സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ സവാള ക്ഷാമവും വിലക്കയറ്റവും പരിഹരിക്കുന്നതിനായി കൺസ്യൂമർഫെഡിൽ നാഫെഡ് വഴി സംഭരിച്ച സവാളയുടെ വിതരണം ത്രിവേണികൾ , നീതിസ്റ്റോറുകൾ മുഖേന നവംബർ മൂന്ന് മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കിലോയ്ക്ക് 45 രൂപ വച്ച് റേഷൻ കാർഡിന് രണ്ട് കിലോ സവാള ലഭിക്കും.
നാഫെഡിൽ നിന്നും 35 രൂപയ്ക്കാണ് സവാള വാങ്ങുന്നത്. കടത്തുകൂലിയും തരംതിരിക്കലുമെല്ലാം കഴിയുമ്പോൾ 45 രൂപയ്ക്ക് സംസ്ഥാന സർക്കാരുകളുടെ ഏജൻസികൾ വഴി വിൽക്കാൻ കഴിയും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറികളായ തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയാണ്. ഇവയെയാണ് TOP (ടൊമാറ്റൊ, ഒനിയൻ, പൊട്ടറ്റോ) എന്ന് അറിയപ്പെടുന്നത്. ഇവ സംസ്ഥാന സർക്കാരുകളുടെ ഏജൻസികൾ നേരിട്ട് സംഭരിക്കുകയാണെങ്കിൽ പ്രത്യേക ആനുകൂല്യങ്ങൾ കേന്ദ്ര കൃഷി വകുപ്പ് നൽകുന്നുണ്ട്. ഈ സ്കീമിൽ നേരിട്ട് തക്കാളി, സവാള, ഉരുളക്കിഴങ്ങ് സംഭരിക്കുന്നതിന് സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഉള്ളിയും മറ്റും ഇങ്ങനെ ഇതര സംസ്ഥാനങ്ങളിലെ കൃഷിക്കാരിൽ നിന്നും നേരിട്ടു സംഭരിക്കുമെന്നു നടത്തിയ പ്രസ്താവന കുറച്ചു പരിഹാസത്തിന് ഇടയാക്കിയിരുന്നു. ഇത് കേരളം നടപ്പാക്കാൻ പോവുകയാണ്.
Share your comments