സ്ഥിര വരുമാനമുള്ളവരിൽ സമ്പാദ്യശീലം വളർത്തുന്നതിന് ഏറ്റവും ഉചിതമായ നിക്ഷേപമാർഗമാണ് റെക്കറിങ് ഡെപ്പോസിറ്റ് (Recurring Deposit). ഓരോ മാസവും തങ്ങളുടെ വരുമാനത്തിൽ നിന്നും ഒരു നിശ്ചിത തുക മാറ്റിവയ്ക്കുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ പ്രധാന തുകയും ഈ കാലയളവിലെ പലിശയും ചേർത്ത് ഒരു മികച്ച സമ്പാദ്യം തന്നെ തിരിച്ചു ലഭിക്കും. എല്ലാ മാസവും സ്ഥിര നിക്ഷേപം നടത്തേണ്ടതിനാൽ, സമ്പാദ്യശീലം വളർത്തിയെടുക്കാനും ഇത് വളരെ അനുയോജ്യമാണ്.
ആരംഭ സമയത്ത് വളരെ ചെറിയ തുകയിൽ നിക്ഷേപം നടത്തി ക്രമേണ ഇത് വർധിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. അതായത് 500 രൂപ ഉപയോഗിച്ച് റെക്കറിങ് ഡെപ്പോസിറ്റ് തുടങ്ങുകയാണെങ്കിൽ പതിയെ പതിയെ ഈ തുക വർധിപ്പാക്കാനാകും. റെക്കറിങ് ഡെപ്പോസിറ്റ് കാലാവധി അവസാനിക്കുമ്പോൾ നിങ്ങൾക്ക് നിക്ഷേപിച്ച തുകയും പലിശയും തിരികെ ലഭിക്കുന്നു.
താരതമ്യേന അപകട സാധ്യത കുറഞ്ഞ നിക്ഷേപമാണിത്. റെക്കറിങ് ഡെപ്പോസിറ്റ് പദ്ധതിക്ക് കീഴിൽ, ഒരു നിശ്ചിത കാലയളവിൽ എല്ലാ മാസവും നിങ്ങൾ ഒരു നിശ്ചിത തുക നിക്ഷേപിക്കണം. ഓരോ ബാങ്കും ഇതിനായി വാഗ്ദാനം ചെയ്യുന്ന പലിശയും വ്യത്യാസപ്പെട്ടിരിക്കും. ഇതനുസരിച്ചാണ് ഏത് ബാങ്കിൽ നിക്ഷേപം തുടങ്ങണമെന്നത് തീരുമാനിക്കേണ്ടത്.
ആർഡി അക്കൗണ്ടിലൂടെ ഒരു ഗുണഭോക്താവിന് ഏകദേശം 2.50 ശതമാനം മുതൽ 8.50 ശതമാനം വരെ ഉയർന്ന പലിശ നേടാനാകും. ആർഡി പലിശ നിരക്കുകൾ ഫിക്സഡ് ഡിപ്പോസിറ്റ് പോലെയാണെങ്കിലും പ്രതിമാസ തവണകളായി നിക്ഷേപം നടത്താനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു റെക്കറിംഗ് ഡെപോസിറ്റിന്റെ കാലാവധി 6 മാസത്തിനും 10 വർഷത്തിനും ഇടയിലായിരിക്കും.
ഇന്ത്യയിലെ പ്രമുഖ ബാങ്കുകളെല്ലാം റെക്കറിങ് ഡെപോസിറ്റിന് മികച്ച പലിശ നിരക്കുകൾ നൽകുന്നുണ്ട്. നിക്ഷേപത്തിന്റെ കാലയളവ് അനുസരിച്ച് പലിശ നിരക്കിലും വ്യത്യാസമുണ്ടാകും. ആര്‍ഡി തുടങ്ങുന്ന സമയത്ത് നിശ്ചയിക്കുന്ന പലിശ തന്നെയാണ് കാലാവധി പൂര്‍ത്തിയാകുന്നത് വരെയും തുടരുന്നത്. ആർഡി സ്കീമുകൾക്ക് മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഏതൊക്കെയെന്ന് നോക്കാം.
രണ്ട് വർഷം കാലാവധിയുള്ള റെക്കറിങ് ഡെപ്പോസിറ്റ് ആണെങ്കിൽ ലക്ഷ്മി വിലാസ് ബാങ്കും യെസ് ബാങ്കുമാണ് ഏറ്റവും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 7.50 ശതമാനം പലിശ നിരക്കാണ് ഇവ രണ്ടും വാഗ്ദാനം ചെയ്യുന്നത്.
-
ആക്സിസ് ബാങ്കിന്റെ ആർഡി പലിശനിരക്ക് 6.05 ശതമാനം മുതൽ 6.50 ശതമാനം വരെയാണ്. മുതിർന്ന പൗരന്മാർക്ക് 6.55 ശതമാനം മുതൽ 7.00 ശതമാനം വരെയും ആക്സിസ് ബാങ്ക് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
-
കാനറ ബാങ്ക് 6.20 ശതമാനം മുതൽ 7.00 ശതമാനം വരെയാണ് പലിശ നിരക്ക് നൽകുന്നത്.
-
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 6.20 ശതമാനം മുതൽ 7.00 ശതമാനം വരെ ആർഡി പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.
-
ഐ.ഡി.ബി.ഐ ബാങ്ക് 5.75 ശതമാനം മുതൽ 5.90 ശതമാനം വരെ പലിശ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
-
4.50 ശതമാനം മുതൽ 5.70 ശതമാനം വരെ പലിശ ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നു.
-
ഐസിഐസിഐ ബാങ്കിൽ 4.75 ശതമാനം മുതൽ 6.00 ശതമാമം വരെയാണ് ആർഡി പലിശ നിരക്കുകൾ. മുതിർന്ന പൗരന്മാർക്ക് 5.25 ശതമാനം മുതൽ 6.50 ശതമാനം വരെ പലിശനിരക്ക് നൽകുന്നു.
-
എസ്‌ബിഐയുടെ റെക്കറിങ് ഡെപ്പോസിറ്റ് സേവനവും മികച്ചതാണ്. 5.50 ശതമാനം മുതൽ 5.70 ശതമാനം വരെയാണ് ആർഡി പലിശനിരക്ക്. മുതിർന്ന പൗരന്മാർക്ക് ഇത് 6.00 ശതമാനം മുതൽ 6.50 ശതമാനം വരെയാണ്.
-
എച്ച്ഡിഎഫ്സി ബാങ്ക് ആർഡി പലിശനിരക്ക് 4.50 ശതമാനം മുതൽ 5.75 ശതമാനം വരെ ആർഡി പലിശനിരക്ക് നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 5.00 ശതമാനം മുതൽ 6.25 ശതമാനം വരെയാണ്.
-
ഇന്ത്യൻ ബാങ്കിൽ റെക്കറിങ് ഡിപ്പോസിറ്റിനുള്ള പലിശ നിരക്ക് 3.95 ശതമാനം മുതൽ 5.25 ശതമാനം വരെയാണ്.
-
ഇന്ത്യൻ ഓവർസീസ് ബാങ്ക് 5.75 ശതമാനം മുതൽ 6.80 ശതമാനം വരെയും, പഞ്ചാബ് നാഷണൽ ബാങ്ക് 5.50 ശതമാനം മുതൽ 5.80 ശതമാനം വരെയും നിക്ഷേപങ്ങൾക്ക് പലിശ വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യ പോസ്റ്റോഫീസും ആർഡി അക്കൗണ്ടുകൾക്ക് മികച്ച പലിശ വാഗ്ദാനം ചെയ്യുന്നു. 5.80 ശതമാനമാണ് ഇവിടത്തെ പലിശ നിരക്ക്.
എല്ലാ റെക്കറിങ് ഡെപ്പോസിറ്റുകളുടെയും കാലാവധി പൂർത്തിയാകുമ്പോൾ തുക ഗുണഭോക്താവിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുന്നു. ബാങ്ക് അക്കൗണ്ടിൽ തുക എത്തിയില്ലെങ്കിൽ മാത്രം ബാങ്കിന്റെ കസ്റ്റമർ കെയറിനെ ബന്ധപ്പെട്ട് സേവനം ആവശ്യപ്പെടാം.
Share your comments