പാർലമെൻ്റേറിയൻ എന്ന നിലയിലും സംഘടന പ്രവർത്തകൻ എന്ന നിലയിലും പി.രാജീവിൻ്റെ പ്രവർത്തന മികവിന് ജില്ല പലവട്ടം നേർസാക്ഷ്യം വഹിച്ചു.വിസ്മരിക്കാനാകാത്ത പ്രകടന മികവിൻ്റെ പിൻബലത്തിൽ വീണ്ടും ജില്ലയുടെ സാരഥ്യം ഏറ്റെടുക്കുകയാണ് പി.രാജീവ്.
1967 ൽ തൃശൂർ ജില്ലയിലെ മേലഡൂരിൽ പി.വാസുദേവൻ്റെയും രാധ വാസുദേവൻ്റെയും മകനായി ജനിച്ചു. ബി.എ, എൽ.എൽ.ബി, ഡിപ്ലോ ഇൻ കെമിക്കൽ എഞ്ചിനീയറിംഗിൽ എന്നിവയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.
ജീവിത കാലഘട്ടത്തിൽ നിരവധി ഔദ്യോഗിക സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള വ്യക്തി കൂടിയാണ് പി.രാജീവ്. 2009 ഏപ്രിൽ മുതൽ 2015 ഏപ്രിൽ വരെ രാജ്യസഭാംഗം, രാജ്യസഭയെ നിയന്ത്രിക്കുന്ന ചെയർമാൻ പാനലിൽ അംഗം. വിവിധ പാർലമെൻ്ററി കമ്മിറ്റികളായ അഡ്വൈസറി കമ്മിറ്റി, പെറ്റിഷൻസ് കമ്മിറ്റി ,ഫിനാൻസ് കമ്മിറ്റി, ഇൻഫർമേഷൻ കമ്മിറ്റി, ഇൻഷൂറൻസ് ബില്ല് സെലക്ട് കമ്മിറ്റി, ബി എസ് എൻ എൽ കൺസൽട്ടേറ്റീവ് കമ്മിറ്റി, ഹൈക്കോടതി വാണിജ്യ ഡിവിഷൻ ബില്ല് സെലക്ട് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. ഇന്ത്യൻ കയർബോർഡ് അംഗം, രാജ്യസഭയിലെ സി.പി.ഐ.എം ചീഫ് വിപ്പ്, സി.പി.ഐ.എം പാർലമെൻ്ററി പാർട്ടിയുടെ ഉപനേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു. 2015, 16 വർഷങ്ങളിലെ നവ പാർലമെൻ്ററി അംഗങ്ങൾക്ക് പരിശീലനം നൽകുന്ന അധ്യാപക പാനലിൽ അംഗം. നിലവിൽ സി.പി.ഐ.എം സെക്രട്ടേറിയേറ്റ് അംഗമായും ദേശാഭിമാനി പത്രത്തിൻ്റെ ചീഫ് എഡിറ്ററായും പ്രവർത്തിക്കുന്നു.
പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 2016 ലെ മികച്ച പാർലമെൻ്റ് അംഗത്തിനുള്ള സൻസദ് രത്ന പുരസ്കാരം. എം.പി.ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ശുചി അറ്റ് സ്കൂൾ പദ്ധതിക്ക് 2011 ലെ മുഖ്യമന്ത്രിയുടെ നവ വികസന പുരസ്കാരം ,2014 ലെ മികച്ച രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുള്ള മുൻ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായർ സ്മാരക പുരസ്കാരം, 2014 ലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ.സി.ഷൺമുഖദാസ് പുരസ്കാരം, 2010 ൽ സി.പി.മമ്മു സ്മാരക പുരസ്കാരം, 2006ൽ മികച്ച എഡിറ്റോറിയനുള്ള പന്തളം കേരള വർമ്മ പുരസ്കാരം, 2017 ലെ സഫ്ദർ ഹാഷ്മി പുരസ്കാരം, എന്നിവക്ക് അർഹനായിട്ടുണ്ട്.
നേരത്തെ നിരവധി മേഖലകളിൽ അദ്ദേഹം ശ്രദ്ധേയമായ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സി.പി.ഐ.എം എറണാകുളം മുൻ ജില്ലാ സെക്രട്ടറി, ദേശാഭിമാനി ദിനപത്രം റസിഡൻ്റ് എഡിറ്റർ, കേരള സർക്കാരിൻ്റെ പ്രസ് അക്രഡിറ്റേഷൻ കമ്മിറ്റി അംഗം, കോഴിക്കോട് സർവകലാശാല ജേർണലിസം വകുപ്പ് ബോർഡ് ഓഫ് സ്റ്റഡി അംഗം, എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി, റിസർച്ച് ചീഫ് എഡിറ്റർ, സ്റ്റുഡൻ്റ് മാസിക എഡിറ്റർ, സി.ഐ.ടി.യു എറണാകുളം ജില്ലാ ജോ. സെക്രട്ടറി, ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.
രാജ്യസഭാ ചരിത്രത്തിൽ ആദ്യമായി ഇൻ്റർനെറ്റ് സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി.നിയമ ഭേദഗതി റദ്ധാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത് പി.രാജീവ് ആണ്. രാജ്യസഭാ ചട്ടം 93 (2) പ്രകാരം റിപ്പോർട്ട് സെലക്ട് കമ്മിറ്റി പുനപരിശോധിക്കുന്നതിനായി പ്രമേയം അവതരിപ്പിച്ചു. ഐ.ടി.നിയമത്തിലെ 66 (എ ) റദ്ധാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു.
എംപി ഫണ്ട് ഉപയോഗിച്ച് ശ്രദ്ധേയമായ പദ്ധതികൾ പൂർത്തിയാക്കി.ആദ്യമായി എംപി ഫണ്ടും പൊതുമേഖല സ്വകാര്യമേഖല കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വം ഫണ്ടും വ്യക്തിഗത ഫണ്ടും സംയോജിപ്പിച്ച പദ്ധതികൾ നടപ്പിലാക്കുന്ന ആശയം പ്രാവർത്തികമാക്കി. ആലുവ സർക്കാർ ജില്ലാ ആശുപത്രിയിൽ പൊതുമേഖലയിലുള്ള ഏറ്റവും വലിയ ഡയാലിസിസ് സെൻറർ 25 മെഷീനുകളോടുകൂടി ആരംഭിച്ചു. ഇവിടെ ഡയാലിസിസ് സൗജന്യമാണ്. അമ്പതിനായിരം ഡയാലിസിസുകൾ ഇവിടെ പൂർത്തിയായിട്ടുണ്ട്.കണ്ണൂർ ജില്ലാ ആശുപത്രിയിലും മറ്റൊരു ഡയാലിസിസ് കേന്ദ്രം ആരംഭിച്ചു.
എറണാകുളം ജനറൽ ആശുപത്രിയിൽ എംആർഐ സ്കാനിംഗ് സെൻ്റർ സ്ഥാപിച്ചു. ഇവിടെ 1500 രൂപയ്ക്ക് എം ആർ ഐ സ്കാൻ സാധ്യമാകുന്നുണ്ട്.
എറണാകുളം ജില്ലാ ആശുപത്രിയിൽ എല്ലാ രോഗികൾക്കും സൗജന്യ ഭക്ഷണം നൽകുന്നതിനുള്ള ആധുനിക സംവിധാനങ്ങളുള്ള ഡയറ്ററി കിച്ചൻ സ്ഥാപിച്ചു.
10 കോടി രൂപ ചെലവിൽ മറ്റ് എംപിമാരുടെ സഹകരണത്തോടെ എറണാകുളം ജനറൽ ആശുപത്രിയിൽ റേഡിയേഷനുള്ള ലീനിയർ ആക്സിലേറ്റർ സ്ഥാപിച്ചു. എറണാകുളം ജില്ലയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഇ- ടോയ്‌ലറ്റും വിദ്യാർത്ഥിനി സൗഹൃദ ടോയ്‌ലറ്റുകളും 2010 ശുചി അറ്റ്സ്കൂൾ പദ്ധതി പ്രകാരം നടപ്പിലാക്കി.
എറണാകുളം ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകൾക്ക് റീച്ച് ടു സ്കൂൾ പദ്ധതി പ്രകാരം 23 ഇ- സേഫ്റ്റി സ്കൂൾ ബസുകൾ അനുവദിച്ചു.കളമശ്ശേരിയിൽ 10 കോടി രൂപ ചിലവാക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ മോഷൻ സ്റ്റിമുലേറ്റർ ചിൽഡ്രൻസ് സയൻസ് പാർക്ക് സിറ്റി, നഗരസഭയുടെ സഹകരണത്തോടെ സ്ഥാപിച്ചു.
ഭിന്നശേഷി വിഭാഗക്കാർക്ക് യന്ത്രവൽകൃത മുച്ചക്രവാഹനം നൽകി.
2013 ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി , സാമ്പത്തിക സാമൂഹിക കൗൺസിൽ എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.
2014ലെ രാജ്യസഭാ ചെയർമാൻ ഡോക്ടർ ഹമീദ് അൻസാരിയും ചൈനീസ് വൈസ് പ്രസിഡൻറും തമ്മിലുള്ള ഉപയകക്ഷി ചർച്ചയ്ക്കുള്ള സംഘത്തിൽ അംഗമായിരുന്നു.
2011-ലെ സ്വീഡൻ ഡെൻമാർക്ക് രാജ്യങ്ങൾ സന്ദർശിച്ച ലോകസഭാ സ്പീക്കറിൻ്റെ നേതൃത്വത്തിലുള്ള പാർലമെൻറ് അംഗങ്ങളുടെ സംഘത്തിൽ അംഗമായിരുന്നു.
2006 ബ്രസീലിൽ നടന്ന ഐ ബി എസ് എ സബ്മിറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു.
2005 ലെ സ്കോട്ട്‌ലൻഡിൽ നടന്ന ജി-8 മീറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു.
2015 കോമൺവെൽത്ത് പാർലമെൻറ് അസോസിയേഷൻറെ ക്ഷണപ്രകാരം ബ്രിട്ടീഷ് പാർലമെൻറിൽ സന്ദർശിച്ചു.
1997 നും 2010 ലും ഹവാനയിൽ ലും സൗത്ത് ആഫ്രിക്കയിൽ നടന്ന ലോക യുവജന വിദ്യാർത്ഥി സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.
നിരവധി പുസ്തകങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി.ആഗോളവൽക്കരണകാലത്തെ ക്യാമ്പസ്,
വിവാദങ്ങളിൽ വ്യതിയാനങ്ങൾ,കാഴ്ചവട്ടം ,പുരയ്ക്കു മേൽ ചാഞ്ഞ മരം, 1957 ചരിത്രവും വർത്തമാനവും,
എന്തുകൊണ്ട് ഇടതുപക്ഷം, സത്യാനന്തര കാലത്തെ പ്രതീതി നിർമ്മാണം, ഭരണഘടന ചരിത്രവും വർത്തമാനവും എന്നിവ പ്രധാന കൃതികളാണ്. ദി ഹിന്ദു ഇന്ത്യ ടുഡേ ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ വിവിധ സമകാലീന പ്രസിദ്ധീകരണങ്ങൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോൾ മുൻകൈയെടുത്ത് നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷി, കനിവ് ഭവനപദ്ധതി, കനിവ് പാലിയേറ്റീവ് കെയർ സ്ഥാപനം, കനിവ് ആക്ഷൻ ഫോഴ്സ് എന്നിവ സാമൂഹികപുരോഗതിക്ക് ജില്ലയിൽ സഹായകമായി.
എംപി ആയിരിക്കുമ്പോൾ നടപ്പിലാക്കിയ ഇ-ടോയ്‌ലറ്റ് പദ്ധതിക്ക് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ പൊതുമേഖലയിലെ നവീന പദ്ധതി ക്കുള്ള പുരസ്കാരം ലഭിച്ചു. ആലുവ ജില്ലാ ആശുപത്രി എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളേജ് എന്നിവയുടെ വികസനത്തിന് പ്രത്യേക പദ്ധതികൾ എംപി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ ഫണ്ട് പൊതുമേഖല സ്വകാര്യമേഖല സ്ഥാപനങ്ങളുടെ സി എസ് ആർ ഫണ്ട് വ്യക്തികളുടെ സംഭാവനകളും ചേർത്ത് നടപ്പിലാക്കിയ എം.പി. ഫണ്ട് പദ്ധതി രാജ്യത്തിന് മാതൃകയാവുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു.
കൊച്ചിയുടെ തിലകക്കുറിയായ മെട്രോയുടെ നിർമ്മാണം ഇ. ശ്രീധരൻറ നേതൃത്വത്തിൽ ഡിഎംആർസിയെ കൊണ്ട് നടപ്പിലാക്കുന്നതിനു സമയോചിതമായ ഇടപെടലുകൾ നടത്തുന്നതിന് സാധിച്ചു.
കൊച്ചി സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ. വാണി കേസരിയാണ് ഭാര്യ. ഹൃദ്യ, ഹരിത എന്നിവർ മക്കളാണ്.
Share your comments