1. കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാൻ അവസരം. തെങ്ങ്, റബ്ബര്‍, നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞള്‍, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്പൂ, ഇഞ്ചി, മാവ്, പൈനാപ്പിള്‍, കശുമാവ്, മരച്ചീനി, കിഴങ്ങുവർഗങ്ങള്‍, പയര്‍വർഗങ്ങള്‍, പച്ചക്കറി വിളകള്‍ എന്നിവയ്ക്ക് പരിരക്ഷ ലഭിക്കും. ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ വഴി കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിജ്ഞാപിത വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകരാണെങ്കില്‍ അവരെ അതതു ബാങ്കുകൾ പദ്ധതിയില്‍ ചേര്‍ക്കും. അപേക്ഷ പൂരിപ്പിച്ച ശേഷം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകര്‍പ്പ്, നികുതി രസീതിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കില്‍ പാട്ടക്കരാറിന്റെ പകര്‍പ്പ് എന്നിവ കൂടി സമര്‍പ്പിക്കണം. കാലാവസ്ഥാ നിശ്ചിത വിള ഇന്‍ഷുറന്‍സില്‍ ഓരോ വിളയും, വെവ്വേറെ പ്രതികൂല കാലാവസ്ഥ ഘടകങ്ങളും കൃഷിഭവന്‍ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ, അല്ലെങ്കിൽ 1800-425-7064 എന്ന ടോള്‍ ഫ്രീ നമ്പറിലോ അറിയിക്കേണ്ടതാണ്.
2. പാലക്കാട് മലമ്പുഴ ഉദ്യാനത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന പുഷ്പമേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റർ ചെയ്യാം. ഡിസംബര്‍ 26ന് വൈകിട്ട് അഞ്ചിനകം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യണം. ജില്ലയിലെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, നഴ്‌സറികള്‍, ഹോം നഴ്‌സറികള്‍, സ്വകാര്യ വ്യക്തികള്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0491 2538996.
കൂടുതൽ വാർത്തകൾ: കോഴിയിറച്ചി വില കുത്തനെ ഉയരുന്നു; വില കൂട്ടി കെപ്കോയും
3. ഗുണനിലവാരമുള്ള വനാമി ചെമ്മീന്‍ വിത്തുകള്‍ കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ വാങ്ങാം. കണ്ണൂരിലെ മാപ്പിളബേയിൽ പ്രവർത്തിക്കുന്ന വനാമി ചെമ്മീന്‍ വിത്ത് ഉല്‍പാദന കേന്ദ്രത്തില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ കഴിഞ്ഞതും രോഗാണുവിമുക്തമായതും ഗുണനിലവാരം ഉള്ളതുമായ ചെമ്മീന്‍ വിത്തുകളെ വിൽക്കുന്നു. ആവശ്യമുള്ളവര്‍ മാനേജര്‍, മത്സ്യഫെഡ്, വനാമി ചെമ്മീന്‍ വിത്ത് ഉല്‍പാദന കേന്ദ്രം, ഫിഷറീസ് കോംപ്ലസ്, മാപ്പിളബേ, കണ്ണൂര്‍ എന്ന വിലാസത്തിലോ 9526041127, 9567250858 നമ്പറുകളിലോ ബന്ധപ്പെടാം.
4. വടകര നഗരസഭയിൽ തരിശു ഭൂമിയിലെ മില്ലറ്റ് കൃഷി പദ്ധതിയ്ക്ക് തുടക്കംകുറിച്ചു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പദ്ധതി ഉദ്ഘാടനം ചെയ്തു. മില്ലറ്റ് കൃഷി രീതി മറ്റു പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും 2050 ആകുമ്പോഴേക്കും നെറ്റ് സീറോ കാർബൺ എന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യത്തിന് മില്ലറ്റ് കൃഷി സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മില്ലറ്റ് മിഷൻ കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്.
Share your comments