എറണാകുളം: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയിലൂടെ എറണാകുളം ജില്ലയില്‍ 10971 സംരംഭങ്ങള്‍ ആരംഭിച്ചു. ഇതുവഴി 938.67 കോടി രൂപയുടെ നിക്ഷേപവും 26852 തൊഴിലവസരങ്ങളും ഉണ്ടായതായി വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ് അറിയിച്ചു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യോഗത്തില്‍ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദുമോള്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്കുകളിലെത്തുന്ന അപേക്ഷകളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സംരംഭം തുടങ്ങുന്നതിനു സഹായം നല്‍കുന്നതിനൊപ്പം തന്നെ സംരംഭം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും സംരംഭകര്‍ക്കു പിന്തുണ നല്‍കണം. ഭക്ഷ്യ സംസ്‌കരണം മേഖലകളില്‍ സംഭരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കണമെന്നും ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദേശിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: നൂറ് ശതമാനം പൂര്‍ത്തിയാക്കി ആലുവ 270 തൊഴിലവസരങ്ങള്‍, 684.2 ലക്ഷം രൂപയുടെ നിക്ഷേപം
പദ്ധതിയുടെ ഭാഗമായി കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ ചാറ്റ് വിത്ത് മിനിസ്റ്റര്‍ പരിപാടി ആരംഭിച്ചിട്ടുണ്ട്. ജില്ലാ വ്യവസായ കേന്ദ്രം റിസോഴ്‌സ് പേഴ്‌സണ്‍മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികള്‍ക്ക് പരമാവധി ഏഴു ദിവസത്തിനുള്ളില്‍ പരിഹാരം കാണും.
ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന സാധ്യതകള്‍ ഒരുക്കുന്നതിന് താലൂക്ക്തലങ്ങളില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വിപണന മേളകള്‍ സംഘടിപ്പിച്ച് വരുന്നു. ഒരു വര്‍ഷം ഒരു ലക്ഷം പദ്ധതിയില്‍ തൃക്കാക്കര, അങ്കമാലി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ആലുവ, എടവനക്കാട്, തിരുവാണിയൂര്‍, കുഴുപ്പിള്ളി, ഇലഞ്ഞി, നെല്ലിക്കുഴി, എടവനക്കാട് എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ 100 ശതമാനം നേട്ടം കൈവരിച്ചു. പദ്ധതിയുടെ ഭാഗമായി ലൈസന്‍സ്, സബ്സിഡി, ലോണ്‍ മേളകളും നടന്നു.
ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ അവലോകനയോഗങ്ങളും ചേര്‍ന്നു. ജില്ലാ വ്യവസായ വകുപ്പ് സംരംഭകര്‍ക്കായി പ്രത്യേക പരിശീലനങ്ങളും ശില്‍പശാലകളും സാങ്കേതികസഹായങ്ങളും ഉറപ്പാക്കുന്നുണ്ട്. ജില്ലയില്‍ ശില്‍പശാലകള്‍ ഏകോപിപ്പിക്കാനും സബ്സിഡി, വായ്പ സേവനങ്ങള്‍ എന്നിവയെ സംബന്ധിച്ച് സംരംഭകരെ ബോധവല്‍ക്കരിക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 113 ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്.
യോഗത്തില്‍ ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍.സംഗീത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments