എറണാകുളം: സാമൂഹിക വനവത്ക്കരണം ലക്ഷ്യമിട്ട് വ്യാപകമായി തൈകൾ ഉത്പാദിപ്പിച്ച് പറവൂർ ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സർക്കാരിൻ്റെ വൃക്ഷ സമൃദ്ധി പദ്ധതിയുമായി കൈകോർത്ത് 13000 തൈകൾ ആണ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലായി ഉത്പാദിപ്പിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിൻ തൈകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതകൾ
വനം വകുപ്പാണ് ബ്ലോക്ക് പഞ്ചായത്തിന് വിത്തുകൾ നൽകിയത്. ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിലെ നഴ്സറികളിലാണ് തൈകളുടെ ഉത്പാദനവും പരിപാലനവും നടക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളാണ് നഴ്സറികളിലെ എല്ലാ പ്രവർത്തികളും ചെയ്തു വരുന്നത്. തൈകളുടെ വിതരണവും നടന്നു കൊണ്ടിരിക്കുകയാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഫലവൃക്ഷ തൈകൾ വാങ്ങാം..
ചേന്ദമംഗലം പഞ്ചായത്തിൽ 2000 തൈകൾ, ചിറ്റാറ്റുകര പഞ്ചായത്തിൽ 2800 തൈകൾ, ഏഴിക്കരയിൽ 2200, കോട്ടുവള്ളിയിൽ 3000, വടക്കേക്കരയിൽ 3000 തൈകൾ എന്നിങ്ങനെയാണ് ഉത്പാദിപ്പിച്ചത്. ഇവ പാതയോരങ്ങളിലും ചെറുകിട കർഷകരുടെ ഭൂമിയിലും തൊഴിലുറപ്പ് പ്രവർത്തകർ വച്ച് പിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ തൈകൾ നടും.
ബന്ധപ്പെട്ട വാർത്തകൾ: ദേവികുളങ്ങരയിലെ തൊഴിലുറപ്പ് കൂട്ടായ്മയില്‍ ഇടവിളയുടെ സമൃദ്ധി
നല്ലയിനം തൈകൾ ഉത്പ്പാദിപ്പിച്ച് വനേതര പ്രദേശങ്ങളിൽ വച്ചു പിടിപ്പിക്കുന്നതിനും, പരിപാലനത്തിനുമായി വനം–തദ്ദേശസ്വയംഭരണ വകുപ്പുകൾ സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആവിഷ്കരിച്ച പദ്ധതിയാണ് ‘വൃക്ഷസമൃദ്ധി'. കേരളത്തിന്റെ ഹരിതാഭ വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി വനേതര പ്രദേശങ്ങളിലും പൊതു/സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രദേശങ്ങളിലുമാണ് നടപ്പിലാക്കുന്നത്. സ്‌കൂളുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ-സർക്കാരിതര സംഘടനകൾ, കർഷകർ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് വൃക്ഷസമൃദ്ധി പദ്ധതി വഴി വിഭാവനം ചെയ്യുന്നത്.
Share your comments