കൊല്ലം ജില്ലയിൽ എംആർഎ നഗർ വനിതാവേദി ആദ്യമായി നടത്തിയ കർഷകചന്ത വിജയകരമായി പൂർത്തിയാക്കി. ഇത് എംആർഎ നഗറിന്റെ ചരിത്രത്താളുകളിൽ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്. കൂടാതെ മറ്റ് നഗർ അസോസിയേഷനുകളിൽ നിന്ന് വ്യത്യസ്തമായി ആദ്യമായാണ് കൊല്ലം കോർപ്പറേഷനിൽ ഒരു വനിതാകൂട്ടായ്മ മുന്നിട്ട് വന്ന് ഒരു കാർഷിക ചന്ത വിജയിപ്പിക്കുന്നത്.
ആഗസ്റ്റ് 17 മുതൽ 20 വരെ കൊല്ലം കൃഷിഭവന്റെയും ഹോർട്ടികോർപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മേടയിൽ മുക്ക് സെഞ്ച്വറി സൂപ്പർ മാർക്കറ്റിന് മുൻവശം നടന്ന ഓണം പച്ചക്കറി ചന്തയിൽ ഏകദേശം 35,000 രൂപയുടെ പച്ചക്കറികൾ മികച്ച ലാഭത്തോടെ ആണ് വിറ്റുപോയത്. കൊല്ലം ഹോർട്ടികോർപ്പിൽ(Horticorp) നിന്നെടുത്ത പച്ചക്കറികൾക്ക് ആവശ്യക്കാർ വളരെയേറെ ആയിരുന്നു. സംഘാടകരെ പോലും അത്ഭുതപ്പെടുത്തി പ്രതീക്ഷിച്ചതിലും കൂടുതൽ ആൾ തിരക്കുണ്ടായിരുന്നു.
തുടക്കക്കാരെങ്കിലും പതറാതെ ഉപഭോക്താക്കൾക്ക് പച്ചക്കറികളുടെ വില കണക്കുകൂട്ടി കൃത്യമായി അളന്നു തൂക്കി നൽകാൻ വനിതാ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. പച്ചക്കറികൾ നശിച്ചുപോകാതെ അപ്പപ്പോൾ തന്നെ വിറ്റഴിക്കാൻ കഴിഞ്ഞത് അവരുടെ കൂട്ടായ പരിശ്രമത്തിന്റെ വലിയൊരു വിജയം തന്നെയാണ്.
തുടക്കക്കാർക്കുള്ള ആശയകുഴപ്പം (Confusion in venture)
പക്ഷേ ഈ വിജയത്തിന് പിന്നിൽ കഷ്ടപ്പാടിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ കൂടിയുണ്ട്. ഏതൊരു തുടക്കക്കാർക്കും ഉള്ള ആശയകുഴപ്പം അഡ്വക്കേറ്റ് സോജയുടെ നേതൃത്വത്തിലുള്ള വനിതാ കൂട്ടായ്മയ്ക്ക് ഉണ്ടായിരുന്നു. ആദ്യമായി കൊല്ലം ഹോർട്ടികോർപ്പിൽ ചെന്നപ്പോൾ പതിനേഴാം തീയതിയുള്ള സ്ലോട്ട് മുഴുവൻ ബുക്ക് ചെയ്തിരിക്കുക ആണെന്നും അതിനാൽ പതിനാറാം തീയതി വന്ന് പച്ചക്കറി വാങ്ങിച്ചോളാൻ പറയുകയായിരുന്നു.
അങ്ങനെ പതിനാറാം തീയതി തന്നെ ഏകദേശം 35,000 രൂപയുടെ പച്ചക്കറികൾ ഹോർട്ടികോർപ്പിൽ നിന്നും വാങ്ങി. എന്നാൽ പിന്നീടാണ് പതിനാറാം തീയതി വരെ ഹോർട്ടികോർപ്പിൽ നിന്ന് പച്ചക്കറികൾ മൊത്ത വിലയ്ക്കാണ് നൽകുന്നതെന്നും പതിനേഴാം തീയതി മുതൽ മാത്രമേ സബ്സിഡി ഉള്ളൂവെന്നും അറിയുന്നത് .
"പതിനേഴാം തീയതിയിലെ സബ്സിഡിയെ കുറിച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥരും ഞങ്ങളോട് പറഞ്ഞില്ല. പതിനാറാം തീയതി ഉൽപ്പന്നങ്ങൾ എടുക്കാൻ പോയപ്പോൾ പോലും ഹോർട്ടികോർപ്പ് ഉദ്യോഗസ്ഥർ തങ്ങളോട് ഈ സബ്സിഡിയെ കുറിച്ച് ഒരക്ഷരം പോലും ഉരിയാടിയില്ല ", വനിത കൂട്ടായ്മയുടെ പ്രസിഡന്റ് അഡ്വക്കേറ്റ് സോജാ അഭിപ്രായപ്പെട്ടു.
എങ്കിലും ഈ അറിവില്ലായ്മ പുതിയൊരു തിരിച്ചറിവിലേക്ക് ഉള്ള വഴികാട്ടിയായി. ഒരു കർഷക ചന്ത എങ്ങനെ നടത്തണമെന്നും എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടെന്നും ഉപഭോക്താക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും മനസ്സിലാക്കി ഭാവിയിലേക്കുള്ള ഒരു ഹോംവർക്കും ഒരു പുതു കാൽവെയ്പ്പുമായിരുന്നു അവർക്ക് ഈ ചന്ത .
മേടയിൽ മുക്കിലെ സെഞ്ച്വറി സൂപ്പർമാർക്കറ്റിന്റെ ഉടമസ്ഥൻ സൂപ്പർമാർക്കറ്റിനു മുമ്പിലുള്ള സ്ഥലം കർഷക ചന്ത നടത്താൻ അനുവദിക്കുകയും അതോടൊപ്പം അതിനു വേണ്ട സൗകര്യങ്ങളും ഒരുക്കി കൊടുത്തു. ഇത് അവർക്ക് വലിയൊരു അനുഗ്രഹം ആവുകയും അതിനാൽ മറ്റ് അധികചെലവുകൾ ഇല്ലാതെ കർഷക ചന്ത ലാഭകരമായി മുന്നോട്ട് കൊണ്ടു പോകാൻ കഴിഞ്ഞു.
കൊല്ലം ഡെപ്യൂട്ടി മേയർ കൊല്ലം മധു ആണ് കർഷകചന്ത ഉദ്ഘാടനം ചെയ്തത്.
പതിനഞ്ചോളം അംഗങ്ങളുള്ള വനിതാവേദിയുടെ പ്രസിഡന്റ് അഡ്വക്കേറ്റ് സോജ തുളസീധരൻ, സെക്രട്ടറി ബീന, വൈസ് പ്രസിഡന്റ് ഹസീന, ജോയിൻ സെക്രട്ടറി മുംതാസ് തുടങ്ങിയവരാണ് നാല് ദിവസത്തെ കർഷക ചന്തയ്ക്ക് നേതൃത്വം നൽകിയത്. ഇവരുടെ കൂട്ടായ വിജയം ഇന്ന് എംആർഎ യിലെ 120 കുടുംബങ്ങൾക്കും മുന്നോട്ടുള്ള പ്രയാണത്തിന് പ്രോത്സാഹനവും ഊർജവും പകർന്നിരിക്കുന്നു.
Share your comments