സുരക്ഷിതവും ആദായവും തരുന്ന പദ്ധതികളാണ് കേന്ദ്ര സർക്കാറിന്റെ പോസ്റ്റോഫീസ് പദ്ധതികൾ. സ്ഥിരനിക്ഷേപ പദ്ധതിയടക്കം ധാരാളം പദ്ധതികൾ പോസ്റ്റ് ഓഫീസ് പദ്ധതിയിലുണ്ട്. പോസ്റ്റ് ഓഫീസ് സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കുന്ന നിയമത്തിൽ സർക്കാർ ഇപ്പോൾ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. 2023 നവംബർ 7-ന് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് ഇനി അഞ്ചു വർഷ കാലാവധിയിലെ നിക്ഷേപങ്ങൾ നാലു വർഷം പൂർത്തിയാക്കും മുമ്പ് പൂർണമായി പിൻവലിക്കാൻ ആകില്ല.
ബന്ധപ്പെട്ട വാർത്തകൾ: POST OFFICE PPF: ദിവസം 150 രൂപ, മികച്ച കൂട്ടുപലിശയടക്കം വർഷങ്ങൾക്കുള്ളിൽ ലക്ഷങ്ങൾ സമ്പാദിക്കാം…
നേരത്തെ പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങൾ കാലാവധി എത്തുമുമ്പ് പിൻവലിക്കാൻ ആകുമായിരുന്നു. സമീപകാല മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം 2023 നവംബർ 10-നോ അതിന് ശേഷമോ ആരംഭിച്ച എഫ്ഡി, നാല് വർഷം പൂർത്തിയാക്കുന്നതുവരെ പിൻവലിക്കാൻ കഴിയില്ല. മറ്റ് കാലാവധിയിലെ നിക്ഷേപങ്ങൾക്കും മാറിയ നിയമങ്ങൾ ബാധകമാകും. ഒരു ലോക്ക്-ഇൻ പിരീഡ് വരുന്നത് നിക്ഷേപകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും, നിസാര കാരണങ്ങളാൽ എഫ്ഡി പിൻവലിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപകർക്ക് പ്രയോജനം ലഭിക്കും എന്നുമാണ് വിശദീകരണം.
വ്യത്യസ്ത കാലയളവുകളുള്ള പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളുടെ പിൻവലിക്കൽ ചട്ടങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ട്. അഞ്ചുവർഷത്തെ പോസ്റ്റ് ഓഫീസ് സ്ഥിരനിക്ഷേപം നാല് വർഷത്തിന് മുമ്പ് പിൻവലിക്കാൻ കഴിയില്ല. ഒരുവർഷത്തെ നിക്ഷേപം നിക്ഷേപ തീയതി മുതൽ ആറു മാസത്തിനും ഒരു വർഷത്തിനും ഇടയിൽ പിൻവലിച്ചാൽ ആ കാലയളവിലെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകൾക്ക് ബാധകമായ നിരക്കിൽ ആയിരിക്കും ഇനി പലിശ ലഭിക്കുക. കുറഞ്ഞ നിരക്കായിരിക്കും ഇത്. രണ്ടു വർഷത്തെ നിക്ഷേപത്തിനും മൂന്നുവർഷത്തെ നിക്ഷേപത്തിനും ഇത് ബാധകമാണ്.
രണ്ടുവർഷത്തെ നിക്ഷേപം ഒരു വർഷത്തിന് ശേഷം പിൻവലിച്ചാൽ, ഒരു വർഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് ലഭിച്ച പലിശ നിരക്കിൽ നിന്ന് പിഴ ഈടാക്കും. രണ്ടു ശതമാനമായിരിക്കും പിഴ. മൂന്നു വർഷത്തെ നിക്ഷേപം രണ്ടു വർഷത്തിന് ശേഷം പിൻവലിച്ചാലും ഇതു ബാധകമാകും. ഫിക്സഡ് ഡിപ്പോസിറ്റിന് ബാധകമായ പലിശയിൽ രണ്ടു ശതമാനമായിരിക്കും കുറവ്.
അഞ്ചുവർഷത്തെ പോസ്റ്റ് ഓഫീസ് സ്ഥിരനിക്ഷേപം നാല് വർഷം കഴിഞ്ഞതിന് ശേഷം പിൻവലിക്കുകയാണെങ്കിൽ ലഭിക്കുന്ന പലിശ സേവിംഗ്‌സ് അക്കൗണ്ട് നിരക്കിൻേറതായിരിക്കും. 2023 നവംബർ ഒൻപതിനോ അതിന് മുമ്പോ ഉള്ള നിക്ഷേപങ്ങൾക്ക് പഴയ നിയമങ്ങൾ തന്നെ തുടരും. ഒരു പോസ്റ്റ് ഓഫീസ് സ്ഥിരനിക്ഷേപവും നിക്ഷേപ തീയതി മുതൽ ആറുമാസം കഴിയുന്നതിന് മുമ്പ് ഇനി പിൻവലിക്കാനും ആകില്ല.
Share your comments