തിരുവനന്തപുരം: കേരളത്തിൽ സ്ത്രീതൊഴിലാളികൾ ഏറെയുള്ള കാർഷിക - കെട്ടിട നിർമാണ മേഖലകളിൽ കൂടുതൽ ശിശുപരിപാലന കേന്ദ്രങ്ങൾ ആരംഭിക്കാൻ സംസ്ഥാന ഗവൺമെന്റിന് നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര വനിതാ - ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി. സ്മൃതി ഇറാനി പറഞ്ഞു. ലേബർ 20 യുടെ ഭാഗമായി ബി എം എസ് സംസ്ഥാന വനിതാ സംഗമം - ദൃഷ്ടി 2023 തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
കേരളത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്കണവാടികൾ കൂടുതൽ ആധുനികവത്കരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ 33,000 അങ്കണവാടികളിലായി 13 ശതമാനം സൂപ്പർവൈസർ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും ഇത് നികത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശ്രീമതി സ്മൃതി ഇറാനി അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ബജറ്റ് 2023-24: വനിതകൾക്കായി പുതിയ ഒറ്റത്തവണ ചെറുകിട സമ്പാദ്യ പദ്ധതി പ്രഖ്യാപിച്ചു
സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഗുണഭോക്താക്കളെ കണ്ടെത്തി ആനുകൂല്യങ്ങൾ നേരിട്ട് ലഭ്യമാക്കുന്ന പദ്ധതിക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് പ്രധാൻമന്ത്രി മാതൃവന്ദന യോജന. ഇതിലൂടെ കേരളത്തിലെ 7 ലക്ഷത്തോളം ഗർഭിണികൾക്ക് 6000 രൂപയുടെ ധനസഹായം നൽകാൻ സാധിച്ചു. കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്തുകയാണെങ്കിൽ അവർക്കും ധനസഹായം നൽകാൻ കേന്ദ്രം തയ്യാറാണെന്ന് കേന്ദ്രമന്ത്രി ശ്രീമതി സ്മൃതി ഇറാനി അറിയിച്ചു.
കേരളത്തിൽ സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷ ഒരുക്കാൻ സംസ്ഥാന ഗവൺമെന്റ് തയാറാകണമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ വിദേശകാര്യ-പാർലമെൻററികാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ പറഞ്ഞു. ഇന്ത്യയുടെ ജി 20 അധ്യക്ഷസ്ഥാനം മുഴുവൻ സമൂഹത്തിന്റെയും പുരോഗമനം ഉൾക്കൊളളുന്ന ബൃഹത് സംരംഭമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
Share your comments