സാധാരണക്കാരന് തിരിച്ചടിയായി മണ്ണെണ്ണയുടെ വില വർധിപ്പിച്ചു. കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിനൊപ്പം മണ്ണെണ്ണയുടെ വില ലിറ്ററൊന്നിന് 102 രൂപയായി ഉയർത്തി. 14 രൂപയുടെ വർധനവാണ് ലിറ്ററൊന്നിന് ഇത്തവണ ഉണ്ടായത്. മേയ് മാസം ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂൺ മാസത്തിൽ 4 രൂപ വർധിച്ച് 88 രൂപയായി.
ജൂലൈ ഒന്ന് മുതൽ ലിറ്ററൊന്നിന് 14 രൂപ വർധിച്ച് 102 രൂപയായി. മണ്ണെണ്ണയുടെ അടിസ്ഥാന വിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്‌സ് കമ്മിഷൻ, സി.ജി.എസ്.റ്റി, എസ്.ജി.എസ്.റ്റി എന്നിവ കൂട്ടിച്ചേർത്ത വിലയ്ക്കാണ് റേഷൻകടകളിൽ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്.
കേരളത്തിൽ വില വർധനവ് ബാധകമോ?
ജൂൺ മാസം കേന്ദ്ര സർക്കാർ വില വർധിപ്പിച്ചെങ്കിലും സംസ്ഥാന സർക്കാർ വില വർധിപ്പിച്ചിരുന്നില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് റേഷൻകടകളിലൂടെ സബ്‌സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്നത്. സ്റ്റോക്ക് തീരുന്നത് വരെ ഈ വിലയ്ക്ക് തന്നെ കാർഡുടമകൾക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിനാവശ്യമായ നിർദേശം പൊതുവിതരണ വകുപ്പ് കമ്മിഷണർക്ക് നൽകിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ അനിൽ അറിയിച്ചു.
നിലവിലെ പ്രതിസന്ധി കാലഘട്ടത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് അധികഭാരം ഒഴിവാക്കുന്നതിനാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ,സംസ്ഥാനത്ത് മണ്ണെണ്ണ ക്ഷാമം രൂക്ഷമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. വില വർധിപ്പിച്ചതിനൊപ്പം മണ്ണെണ്ണയുടെ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. അതിനാൽ തന്നെ മത്സ്യതൊഴിലാളികള്‍ക്ക് ഉള്‍പ്പടെ അടുത്തഘട്ടം അനുവദിക്കേണ്ട മണ്ണെണ്ണ വിതരണം തടസ്സപ്പെടുമോ എന്ന ആശങ്കയുമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മണ്ണെണ്ണ വിലവർധന പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുള്ള വെല്ലുവിളി; കേന്ദ്രസർക്കാർ വിലകുറക്കാൻ തയ്യാറാകണം: മന്ത്രി സജി ചെറിയാൻ
മണ്ണെണ്ണ ക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് മത്സ്യമേഖലയെയാണ്. കേരളത്തിൽ 14481 യാനങ്ങള്‍ മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഇവക്കായി 28 ദിവസത്തിന് 1,70,000 കിലോ ലിറ്റര്‍ മണ്ണെണ്ണ ആവശ്യമുണ്ട്. ഈ വര്‍ഷം ആദ്യ പാദത്തില്‍ കേരളത്തിന് കേന്ദ്രം അനുവദിച്ചത് 3380 കിലോ ലിറ്റര്‍ മണ്ണെണ്ണ മാത്രമാണ്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പൊതുവിതരണ കേന്ദ്രം വഴിയുള്ള മണ്ണെണ്ണ വിതരണം ഉള്‍പ്പടെ മുടങ്ങുമോ എന്നും ആശങ്കയുണ്ട്.
Share your comments