<
  1. News

ഓണത്തെ വരവേൽക്കാനൊരുങ്ങി കേരളം; ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതൽ

സിവിൽ സപ്ലൈസ് കോർപറേഷന്റെ ഓണം മേളകൾ ആഗസ്ത് 27 ന് തുടങ്ങും. സെപ്തംബർ ആറുവരെ നീളുന്ന മേളയിൽ ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

Darsana J

1. സിവിൽ സപ്ലൈസ് കോർപറേഷന്റെ ഓണം മേളകൾ ആഗസ്ത് 27 ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി ആർ അനിൽ. സെപ്തംബർ ആറുവരെ നീളുന്ന വിൽപ്പനകേന്ദ്രങ്ങളിലൂടെ ഗുണനിലവാരമുള്ള അവശ്യസാധനങ്ങൾ ലഭ്യമാക്കും. ജില്ലാ ആസ്ഥാനങ്ങളിലും മേള 27ന് തുടങ്ങും. എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ മേളകളും സംഘടിപ്പിക്കും. എല്ലാ നിയോജകമണ്ഡലത്തിലും സംസ്ഥാനത്തെ 500 സൂപ്പർ മാർക്കറ്റിലും സെപ്തംബർ ഒന്നുമുതൽ ചന്തകൾ തുടങ്ങും.

പച്ചക്കറി ഉൾപ്പെടെ ഇവിടെനിന്ന് ലഭിക്കും. സപ്ലൈകോ 1000 മുതൽ 1200 രൂപവരെ വിലയുള്ള പ്രത്യേക ഓണക്കിറ്റുകൾ വിൽക്കും. ഓരോ സൂപ്പർ മാർക്കറ്റിലും കുറഞ്ഞത് 250 കിറ്റ് വിൽക്കും. ഓരോ 100 കിറ്റിലും ഒരു സമ്മാനം നൽകും. സംസ്ഥാനതലത്തിൽ മെഗാ നറുക്കെടുപ്പ് നടത്തി സമ്മാനം നൽകും. തുണിസഞ്ചി ഉൾപ്പെടെ 14 ഇനം അടങ്ങിയ ഓണക്കിറ്റ് വിതരണം ആഗസ്ത് 10ന് ആരംഭിക്കും. (കടപ്പാട്: ദേശാഭിമാനി)

2. ദേശീയ പുരസ്‌കാരങ്ങൾ നേടി കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. മികച്ച വാർഷിക റിപ്പോർട്ടിനുള്ള ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ പുരസ്‌കാരവും മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്റു പുരസ്‌കാരവുമാണ് സിഎംഎഫ്ആർഐ സ്വന്തമാക്കിയത്. പിഎച്ച്ഡി ഗവേഷക ഡോ. എം. അനുശ്രീയാണ് മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരം നേടിയത്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് സ്ഥാപനം ഈ നേട്ടം സ്വന്തമാക്കുന്നത്. ഐസിഎആറിന് കീഴിലുള്ള ഇന്ത്യയിലെ 114 സ്ഥാപനങ്ങളുമായി മത്സരിച്ചാണ് സിഎംഎഫ്ആർഐ പുരസ്‌കാരനേട്ടം കൈവരിച്ചത്. 

ബന്ധപ്പെട്ട വാർത്തകൾ: അങ്കണവാടി കുട്ടികൾക്ക് ഇനിമുതൽ പാലും മുട്ടയും

3. നിർത്തലാക്കിയ ഗോതമ്പിനു പകരം 991 ടൺ റാഗി ആദ്യഘട്ടമായി കേരളത്തിനു നൽകുമെന്ന്‌ കേന്ദ്രസർക്കാർ. കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രി പീയൂഷ്‌ ഗോയലും മന്ത്രി ജി ആർ അനിലും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. റാഗി പൊടിച്ച്‌ റേഷൻകട വഴി വിതരണംചെയ്യും. ആദ്യഘട്ടമായി എല്ലാ പഞ്ചായത്തിലെയും ഒരു റേഷൻകടയിലും ഇടുക്കി, പാലക്കാട്‌, വയനാട്‌ ജില്ലകളിലെ എല്ലാ റേഷൻ കടകളിലും റാ​ഗി വിതരണംചെയ്യുമെന്നും മന്ത്രി വാർത്താസമ്മേളത്തിൽ പറഞ്ഞു. വെള്ളക്കടലയും ഇതേ മാതൃകയിൽ വിതരണംചെയ്യും. എത്രടൺ കടലയാണെന്ന്‌ ലഭ്യമാകുക എന്ന് അറിവായിട്ടില്ല. (കടപ്പാട്: ദേശാഭിമാനി)

57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗങ്ങൾക്ക്‌ ഇതേത്തുടർന്ന്‌ ഗോതമ്പ്‌ നൽകാനാവുന്നില്ല. അരി, ഗോതമ്പ്‌ എന്നിവ ധാരാളമായി ഉപയോഗിക്കുന്ന മലയാളിയുടെ ജീവിതശൈലീരോഗങ്ങൾക്ക്‌ റാഗി പരിഹാരമാകുമെന്നാണ്‌ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തൊള്ളായിരത്തോളം അഗതിമന്ദിരങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ ഭക്ഷ്യധാന്യവിഹിതം ആഗസ്ത്‌ മുതൽ പുനഃസ്ഥാപിക്കും. അഗതിമന്ദിരങ്ങൾ, പട്ടികജാതി-പട്ടികവർഗ ഹോസ്റ്റലുകൾ തുടങ്ങിയവയിൽ 34,000 പേർക്ക്‌ ഇത്‌ ആശ്വാസമാണ്‌. നിലവിൽ സംസ്ഥാന വിഹിതത്തിൽനിന്ന്‌ സൗജന്യമായാണ്‌ ഭക്ഷ്യധാന്യങ്ങൾ നൽകിയിരുന്നത്‌. ഓണത്തിനു കൂടുതൽ അരി ആവശ്യപ്പെട്ടിട്ടുണ്ട്‌.

4. ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം. അടുത്തിടെ തിരുവനന്തപുരം കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ നവ്ജ്യോത് ഖോസയെ ലേബ‍ർ കമ്മീഷണറായി നിയമിച്ചു. നവ്ജ്യോത് ഖോസയെ മെഡിക്കൽ സർവീസസ് കോ‍ർപ്പറേഷനിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാൽ അവധി കഴിഞ്ഞെത്തിയ ഡോ.ചിത്രയാണ് പുതിയ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡി. പിആ‍ർ‍ഡി ഡയരക്ടർ ജാഫർ മാലിക്കിന് കുടുംബശ്രീ ഡയറക്ടറുടെ അധിക ചുമതല നൽകി.

മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയരക്ടറായി എൻ. ദേവീദാസിനെയും നിയമിച്ചു. കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലാ കളക്ടർമാരെ അടക്കം മാറ്റിയത്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായും രേണു രാജിനെ എറണാകുളം ജില്ലാ കളക്ടറായി നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജിനെയാണ് നിയമിച്ചത്. (കടപ്പാട്: ന്യൂസ്18)

5. പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ പാലും മുട്ടയും നല്‍കും. വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുക, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. അതിനായി ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നല്‍കാനാണ് തീരുമാനം. 3 വയസ് മുതല്‍ ആറ് വയസ് വരെയുളള 4 ലക്ഷത്തോളം പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഈ പദ്ധതി വഴി ഗുണം ലഭിക്കും.

6. ലൈഫ്‌ ഭവന പദ്ധതി മൂന്ന് ലക്ഷം വീടുകളും കഴിഞ്ഞ്‌ മുന്നോട്ടുകുതിക്കുകയാണ്‌‌. ഇതിനകം 3,00,598 വീടുകളുടെ‌ നിർമ്മാണമാണ്‌ പൂർത്തിയായത്‌. ഇതിന്‌ പുറമേ 25,664 വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്‌‌. 5.64 ലക്ഷം ഗുണഭോക്താക്കളുള്ള രണ്ടാം ഘട്ടം ലൈഫ്‌ കരട്‌ പട്ടിക ഗ്രാമസഭകൾ ഇപ്പോൾ പരിശോധിക്കുകയാണ്‌. ആഗസ്റ്റ്‌ 16ന്‌ അന്തിമ പട്ടിക പ്രസിദ്ധീകരിച്ച്‌, മുൻഗണനാ ക്രമത്തിൽ ഈ വീടുകളുടെയും നിർമ്മാണത്തിലേക്ക്‌ കടക്കും. ഓരോ മനുഷ്യനും അടച്ചുറപ്പുള്ള വീടൊരുക്കി സർക്കാർ മുന്നോട്ട്‌ കുതിക്കുകയാണ്. 

7. കാട്ടാനകളിറങ്ങി കൃഷിനാശം രൂക്ഷമായിട്ടും അകറ്റാൻ നടപടി ശക്തമാക്കാത്തതിനെതിരെ കർഷകർ സമരത്തിലേക്ക്. കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ടു ധർണ നടത്തും. ദ്രുതകർമ സേനയെ നിയോഗിക്കുക, കുങ്കിയാനകളെ ഉപയോഗിച്ച് ആനകളെ പറമ്പിക്കുളത്ത് എത്തിക്കുക, കാട്ടാനകൾ വിളകൾ നശിപ്പിച്ച കർഷകർക്ക് അർഹമായ നഷ്ട പരിഹാരത്തുക ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.

മുതലമട, എലവഞ്ചേരി, കൊല്ലങ്കോട് പഞ്ചായത്തുകളിലെ മലയോര കർഷകരെയാണു കാട്ടാനകളിറങ്ങി കൃഷി നശിപ്പിക്കുന്നതു രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കർഷകരും വനംവകുപ്പും സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലികൾ തകർത്താണു കാട്ടാനകൾ കൃഷിയിടത്തിലേക്ക് എത്തുന്നത്. സമര പ്രഖ്യാപന യോഗത്തിൽ കർഷക സംരക്ഷണ സമിതി ജില്ലാ ചെയർമാൻ സി.വിജയൻ അധ്യക്ഷനായി. കെ.ചിദംബരൻകുട്ടി, സി.പ്രഭാകരൻ, എം.അനിൽബാബു, എ.സാദിഖ്, സുരേഷ് എസ്.ഒനൂർപള്ളം, കെ.ശിവാനന്ദൻ, എൻ.ജയരാജൻ എന്നിവർ പ്രസംഗിച്ചു. (കടപ്പാട്: മനോരമ)

8. സഹകരണ മേഖലയും കാർഷിക മേഖലയും പരസ്പര പൂരകങ്ങളെന്ന് സഹകരണ- രജിസ്ട്രേഷൻ- സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ. രണ്ട് മേഖലയും ഒത്തൊരുമിച്ച് പ്രവർത്തിക്കുമ്പോൾ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുങ്ങും. കാർഷിക മേഖലയെ ഉത്തേജിപ്പിക്കാൻ വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കുക എന്നത് സംസ്ഥാന സഹകരണ വകുപ്പിൻ്റെ കാഴ്ച്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു. പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിൻ്റെ പൊക്കാളി റൈസ് മിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജനജീവിതത്തിൻ്റെ സമസ്ത മേഖലകളിലും സഹായ സഹകരണങ്ങൾ നൽകുന്ന സമാന്തര സാമ്പത്തിക സംവിധാനമാണ് സഹകരണ ബാങ്കുകൾ. എന്നാൽ ചിലർ ബോധപൂർവം പ്രസ്ഥാനത്തെ തകർക്കാൻ അപവാദ പ്രചാരണങ്ങൾ നടത്തുന്നു. ആരു വിചാരിച്ചാലും സഹകരണ മേഖലയെ തകർക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

9. വർധിച്ച ഉൽപ്പാദനച്ചെലവിനൊപ്പം പ്രതീക്ഷിച്ച വില കിട്ടാതായതോടെ രാജ്യത്തെ ആപ്പിൾ കർഷകർ ​​ദുരിതത്തിലെന്ന് ഇന്ത്യൻ ആപ്പിൾ ഫാർമേഴ്‌സ്‌ ഫെഡറേഷൻ. കർഷകരെ പിന്തുണയ്‌ക്കാത്ത കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് അനുകൂല നയങ്ങളെ സംഘടന വിമർശിച്ചു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ്‌ തോമർക്ക്‌ ഫെഡറേഷൻ അവകാശ പത്രിക സമർപ്പിച്ചു.

ന്യായമായ വില ലഭ്യമാക്കുക, താങ്ങുവില പ്രഖ്യാപിക്കുക, കിട്ടാനുള്ള പണം നൽകുക, മൂല്യവർധിത ഉൽപ്പന്നങ്ങൾ പുറത്തിറക്കുക, സബ്‌സിഡി പുനഃസ്ഥാപിക്കുക, തോട്ടങ്ങൾ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമാക്കുക തുടങ്ങി 11 ആവശ്യം പത്രികയിലുണ്ട്. സർക്കാർ സംഭരണകേന്ദ്രങ്ങൾ അദാനിക്ക്‌ നൽകിയതോടെ കർഷകരുടെ 30 ശതമാനത്തോളം വിള നശിക്കുന്നു. (കടപ്പാട്: ദേശാഭിമാനി)

10. സൗദിയിൽ ഇറച്ചിക്കോഴി ഉൽപാദനം കൂട്ടാൻ പുതിയ പദ്ധതി ആവിഷ്​കരിക്കുന്നു. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി സൗദി കാർഷിക മന്ത്രാലയത്തിനുകീഴിൽ 17,000 കോടി റിയാലിന്റെ നിക്ഷേപം ഈ രംഗത്തുണ്ടാകും. ചരക്കുനീക്കത്തിനുള്ള നിരക്ക് വർധിച്ചതോടെ സൗദിയിൽ കോഴിയിറച്ചിയുൾപ്പെടെ ഉൽപന്നങ്ങൾക്ക് വില വർധിച്ചിരുന്നു. അവശ്യസാധനങ്ങളുടെ വിലവർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. 2016ൽ കോഴിയിറച്ചി ഉൽപാദനത്തിൽ രാജ്യത്തിന്റെ സ്വയംപര്യാപ്തത നിരക്ക് 45 ശതമാനമായിരുന്നു.

2022ൽ ഇത് 68 ശതമാനമായി ഉയർന്നു. 2025ഓടെ 80 ശതമാനമാക്കി ഉയർത്തുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോഴി ഉൽപാദന മേഖലയിൽ 1700 കോടി റിയാൽ നിക്ഷേപിക്കും. പ്രതിവർഷം 13 ലക്ഷം ടൺ ബ്രോയിലർ കോഴികളുടെ ഉൽപാദനശേഷി കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. ദേശീയ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, പ്രാദേശികമായ സംഭാവനകൾ ഉയർത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയും പുതിയ പദ്ധതി ലക്ഷ്യംവെക്കുന്നു. (കടപ്പാട്: മാധ്യമം)

11. കേരളത്തിൽ വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഇന്ന് മുതൽ മൂന്നാം തിയ്യതി വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. തെക്കൻ ബംഗാൾ ഉൾക്കടൽ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്.

English Summary: Onam kit distribution to start from August 10: Food Minister GR Anil

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds