ത് ചെട്ടിയാംചോല, ആറിന് കണ്ണിപൊയിൽ വായനശാല, ഏഴിന് ചങ്ങാരോത്തെ തോട്ടത്താൻകണ്ടി, എട്ടിന് പേരാമ്പ്ര ചേർമല കോളനി, ഒമ്പതിന് ചക്കിട്ടപ്പാറ കൊറത്തിപാറ എന്നിവിടങ്ങളിൽ മൊബെെൽ മെഡിക്കൽ യൂണിറ്റിന്റെ സേവനം ലഭ്യമാകും.
രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് പരിശോധന ഉണ്ടായിരിക്കുക. 60 വയസ്സ് കഴിഞ്ഞ കിടത്തി ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്കാണ് പരിശോധനാ സൗകര്യം. ക്യാമ്പിൽ രോഗികൾക്ക് പ്രഷർ, പ്രമേഹ പരിശോധന നടത്തും. മരുന്നുകളും സൗജന്യമായി ലഭിക്കും. ആദ്യ പരിശോധയ്ക്ക് എത്തുന്നവര്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടു പോവേണ്ടതാണ്.
Share your comments