ക്രിസ്തുമസ് കാലത്താണ് കേക്ക് വിപണി ഉണരുന്നത്. ബന്ധുക്കൾക്ക് കൊടുക്കാനും സമ്മാനം ആയി നൽകാനുമൊക്കെയായി എല്ലാവരും കേക്ക് വാങ്ങാറുള്ളത് കണക്കാക്കി വിപണിയിൽ പലതരം കേക്കുകൾ എത്തിക്കഴിഞ്ഞു.
എന്നാൽ ഇത്തവണത്തെ വിപണി പൊടിപൊടിക്കുമോ എന്ന് കാത്തിരിക്കുകയാണ് വ്യാപാരികൾ. കോവിഡ് അനുബന്ധ പ്രതികൂലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കേക്ക് സമ്മാനം കൊടുക്കാനും വാങ്ങാനും ആളുകൾ എത്രമാത്രം ഉത്സാഹം കാണിക്കും എന്നതിൽ പലർക്കും സന്ദേഹമുണ്ട്.
സാധാരണ പ്ലം കേക്കുകളാണ് എല്ലാവരും ആവശ്യപ്പെടുക. ക്രീം കേക്കുകൾ കുട്ടികളുടെ ഇഷ്ട വിഭവമാണ്. കോവിഡ് ഭീതി നിലനിൽക്കുമ്പോഴും ആവശ്യക്കാരുടെ ഇഷ്ടങ്ങൾ, മുൻകാല അനുഭവം വച്ച് വിപണിയിൽ നിരന്നു തുടങ്ങി. കേക്ക് വില്പനയിൽ സജീവമാകുന്ന പല ഷോപ്പുകളും ഇപ്പോൾ തന്നെ ഓഫറുകൾ നൽകിത്തുടങ്ങി.
ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന നിരക്കിൽ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂട് ശമിച്ചാൽ പിന്നെ ക്രിസ്തുമസ് - ന്യൂ ഇയർ വിപണി സജീവമാകും എന്ന കണക്കുകൂട്ടലിൽ ആണ് വിപണിയിൽ ഇപ്പോഴേ ഓഫറുകൾ കൊടുത്തു തുടങ്ങിയത്. കേരളത്തിൽ സാധാരണ ഡിസംബർ രണ്ടാം ആഴ്ചയിൽ കേക്ക് വിപണി സജീവമാകാറുള്ളതാണ്. ജനുവരി വരെ നീണ്ടു നിൽക്കും. വിവിധ നിറത്തിലും ഡിസൈനിലും ഉള്ള കേക്കുകൾ ഷോപ്പുകളിൽ നിരക്കേണ്ട സമയം ആണിപ്പോൾ. എന്നാൽ പഴയതു പോലുള്ള ആരവങ്ങൾ കേക്ക് വിപണിയിൽ ഇല്ല എന്ന് തന്നെയാണ് വ്യാപാരികൾ പറയുന്നത്.
സാധാരണയായി കേരളത്തിൽ ഈ സീസണിൽ 100 കോടി രൂപയുടെ കേക്ക് വ്യാപാരം നടക്കാറുള്ളതാണ്. ക്രിസ്തുമസ് അടുക്കുന്നതോടെ മിക്കവാറും കേക്കുമായി വിപണിയിലെത്തും. ഒരു തവണയും വ്യതസ്തമായ കേക്കുകൾ കൊടുവരാനാണ് നിർമ്മാതാക്കൾ ശ്രമിക്കുന്നത്. പ്രമേഹ രോഗികൾക്കായി ഷുഗർ ഫ്രീ കേക്കുകളും വിപണിയിലെത്തിക്കഴിഞ്ഞു. പ്ലം വിത്ത് കോംപേസ്റ്റ് ,റിച്ച് പ്ലം ചോക്കോനട്ട് , റിച്ച് ഫ്രൂട്ട് കേക്ക്, തുടങ്ങി പത്തിലധികം രുചികളിലാണ് പ്ലം കേക്ക് വിപണിയിൽ സാധാരണയായി എത്തുക.
സമ്മാനം നൽകുന്നതിനായി പ്ലം കേക്കുകളാണ് സാധാരണ വിറ്റുപോവുക. ക്രീം കേക്കുകൾ സാധാരണ പിറന്നാളിനോ അല്ലെങ്കിൽ വൻകിട കമ്പനികളോ ആയിരിക്കും ഓർഡർ ചെയ്യുക. എന്നാൽ ഇത്തവണ സോഷ്യൽ മീഡിയ വഴിയായിരിക്കും കൂടുതലും വില്പന നടക്കുക. ചെറിയ സ്റ്റാർട്ടപ്പ് ഉള്ള ആളുകൾ സോഷ്യൽ മീഡിയയി വഴി കേക്ക് വിപണനം തുടങ്ങിക്കഴിഞ്ഞു. സുഹൃത്തുക്കൾക്കും മറ്റുമായുണ്ടാക്കിയ വാട്ടസ്ആപ് ഗ്രൂപ്പുകൾ ഇനി കൂടുതലും മാർക്കറ്റിങ് വേദി കൂടിയാകും.
ക്രിസ്തുമസ് നക്ഷത്രങ്ങൾ വില്പനയും ഇത്തവണ മാന്ദ്യത്തിലാണ്. കണ്ണഞ്ചിപ്പിക്കുന്ന ചൈനീസ് നക്ഷത്രങ്ങൾ എത്താത്തതിനാൽ കഴിഞ്ഞ തവണത്തെ സ്റ്റോക്ക് തന്നെയാണ് ഇത്തവണയും കടകളിൽ എത്തിയിരിക്കുന്നത് എന്നാണ് കരുതേണ്ടത്. നക്ഷത്രവും പുൽക്കൂടും സാന്താക്ലോസും ഉൾപ്പെടെയുള്ള ക്രിസ്തുമസ് ഒരുക്കങ്ങളും ഇത്തവണ കുറവാണ്. അതിനാൽ വ്യാപാരികളും കൂടുതലായി അവ വില്പനയ്‌ക്കെത്തിച്ചിട്ടില്ല. എങ്കിലും വിപണിയിലെത്തിയ നക്ഷത്രങ്ങൾക്ക് 100 മുതൽ 550 രൂപ വരെയാണ് വില. ചെറിയ ക്രിസ്തുമസ് ട്രീ 250 രൂപ മുതൽ ലഭിക്കും. മുൻവർഷങ്ങളിൽ വില്പന നടന്ന തടിയിൽ തീർത്ത പുൽക്കൂട് ചട്ടത്തിന് വില്പന കുറഞ്ഞു. അതുകൊണ്ടു തന്നെ കഴിഞ്ഞ തവണത്തേതിനേക്കാൾ കുറഞ്ഞ എണ്ണം മാത്രമേ വ്യാപാരികൾ ഓർഡർ ചെയ്യുന്നുള്ളൂ. വീടുകളിൽ തയ്യാർ ചെയ്യുന്ന ഹോം മെയ്‌ഡ് ക്രിസ്‌തുമസ് പുൽകൂടുകളും കേക്കുകളും ആയി ആഘോഷിക്കാനൊരുങ്ങുകയാണ് പല ആളുകളും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മുരിങ്ങയില പൊടിയുടെ അത്ഭുത ഗുണങ്ങൾ
Share your comments