News

റബ്ബർ ആക്‌ട് പിൻവലിക്കാനുള്ള നീക്കം കർഷകരോടുള്ള യുദ്ധപ്രഖ്യാപനം: ജോസ് കെ മാണി

Kerala Congress (M) has organised a protest

Kerala Congress (M) has organised a protest

കോട്ടയം∙ റബര്‍ ആക്ട് പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കര്‍ഷകരോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി എംപി. റബര്‍ ആക്ട് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വില സ്ഥിരതാ ഫണ്ട് കുടിശിക ഉടന്‍ വിതരണം ചെയ്യുക, റബറിന് 200 രൂപ താങ്ങ് വില നിശ്ചയിക്കുക, റബര്‍ ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, റബര്‍ ബോര്‍ഡ് കേന്ദ്ര സർക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന 161 കോടിയുടെ കോവിഡ് പാക്കേജ് അംഗീകരിച്ച് നടപ്പിലാക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന നേതൃത്വം നടത്തിയ റബര്‍ ബോര്‍ഡ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. kerala Congress (M) has organised a protest in front of Rubber board head office kottayam

അധികാരത്തിലേറിയ കാലം മുതല്‍ വാഗ്ദാന ലംഘനങ്ങളുടെ പരമ്പരയിലൂടെ കടുത്ത കര്‍ഷക വഞ്ചനയാണ് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്നത്. റബര്‍ ആക്ട് ഇല്ലാതായാല്‍ റബര്‍ വില, റബര്‍ വ്യാപാരം, കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കൊന്നും നിയന്ത്രണമോ മേല്‍നോട്ടമോ ഇല്ലാതെ വരും. ഗവേഷണം, സബ്‌സിഡി, സാങ്കേതിക സഹായം എന്നിവ ഇല്ലാതാവും. റബര്‍ കൃഷി പ്രതിസന്ധിയിലായതും റബര്‍ നഷ്ട കച്ചവടമായതും ആസിയാന്‍ കരാര്‍ ഒപ്പിട്ടതിന് ശേഷമായിരുന്നു. നാളിതുവരെയുള്ള വിലയിരുത്തലുകള്‍ അനുസരിച്ച് ആസിയാന്‍ കരാര്‍ റബര്‍ അടക്കമുള്ള കാര്‍ഷിക വിളകളുടെ വില 50 ശതമാനം കുറക്കുകയും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ ആസിയാന്‍ കരാറില്‍ നിന്നും രാജ്യം പിന്‍വാങ്ങണം. അത് സാധ്യമല്ലാത്ത പക്ഷം റബറിന്റെ ഇറക്കുമതി ചുങ്കം 80 ശതമാനമായെങ്കിലും ഉയര്‍ത്തണം.

2016-ല്‍ ഉല്‍പാദന ചെലവ് 172 രൂപയാണെന്ന് കണ്ടെത്തിയ റബര്‍ ബോര്‍ഡ് നിലവിലെ 120 രൂപയ്ക്ക് പകരം 170 രൂപയെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനെ സംബന്ധിച്ച് പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ല. ഇന്നലെ ബാങ്കോക്കിലെ രാജ്യാന്തര വില 118 രൂപയായിരുന്നു. 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തിയാല്‍ വില 148 രൂപയാവും. തായ്‌ലൻഡ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുളള കടത്തുകൂലി ഒരു കിലോക്ക് 5 രൂപ ആകും. അങ്ങനെ നമ്മുടെ രാജ്യത്തെ തുറമുഖങ്ങളില്‍ ഒരു കിലോ റബര്‍ എത്തുമ്പോള്‍ 153 രൂപ ചിലവാകും. ആ സാഹചര്യത്തിലാണ് കോട്ടയം മാര്‍ക്കറ്റില്‍ ഇന്നത്തെ വില 125 രൂപ മാത്രമാണ്. ഒരു കിലോയില്‍ റബര്‍ കര്‍ഷകര്‍ക്ക് 28 രൂപ നഷ്ടമാണെന്നും ജോസ് കെ മാണി പറഞ്ഞു

റബര്‍ കര്‍ഷകരുടെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന ഈ പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്സ് (എം) എംപിമാരും എംഎല്‍എമാരും റബര്‍ ബോര്‍ഡ് ചെയര്‍മാനെ കണ്ട് ചര്‍ച്ച നടത്തി. തോമസ് ചാഴിക്കാടന്‍ എംപി, റോഷി അഗസ്റ്റിന്‍ എംഎല്‍എ, ഡോ.എന്‍. ജയരാജ് എംഎല്‍എ, മുൻ എംഎല്‍എമാരായ ജോസഫ് എം.പുതുശ്ശേരി, സ്റ്റീഫന്‍ ജോര്‍ജ്, പി.എം. മാത്യു, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം എന്നിവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കയര്‍-കയര്‍ ഉല്‍പ്പന്ന കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് സര്‍വകാല റെക്കോര്‍ഡ്


English Summary: Move to withdraw Rubber Act Declaration of war on farmers: Jose K. Mani

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine