2019ൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന(Pradhan Mantri Kisan Samman Nidhi Yojana) യിലൂടെ കാർഷിക പ്രവർത്തനങ്ങൾക്ക് രാജ്യമൊട്ടാകെയുള്ള കർഷകർക്ക് ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം കർഷകർക്ക് പ്രതിവർഷം 6000 രൂപ വീതം നൽകി വരുന്നു. ഈ തുക ഓരോ 4 മാസവും ഇടവിട്ട് 2000 രൂപ വീതമായി കർഷകരുടെ അക്കൗണ്ടിലേക്ക് അയയ്ക്കുന്നു. മൂന്ന് ഗഡുക്കളായാണ് തുക ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്.
ഇപ്പോഴിതാ പിഎം കിസാൻ സമ്മാൻ നിധിയുടെ പന്ത്രണ്ടാം ഗഡുവിനായി കർഷകർ കാത്തിരിക്കവേ, പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രധാനപ്പെട്ട ഒരു മാറ്റം വന്നിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്. അതായത്, e- KYCയുടെ തീയതി സംബന്ധിച്ച് വെബ്‌സൈറ്റിൽ നൽകിയിരുന്ന അപ്‌ഡേറ്റ് പൂർണമായും നീക്കം ചെയ്‌തുവെന്നതാണ് വിവരം.
എന്നാൽ ഇതുകാരണം e- KYC നടപടി പൂർത്തിയാക്കാനുള്ള ഓപ്ഷൻ കർഷകരിൽ നിന്ന് എടുത്തുകളഞ്ഞോ എന്നതിൽ വ്യക്തത വന്നിട്ടില്ല. അതിനാൽ തന്നെ ഭാവിയിൽ കർഷകർക്ക് e- KYC ചെയ്യാൻ കഴിയുമോ എന്ന ആശങ്കയുമുണ്ട്. ഒരുപക്ഷേ ഇത് പിഎം കിസാൻ പദ്ധതിയുടെ 12-ാം ഗഡു ഉടൻ ലഭിക്കുമെന്നതിന്റെ സൂചനയുമാകാം.
പിഎം കിസാൻ യോജനയുടെ കീഴിൽ ഇതുവരെ 10 കോടിയിലധികം കർഷകർക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, സെപ്റ്റംബർ മാസത്തിൽ തന്നെ കർഷകരുടെ അക്കൗണ്ടിലേക്ക് രണ്ടായിരം രൂപ ക്രെഡിറ്റ് ചെയ്യപ്പെട്ടേക്കാം എന്നാണ് വിവരം.
പ്രധാനമന്ത്രി കിസാൻ യോജന; അർഹതയില്ലാത്ത ഗുണഭോക്താക്കൾ
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ സേവനം ലഭിക്കുന്ന ഗുണഭോക്താക്കളുടെ ഭൂരേഖകളുടെ പരിശോധന തുടർച്ചയായി നടന്നുവരികയാണ്. നിരവധി ഗുണഭോക്താക്കൾ പദ്ധതിയ്ക്ക് അർഹതയില്ലാത്തവരായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ അനർഹരായ ആളുകൾക്ക് നോട്ടീസ് അയച്ച് അവർ കൈപ്പറ്റിയ പണം തിരിച്ചുപിടിക്കുകയാണ്. അതിനാൽ തന്നെ ഇത്തവണ പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് സൂചന.
പിഎം കിസാൻ യോജനയിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയ ഉത്തർപ്രദേശിലെ 21 ലക്ഷത്തോളം കർഷകരെ പദ്ധതിയിൽ നിന്നും അയോഗ്യരാക്കിയിരുന്നു. ഇത്തരക്കാർ പദ്ധതി പ്രകാരം ഇതുവരെ നൽകിയ മുഴുവൻ തുകയും തിരികെ നൽകേണ്ടിവരുമെന്നാണ് അധികൃതർ അറിയിപ്പ് നൽകിയിട്ടുള്ളത്. ഇവർക്ക് ഓൺലൈനായി തന്നെ തുക തിരികെ നൽകാനാകും.
പിഎം കിസാൻ പദ്ധതിയുടെ പണം തിരികെ നൽകേണ്ട വിധം
ഘട്ടം 1: പിഎം കിസാൻ എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഘട്ടം 2: റീഫണ്ട് ഓൺലൈനിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: 'നേരത്തെ പണമടച്ചില്ലെങ്കിൽ ഇപ്പോൾ ഓൺലൈനായി തുക റീഫണ്ട് ചെയ്യാൻ ഈ ഓപ്ഷൻ തെരഞ്ഞെടുക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ആധാർ നമ്പർ, അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ എന്നീ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക.
ഘട്ടം 5: ആധാർ നമ്പറും (ആധാർ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ) ക്യാപ്‌ച കോഡും നൽകുക
ഘട്ടം 6: 'ഗെറ്റ് ഡാറ്റ' എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 7: തുറന്നുവരുന്ന പേജിൽ റീഫണ്ട് പേയ്‌മെന്റ് ടിക്ക് ബോക്‌സിൽ ക്ലിക്ക് ചെയ്യുക. മെയിൽ ഐഡിയും കോൺടാക്‌റ്റ് വിശദാംശങ്ങളും നൽകി സ്ഥിരീകരിക്കുക.
ഘട്ടം 8: അടുത്ത പേജിൽ, റീഫണ്ടിന്റെ എല്ലാ വിശദാംശങ്ങളും കാണാൻ സാധിക്കും. ഇത് സ്ഥിരീകരിക്കുന്നതിനായി ക്ലിക്ക് ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ : PM KISAN Latest: കൃഷി സ്ഥലം AIMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
ഘട്ടം 9: പേയ്‌മെന്റ് നടത്താനുള്ള ബാങ്ക് തെരഞ്ഞെടുക്കുക.
റീഫണ്ട് പൂർത്തിയായി കഴിഞ്ഞാൽ റീഫണ്ട് രസീത് ജില്ലാ കൃഷി ഓഫീസർ/അഗ്രികൾച്ചർ കോർഡിനേറ്ററിന് സമർപ്പിക്കേണ്ടത് നിർബന്ധമാണ്.
Share your comments