വാഴകൃഷി ആദായകരമാക്കാന്‍ കര്‍ഷകര്‍ സുസ്ഥിര കൃഷിരീതികള്‍ അവലംബിക്കണമെന്ന് കണ്ണാറ വാഴ ഗവേഷണ കേന്ദ്രം മേധാവി ഡോക്ടര്‍ പി.ബി.പുഷ്പലത പറഞ്ഞു. തൃശൂരില്‍ വൈഗ 2020 യുടെ ഭാഗമായി വാഴപ്പഴ മേഖലയിലെ സാധ്യതകള്‍ -ഉത്പാദനവും കയറ്റുമതിയും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. കര്‍ഷകരുടെ സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ മെച്ചപ്പെടലുകള്‍ വാഴകൃഷിയിലൂടെ ഉണ്ടാവണം. ഉത്പ്പാദനം കുറയുന്നതും ഗുണമേന്മ കുറയുന്നതും കീടങ്ങളുടെ ആക്രമണം കൂടുന്നതും വലിയ വെല്ലുവിളികളാണ്. ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ കര്‍ഷകര്‍ അനുഭവിക്കേണ്ടിവരുന്നു.
കൃത്യമായ അനുഭവ ജ്ഞാനം കൃഷിയില്‍ വളരെ പ്രധാനമാണ്. മണ്ണാണ് ഇതില്‍ പ്രധാനം. മണ്ണറിഞ്ഞുതന്നെ കൃഷി ഇറക്കണം. അതിന് ആദ്യം ചെയ്യേണ്ടത് മണ്ണുപരിശോധനയാണ്. കൃഷി വകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ പൊതുവെ അമ്ലത്വം കൂടിയ മണ്ണാണുള്ളത്. അതുകൊണ്ടുതന്നെ കുമ്മായം ചേര്‍ത്ത് കൃഷി ചെയ്യേണ്ട അവസ്ഥയാണ്. വാഴകൃഷിക്ക് 5.5 മുതല്‍ 8 വരെ പിഎച്ച് വേണം. അതിനുള്ള മാര്‍ഗ്ഗങ്ങല്‍ കണ്ടെത്തിയേ കൃഷി ഇറക്കാവൂ.മിക്ക രോഗങ്ങള്‍ക്കും കാരണമാകുന്നത് വളങ്ങളുടെ കുറവും ഉള്ള വളം ആഗിരണം ചെയ്യാന്‍ മണ്ണിന് കഴിയാത്തതുമാണ്. മണ്ണറിഞ്ഞ് വളം ചെയ്യണം. അമ്ലത്വം തിരിച്ചറിഞ്ഞ് ശാസ്ത്രീയ കൃഷി രീതികള്‍ അവലംബിക്കണം.
മിക്ക വാഴ കര്‍ഷകരും ആവര്‍ത്തന കൃഷിയാണ് ചെയ്യുന്നത്. ഇത് അപകടകരമാണ് .ആവര്‍ത്തന കൃഷിക്കു പകരം റോട്ടേഷന്‍ കൃഷി അവലംബിക്കണം. ഒരിക്കല്‍ വാഴ കൃഷി ചെയ്തു കഴിഞ്ഞാല്‍ അവിടെ കിഴങ്ങു വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യണം. അതല്ലെങ്കില്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യണം. വാഴയ്ക്ക് ഇടവിളയായും റൊട്ടേഷനായും മഞ്ഞള്‍ കൃഷി ചെയ്യുന്നതും നല്ലതാണ്. പയര്‍ വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്താല്‍ ആവശ്യമായ അളവില്‍ നൈട്രജന്‍ മണ്ണിലുണ്ടാകും. മണ്ണിന്റെ കുത്തിയൊലിപ്പ് തടയുന്ന കൃഷികളും ശ്രദ്ധിക്കാവുന്നതാണ്. മേല്‍മണ്ണ് ഒഴുകിപോകാതെ നോക്കണം. വാഴ വച്ചു കഴിഞ്ഞാലുടന്‍ പയര്‍ കൃഷി ചെയ്യുന്നത് നല്ലതാണ്. അവ പുഷ്പ്പിച്ചാലുടന്‍ മണ്ണില്‍ ചേര്‍ക്കണം. അത് വീണ്ടും ആവര്‍ത്തിക്കുന്നതും മണ്ണിന് ഗുണം ചെയ്യും.
98 % വാഴ കര്‍ഷകരും നേന്ത്രനാണ് കൃഷി ചെയ്യുന്നത്. അനവധി നേന്ത്രനുകള്‍ ലഭ്യമാണ് നാട്ടില്‍. കണ്ണാറയില്‍ തന്നെ പത്തിനം വികസിപ്പിച്ചിട്ടുണ്ട്. ഇതില്‍ 2-3 ഇനം മികച്ചതാണ്. പ്രധാനമായും മഞ്ചേരി നേന്ത്രന്‍-2. നെടുനേന്ത്രന് വരുന്ന രോഗങ്ങളെയും കീടങ്ങളെയും തടയാനുളള പ്രതിരോധ ശേഷി ഇതിനുണ്ട്. ഉപ്പേരി കൂടുതല്‍ ലഭിക്കും. മറ്റൊന്ന് പൊപ്പോലുവാണ്. ഉപ്പേരിക്ക് ഏറ്റവും മികച്ചതുമാണ്, നേന്ത്രന്റെ സ്വാദും കിട്ടും. മസാല ചിപ്‌സിന് മികച്ചതാണ് കുള്ളന്‍ കര്‍പ്പൂരവല്ലി. ഇതിന്റെ വാഴപ്പിണ്ടി ജ്യൂസും സ്വാദിഷ്ടമാണ്. ഇതെല്ലാം ഉത്പ്പാദന വൈവിധ്യവത്ക്കരണത്തിന് പ്രയോജനം ചെയ്യുന്നവയാണ്.
ടിഷ്യൂ കള്‍ച്ചര്‍ വാഴകളാണ് ശ്രദ്ധയോടെ കൃഷി ചെയ്യേണ്ട മറ്റൊരിനം. ഒരു മുകുളത്തില്‍ നിന്നു തന്നെ ആയിരത്തിലധികം തൈകളുണ്ടാക്കാം. ഇവ വൈറസ് വിമുക്തമാണ് താനും. ശരിയായ തൈ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. നല്ല വിത്തില്‍ നിന്നെടുത്തതാണ് എന്നുറപ്പാക്കണം. ജലസേചനം, തണല്‍ എന്നിവയൊക്കെ ശ്രദ്ധിക്കണം. ഒരു മാണത്തില്‍ നിന്നു തന്നെ അനേകം തൈകള്‍ ഉത്പ്പാദിപ്പിക്കാനുളള സാങ്കേതിക വിദ്യകളുണ്ട്. അത് പഠിക്കണം. അങ്ങിനെ ആയാല്‍ പറമ്പിലെ നല്ല വിത്തില്‍ നിന്നുതന്നെ തൈകള്‍ കണ്ടെത്താം, മറ്റു സ്ഥലങ്ങളില്‍ നിന്നും വാങ്ങേണ്ടതില്ല.
സാന്ദ്രതാ കൃഷിയാണ് കര്‍ഷകര്‍ അവലംബിക്കേണ്ട മറ്റൊരു രീതി. കുറഞ്ഞ ഇടത്ത് കൂടുതല്‍ കൃഷി എന്നതാണ് ഇതിന്റെ പ്രയോജനം. ജലസേചനത്തിലും വളപ്രയോഗത്തിലുമൊക്കെ സാങ്കേതികത്തികവ് ആവശ്യമാണ്. ജലം വേണ്ടത് വേരുകള്‍ക്കാണ്. അതുകൊണ്ടുതന്നെ ഡ്രിപ്പ് ഇറിഗേഷനും ഫെര്‍ട്ടിഗേഷനും അവലംബിക്കുന്നതാണ് നല്ലത്. ഇതിനുളള സമയക്രമവും പ്രധാനമാണ്.
ജൈവകൃഷിയാണ് ഇപ്പോള്‍ പൊതുവെ പ്രോത്സാഹിപ്പിക്കുന്നത്. ഇതിന് ലഭ്യമാകുന്ന വളത്തിന്റെ ഗുണമേന്മ ഉറപ്പാക്കണം. കീടങ്ങളെയും രോഗങ്ങളെയും കൈകാര്യം ചെയ്യുന്നതിലും അതീവ ശ്രദ്ധ വേണ്ടതുണ്ട. കൃഷി വാണിജ്യാടിസ്ഥാനത്തിലാവേണ്ടതുണ്ട്. എങ്കില്‍ മാത്രമെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയൂ. ഇതിനാവശ്യമായ എല്ലാ നിര്‍ദ്ദേശങ്ങളും കണ്ണാറ വാഴ ഗവേഷണ കേന്ദ്രം നല്‍കുന്നുണ്ട്. ഡോക്ടര്‍ പുഷ്പലതയുടെ നമ്പര്‍-- 9965726699
Share your comments