സുസ്ഥിര കൃഷി ( sustainable farming) വികസനത്തിനായി കാര്ഷിക വിളകള്ക്കൊപ്പം മൃഗപരിപാലനം, മത്സ്യം, കൂണ്, തേനീച്ച, ജൈവ മാലിന്യ നിര്മാർജനം, ജലസംരക്ഷണം എന്നിവ സംയോജിപ്പിച്ച് കൃഷിവകുപ്പിന്റെ ജൈവഗൃഹം( Jaiva Griham ) പദ്ധതി തയാറായി. പ്രളയാനന്തരം കാര്ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള റീബില്ഡ് കേരള ഇനിഷ്യേറ്റീവ്( Rebuild Kerala Initiative) എന്ന പ്രധാന പദ്ധതിയിലാണ് ജൈവഗൃഹം പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ തുണ്ട് ഭൂമിയും പരമാവധി പ്രയോജനപ്പെടുത്തി ആദായം വര്‍ധിപ്പിക്കുന്നതു വഴി പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ശാസ്ത്രീയ കൃഷിരീതി വഴിയുള്ള സമഗ്രവികസനത്തോടൊപ്പം പരമ്പരാഗത കൃഷിരീതികളുടെ സംരക്ഷണം, കുടുംബകൃഷി പ്രോത്സാഹനം, പോഷകസുരക്ഷ, ഉറവിട ജൈവമാലിന്യ സംസ്കരണം, ജൈവ വള ഉപയോഗം, ജലസംരക്ഷണം എന്നിവയാണ് പദ്ധതി ലക്ഷ്യങ്ങള്‍. ഗുണഭോക്താവ് 5 സെന്റ് മുതല്‍ അഞ്ച് ഏക്കര്‍വരെ സ്വന്തമോ കുടുംബാംഗങ്ങളുടേയോ വാടക ഭൂമിയിലോ കൃഷി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. 30,000 മുതല്‍ 40,000 രൂപ വരെയാണ് ധനസഹായം ലഭിക്കുന്നത്. 40 വയസിനു താഴെയുള്ളവര്‍, എസ്‌സി/എസ്‌ടി കര്‍ഷകര്‍, പ്രളയത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ എന്നിവര്‍ക്കു മുന്‍ഗണനയുണ്ട്. സംരംഭങ്ങള്‍ പുതിയതായി സംരംഭങ്ങള്‍ തുടങ്ങുകയോ നിലവിലുള്ളവയെ പരിപോഷിപ്പിക്കുകയോ ചെയ്യാം. പോഷകത്തോട്ടം, മൃഗ-പക്ഷി പരിപാലന യൂണിറ്റ്, മത്സ്യകൃഷി, കൂണ്‍ വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, അസോള/തീറ്റപ്പുല്‍ കൃഷി, പുഷ്പകൃഷി, തെങ്ങിന് ഇടവിള കൃഷി, ജൈവമാലിന്യ സംസ്കരണ യൂണിറ്റ്, ജലസംരക്ഷണ യൂണിറ്റ് എന്നിവയില്‍ ഏതെങ്കിലും 5 സംരംഭങ്ങള്‍ ചെയ്തിരിക്കണം.
അപേക്ഷകര്‍ക്കായി തയാറാക്കുന്ന ഫോം പ്ലാനിന് അനുസൃതമായി വേണം സംരംഭങ്ങള്‍ ആരംഭിക്കാന്‍. നിലവിലുള്ള സംരംഭങ്ങളെ പരിപോഷിപ്പിക്കുന്ന പദ്ധതിയില്‍ കാലിത്തൊഴുത്ത്, കോഴിക്കൂട്, ആട്ടിന്‍കൂട് തുടങ്ങിയവയുടെ നിർമാണം, പമ്പ് സെറ്റ് തുടങ്ങിയ യന്ത്രോപകരണങ്ങള്‍ വാങ്ങല്‍, നിലവിലെ വളര്‍ത്തു പക്ഷി-മൃഗാദികളുടെ എണ്ണം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയും ഉള്‍പ്പെടുത്താവുന്നതാണ്. പദ്ധതിയുടെ നടത്തിപ്പ് കാലയളവ് രണ്ടു വര്‍ഷമാണ്. മൂല്യനിർണയത്തിന്‍റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായത്തിന്‍റെ 70% ആദ്യ വര്‍ഷവും, 30% രണ്ടാം വര്‍ഷവുമാണ് നല്‍കുന്നത്. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി അടുത്തുള്ള കൃഷിഭവനെ സമീപിക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കേരളത്തിൽ വളർത്താൻ അനുയോജ്യമായ ഫലവൃക്ഷങ്ങൾ
Share your comments