തിരുവനന്തപുരം ജില്ലയിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നീ രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഈഡിസ് കൊതുകുകളെയും ലാർവയെയും ശേഖരിച്ച് നടത്തിയ പഠനത്തിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നീ രോഗങ്ങൾ പകർത്തുന്ന വൈറസുകളെ കണ്ടെത്തിയതായി ഡി എം ഒ അറിയിച്ചു.
തിരുവനന്തപുരം നഗരസഭ, കരകുളം, കഠിനംകുളം പഞ്ചായത്തുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റ് നടത്തിയ പഠനത്തിൽ, തിരുവനന്തപുരം കോർപ്പറേഷനിലെ അമ്പലത്തറ, തൃക്കണ്ണാപുരം, ആറന്നൂർ, കുളത്തൂർ, മുട്ടത്തറ, കരകുളം, ചാക്ക, കണ്ണമ്മൂല, ശാസ്തമംഗലം എന്നീ പ്രദേശങ്ങളിലും കരകുളം, കഠിനംകുളം പഞ്ചായത്തുകളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ, സിക എന്നീ രോഗങ്ങൾ പരത്തുന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ വീഴ്ച കൂടാതെ നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു. ചെടിച്ചട്ടികളുടെ അടിയിലെ ട്രേ, മണി പ്ലാന്റ് വച്ചിരിക്കുന്ന പാത്രം, ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ടെറസ്സ്, സൺഷെയ്ഡ്, ചിരട്ടകൾ, ടയറുകൾ എന്നിവിടങ്ങളിൽ വെളളം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. കരയിൽ കയറ്റി വച്ചിരിക്കുന്ന വള്ളങ്ങൾ കമഴ്ത്തിവെച്ചും, ബോട്ടുകളിൽ കെട്ടിയിട്ടിരിക്കുന്ന ടയറുകളിൽ ഉപ്പുവെള്ളം നിറച്ചും ഈഡിസ് കൂത്താടികളെ നിയന്ത്രിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഡെങ്കിപ്പനി: ജാഗ്രത പാലിക്കണം
വെള്ളം ഒഴുക്കി കളയാൻ പറ്റാത്ത സ്ഥലങ്ങളിൽ വേപ്പിൻ പിണ്ണാക്ക്, ഉപ്പ് എന്നിവ ഉപയോഗിക്കുക. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. സ്വയം ചികിത്സ പാടില്ല. വീടിനുള്ളിലും പരിസരത്തും കൊതുക് മുട്ടയിട്ട് പെരുകുന്ന സാഹചര്യം ഉണ്ടാക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം പതിനായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണന്നും ഡി.എം.ഒ അറിയിച്ചു.
Share your comments