മാരക കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്ന നടപടികളുടെ തുടര്‍ച്ചയായി ഗാര്‍ഹിക കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്ന കീടനാശിനി ഉല്‍പന്നങ്ങളുടെ വിതരണത്തിലും വില്പനയിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി കൃഷി വകുപ്പ് ഗുണനിയന്ത്രണ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ചുമതലയില്‍ സംസ്ഥാനമൊട്ടാകെ നവംബര്‍ 13 മുതല്‍ 18 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഗാര്‍ഹിക കീടനാശിനി സംബന്ധിച്ച്
വിതരണക്കാര്‍ക്കും വില്പന നടത്തുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.ഗാര്‍ഹിക കീടനാശിനി സംബന്ധിച്ച് വിതരണക്കാരും വില്പന നടത്തുന്നവരും താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.
എല്ലാ ഗാര്‍ഹിക കീടനാശിനി വിതരണക്കാരും അവയുടെ വിതരണത്തിനായ് കീടനാശിനികളുടെ കാര്യത്തിലെന്ന പോലെ സംസ്ഥാന ലൈസന്‍സിംഗ് ഓഫീസറില്‍ നിന്നും ലൈസന്‍സ് നേടിയിരിക്കേണ്ടതാണ്. ഇത്തരത്തില്‍ ലൈസന്‍സ് നേടുന്ന വിതരണക്കാര്‍ തങ്ങളുടെ ലൈസന്‍സിന്റെ പകര്‍പ്പ് എല്ലാ ചില്ലറ വില്പനക്കാര്‍ക്കും (റീട്ടെയില്‍ ഷോപ്പുകള്‍) നല്‍കേണ്ടതും ആയത് ചില്ലറ വില്പനക്കാര്‍ തങ്ങളുടെ കടകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.
എല്ലാ റീട്ടെയില്‍ ഷോപ്പുകളും തങ്ങളുടെ ഷോപ്പുകളില്‍ വിതരണക്കാര്‍ നല്‍കിയിട്ടുള്ള ലൈസന്‍സിന്റ പകര്‍പ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ആയതിന്റെ ഒരു പകര്‍പ്പ് അതത് കൃഷി ഭവനില്‍ സമര്‍പ്പിക്കണം.
ഗാര്‍ഹിക കീടനാശിനികള്‍ വിറ്റഴിക്കുന്ന റീട്ടെയില്‍ ഷോപ്പുകള്‍ ഇത്തരം കീടനാശിനികള്‍ വില്പനക്കായ് മറ്റ് ഉപഭോഗ ഭക്ഷ്യ വസ്തുക്കള്‍ക്കൊപ്പം സ്റ്റോക്ക് ചെയ്യുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
ഗാര്‍ഹിക കീടനാശിനികള്‍ക്ക് മാത്രമായി സുരക്ഷിതമായ പ്രത്യേക റാക്ക് അഥവാ മറ്റു സംവിധാനങ്ങള്‍ എല്ലാ റീട്ടെയില്‍ ഷോപ്പുകളും ഉറപ്പ് വരുത്തണം. എല്ലാ ഗാര്‍ഹിക കീടനാശിനി വിതരണക്കാരും എല്ലാ വര്‍ഷവും ലൈസന്‍സ് പുതുക്കുന്നതിനോടൊപ്പം തങ്ങളുടെ കീടനാശിനികള്‍ വിതരണം ചെയ്യുന്ന റീട്ടെയില്‍ ഷോപ്പുകളുടെ ലിസ്റ്റ് ജില്ലയിലെ ലൈസന്‍സിങ്ങ് ഓഫീസര്‍ മുഖേന സംസ്ഥാന ലൈസന്‍സിങ്ങ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. യാതൊരു കാരണവശാലും ഇത്തരം വില്പന ശാലകളിലൂടെ നിയന്ത്രിത കീടനാശിനികളുടെ വില്പന അനുവദനീയമല്ല.
CN Remya Chittettu Kottayam, #KrishiJagran
Share your comments