പുതിയ വാഹനങ്ങളുടെ പരിശോധന ഒഴിവാക്കാനുള്ള തീരുമാനം മോട്ടോർ വാഹനവകുപ്പ് പിൻവലിച്ചു. വാഹനങ്ങളുടെ രജിസ്‌ട്രേഷനുള്ള 'വാഹൻ' സോഫ്റ്റ്‌വേറിൽ കേന്ദ്രം മാറ്റം വരുത്തുന്നതുവരെ നിലവിലെ രീതി തുടരാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉദ്യോഗസ്ഥർക്ക് വാട്‌സ്ആപ് സന്ദേശം നൽകി.
പരിശോധന ഒഴിവാക്കുന്നത് സംബന്ധിച്ച് ശനിയാഴ്ച ഇറക്കിയ ഉത്തരവ് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാൽ ബുധനാഴ്ച വരെ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കില്ല. സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. അതേസമയം, പരിശോധന ഒഴിവാക്കുമ്പോൾ ക്രമക്കേടുകൾ എങ്ങനെ തടയുമെന്നത് സംബന്ധിച്ച് മോട്ടോർവാഹനവകുപ്പ് വിശദീകരണം നൽകിയിട്ടില്ല.
വാഹനങ്ങളുടെ എൻജിൻ, ചേസിസ് നമ്പരുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന വിവരങ്ങളെല്ലാം വാഹന നിർമാതാവാണ് സോഫ്റ്റ്‌വെയറിൽ ഉൾക്കൊള്ളിക്കുന്നത്. വാങ്ങുന്നയാളിന്റെ പേരും മേൽവിലാസവും ഉൾക്കൊള്ളിക്കാൻ മാത്രമാണ് ഡീലർക്ക് അനുമതിയുള്ളത്. വാഹന നിർമാതാവിന്റെ ഭാഗത്ത് നിന്നും പിഴവുകളുണ്ടായാൽ വൻ തുക പിഴ ഈടാക്കാനുള്ള വ്യവസ്ഥയുണ്ടെന്ന് അധികൃതർ പറയുന്നു.
ഉദ്യോഗസ്ഥ പരിശോധന ഒഴിവാക്കപ്പെടുമ്പോൾ പുതിയ വാഹനങ്ങൾ ഉടമ തന്നെ സൂക്ഷ്മമായി പരിശോധിക്കേണ്ടി വരും. കേന്ദ്രനിയമ പ്രകാരം ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാതെ ഷോറൂമിൽ പോയി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് വാഹനങ്ങൾ പരിശോധിക്കാം. എന്നാൽ അതിന് വകുപ്പ് തയ്യാറായിട്ടില്ല. .
ഇക്കാര്യം പരിശോധിക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഗതാഗതസെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
Share your comments