

സെപ്‌തംബർ 22 ലോക റോസ് ദിനമായാണ് ആചരിക്കുന്നത് ,എന്നാൽ ഇന്ത്യയിൽ ഇന്നത്തെ ആഘോഷദിവസം അർബുദരോഗികൾക്കായി സമർപ്പിച്ചിരിക്കുകയാണ്
ക്യാൻസർരോഗ ബാധിതരായവരുടെ ഉണർവ്വിനും മാനസിക സന്തോഷത്തിനുമായി ഭാരതത്തിലുടനീളം ഇന്നത്തെ ദിവസം ലോക റോസ് ദിനം ആചരിക്കുന്നു .
അർബുദ രോഗവുമായി പോരാടുന്ന ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തിൽ സന്തോഷം പകരുക എന്ന ലക്ഷ്യത്തോടൊപ്പം കാനഡയിലെ രക്താർബുദബാധിതയായ 12 വയസ്സുകാരി മെലിൻറെ റോസ് എന്നബാലികയുടെ ഓർമ്മക്കായിക്കൂടിയാണ് ഇന്നത്തെ റോസ് ദിനാചാരണം .
.അർബുദരോഗത്തെക്കുറിച്ച് അവബോധം സൃഷ്ട്ടിക്കുന്നതിനുള്ള റോസ്‌ദിനാചരണദിനത്തിൽ ക്യാൻസർ രോഗികൾക്കായി കൈകൊണ്ട് നിർമ്മിച്ച റോസാപ്പൂക്കളും ആശംസാകാർഡുകളും സമ്മാനപ്പൊതികളും വാഗ്ദ്ധാനം ചെയ്യുന്ന ദിനവും കൂടിയാണിന്ന് .
സ്നേഹം ,ആർദ്രത ,ഉത്ക്കണ്ഠ തുടങ്ങിയ വികാരങ്ങളുടെ പ്രതീകമായ റോസ് അഥവാ പനിനീർപൂവ് ക്യാൻസർ രോഗികൾക്ക് സമർപ്പിക്കുന്നതിലൂടെ രോഗത്തെ അതിജീവിക്കുവാനുള്ള വാഗ്ദ്ധാനവും ആശ്വാസവും പ്രത്യാശയും കൂടിയാണ് അവർക്ക് നൽകുന്നത് .
വാത്സല്യം, സ്നേഹം ,പ്രണയം ,സൗഹൃദം തുടങ്ങിയ നിരവധി വൈകാരികതലങ്ങളിൽ പ്രതീകാത്മക പ്രാധാന്യത്തോടെ ഹൃദ്യമായ സുഗന്ധം പരത്തുന്ന റോസ് എന്ന പനിനീർപ്പൂവിൻറെ കാണാപ്പുറക്കാഴ്‌ച്ചകളിലേയ്ക്ക് ഒരു തിരനോട്ടം .

ജീവിതത്തിൽ ഒരിക്കലെങ്കിലുംഏതെങ്കിലും പെൺകുട്ടിയോട് പ്രണയം തോന്നാത്തവർ ഉണ്ടോ എന്ന ചോദ്യം നൂറുശതമാനം അർത്ഥശൂന്യമേന്നെ ആരും പറയൂ .
പണ്ടുകാലങ്ങളിൽ സ്വന്തം കൈപ്പടയിൽ പ്രേമലേഖനമെഴുതിയവരായിരുന്നു നമ്മളിൽ പലരും.
വെട്ടിയും തിരുത്തിയും ചുരുട്ടിക്കൂട്ടിയും വലിച്ചെറിഞ്ഞും തികഞ്ഞ തൃപ്‍തി വരാതെ വീണ്ടും മാറ്റി എഴുതിയ പ്രണയലേഖനങ്ങളുടെ സ്ഥാനം കാലാന്തരത്തിൽ ചുവന്ന പനിനീർപ്പൂക്കൾ കൈയ്യടക്കിക്കഴിഞ്ഞുവെന്നുമാത്രം.
''Will You Be My Valentine? " ഇണയുടെ കണ്ണിലേക്ക് ഒരു നോട്ടം....ഒറ്റ ചോദ്യം.....
കയ്യിലിരിക്കുന്ന ചുവന്ന റോസാപ്പൂ കൈമാറുന്നതോടെ ഈ ദിനത്തിൽ ഹൃദയങ്ങൾ കൈമാറി പുതിയ പ്രണയബന്ധങ്ങൾക്ക് ശുഭാരംഭം കുറിക്കുകയായി .
ഫെബ്രുവരി 14 ൻറെ വാലെന്റൈൻ ഡേയിലും പനിനീർപ്പൂക്കളുടെപ്രസക്തി അത്രയേറെ വലുത്.
ഇന്ത്യൻ ചരിത്രത്തിലെ മുഗൾകാലഘട്ടത്തിലാണ് പനിനീർപ്പൂക്കൾ ഇന്ത്യയിലെത്തിയതെന്നുവേണം കരുതാൻ.
പതിനാറാം നൂറ്റാണ്ടിൽ ഭാരതത്തിൻറെ ഭരണസാന്നിധ്യമേറ്റെടുത്ത മുസ്ളീം ചക്രവർത്തിയായ ബാബർ ആണ് ഡമാസ്‌ക് റോസ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു .
ആ കാലയളവിൽ ഇന്ത്യ ഭരിക്കാനായി പേർഷ്യയിൽ നിന്നും അഫ്‌ഗാനിസ്ഥാനിൽനിന്നുമെത്തിയ മുഗൾചക്രവർത്തിമാർ വലിയ ഭാണ്ഡങ്ങളാക്കി റോസാപ്പൂക്കൾ ഒട്ടകപ്പുറത്ത് ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നതായും അറിയുന്നു .
ഫോസിലുകളുടെ നിർണ്ണയത്തിൻറെ അധവാ തെളിവുകളുടെ അടിസ്ഥാനത്തിൽ 35 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള പനിനീർച്ചെടിയുടെ കൃഷി അയ്യായിരം വർഷങ്ങൾക്ക് മുൻപ് തന്നെ ചൈനയിൽ ആരംഭിച്ചിരുന്നതായും വിശ്വസിക്കപ്പെടുന്നു .
പുരാതനകാലഘട്ടത്തിലെ പ്രഭുക്കന്മാരുടെ ചിത്രങ്ങളിലെല്ലാംതന്നെ കയ്യിൽ ഒരു റോസാപ്പൂവുമായിട്ടായിരിക്കും അവരെ കാണുക .
സ്വാതന്ത്രഭാരതത്തിലെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽനെഹ്‌റു തൻറെ കോട്ടിൽ റോസാപ്പൂ കുത്തിയിടുമായിരുന്നു .
റോസാപ്പൂ നെഞ്ചിൽ കുത്തിയ ചാച്ചാജിയെ നവംബർ 14 ന് ഓർക്കാത്ത കുട്ടികളുമുണ്ടാവില്ല

ആദ്യരാതിക്കായി മണിയറയൊരുക്കുമ്പോൾ കിടക്കവരികളിൽ മുല്ലപ്പൂക്കൾക്കൊപ്പം ചുകന്ന
റോസാപ്പൂവിൻറെ ദളങ്ങളടർത്തിയെടുത്ത് വാരിതൂകി വർണ്ണം വിരിയിക്കുന്നതും ഒരു പതിവ് കാഴ്ച്ച . കേവലം ഒരലങ്കാരമെന്നനിലയിൽ വർണ്ണവിസ്‌മയം തീർക്കുന്നതിനുമപ്പുറം ശ്രദ്ധേയമായ നിരവധി കാര്യങ്ങൾ പനിനീർപ്പൂവിതളുകൾ വാരിവിതറുന്നതിലുണ്ടെന്ന് എത്രപേർക്കറിയാം ?
വശ്യമനോഹരമായ പനിനീർപ്പൂവിൻറെ ഹൃദ്യമായ മാദകസുഗന്ധത്തിന് നാഡീ ഞരമ്പുകളെ ഉണർത്തി ഉത്തേജിപ്പിക്കുന്നതോടൊപ്പം റൊമാൻറിക് ഫീലുണ്ടാക്കാനും പ്രത്യേക കഴിവുണ്ടെന്നാണ് ആധുനിക കാലഘട്ടത്തിലെ തിരിച്ചറിവുകൾ .
മാത്രവുമല്ല വിവാഹത്തോടനുബന്ധിച്ച് വധൂവരന്മാരിൽ ആകസ്‌മികമായുണ്ടാകുന്ന ജിജ്ഞാസക്കും മാനസികപിരിമുറുക്കങ്ങൾക്കും മറ്റും അയവ് വരുത്തുന്നതോടോപ്പം നവോന്മേഷവും ലൈംഗീക ചോദനകൾക്ക് ഉണർവ്വും ലഭിക്കുന്നതിലൂടെ രതിഭാവമുണർത്താനുതകുംവിധം ചില ഹോർമ്മോണുകൾ ഉൽപ്പാദിക്കപ്പെടുന്നതിനും റോസാപ്പൂവിന്റെ സുഗന്ധത്തിന് കഴിയുന്നതായും ആരോമതെറാപ്പിവിദഗ്ദ്ധരുടെ സാക്ഷ്യപ്പെടുത്തലുകൾ .
ജെറാനിയോൾ എന്ന രാസഘടകം അടങ്ങിയതിനാലാണ് റോസാപ്പൂക്കൾക്ക് ഹൃദ്യസുഗന്ധം ലഭിക്കുന്നതത്രെ ഈ കാര്യത്തിൽ നമ്മുടെ നാടൻ മുല്ലപ്പൂക്കൾ ഒട്ടും പിന്നിലല്ലെങ്കിലും കൂടുതൽ അംഗീകാരം റോസിനുതന്നെ.
വിവാഹവേദികളിൽ , ജന്മദിനാഘോഷ പരിപാടികളിൽ ,പ്രമുഖവ്യക്തിത്വങ്ങളെ സ്വീകരിക്കുന്നതിന് ,ആദരിക്കുന്നതിന് . ഉന്മേഷത്തിൻ്റെ ,വിശ്വാസത്തിൻറെ ,നിഷ്‌ക്കളങ്കതയുടെ ,ആരാധനമനോഭാവത്തിൻെറ ,സമർപ്പണത്തിൻറെ , വിവിധ തലങ്ങൾക്കനുസരിച്ച് മഞ്ഞ,ഓറഞ്ച് ,പച്ച ,വെള്ള ,പിങ്ക് ,പർപ്പിൾ തുടങ്ങിയ നിറങ്ങളിലുള്ള റോസാപ്പൂക്കൾ കൈമാറുന്നരീതിയും നിലവിലുണ്ട് .
ബൊക്കെ, സ്റ്റേജ് അലങ്കാരം, ഫ്‌ളവര്‍ അറേഞ്ച്മെൻറ്സ് തുടങ്ങിയ നിരവധി ആവശ്യങ്ങൾക്കും റോസാപ്പൂക്കൾ ഏറെ മുൻപിൽ .
ഓരോ നിറത്തിലുള്ള പനിനീർപ്പൂക്കൾ കൈമാറുമ്പോഴും സങ്കൽപ്പത്തിൽ ഓരോ തരത്തിലുള്ള സന്ദേശമായിരിക്കും പരസ്‌പരം കൈമാറ്റപ്പെടുകയെന്നർത്ഥം .
റോസാപ്പൂക്കൾ വിടർന്ന് പരിമളം പരത്തുന്ന ഗൃഹാങ്കണങ്ങൾ എത്രമനോഹരം .!
തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറിയെത്തുന്ന പ്രണയസൗരഭ്യത്തിൻറെ നറുണം കാലമേറെ കഴിഞ്ഞാലും പ്രണയംകൊതിക്കുന്ന ഓരോ മനസ്സുകളിലും അറിഞ്ഞോ അറിയാതെയോ ഒരു ചുവന്ന റോസാപ്പൂവായി വിരിയും .

കാമുകി കാമുകന്മാർക്ക് മാത്രമല്ല കവികളുടെയും കലാകാരന്മാരുടെയും ചിത്രകാരന്മാരുടെയും സൗന്ദര്യാസ്വാദകരായ എല്ലാവരുടെയും പ്രിയ പുഷ്പ്പമായ റോസ് വിടർന്ന് വിലസുന്നത് കണ്ടാൽ കണ്ണുടക്കാതെ പിന്തിരിഞ്ഞുപോകുന്നവരുണ്ടാവില്ല തീർച്ച .
''വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ,
നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി-
യാരാകിലെന്തു, മിഴിയുള്ളവർ നിന്നിരിക്കാം. ''
കാലമേറെക്കഴിഞ്ഞാലും മഹാകവി കുമാരനാശാൻറെ വരികൾ വരുംതലമുറക്കാരും ഏറ്റുപാടാതിരിക്കില്ല
പനിനീരിൽമുക്കിയ രാമച്ച വിശറി വീശിയ കുളിർകാറ്റേറ്റുവാങ്ങിയ വാസവദത്തയും ,ആയിരം കുടം പനിനീരുകൊണ്ട് ബോധി വൃക്ഷത്തെ അഭിഷേകം ചെയ്‌ത മൗര്യസാമ്രാ ജ്യത്തിൻറ ഭരണാധികാരിയായിരുന്ന മഹാനായ അശോകചക്രവർത്തിയും കാലം കൈമാറിവരുന്ന ചരിത്രസത്യങ്ങളായി ഐതീഹ്യപ്പെരുമപോലെ കഥകളിൽ നിറഞ്ഞു നിൽക്കുന്നു .
പുരാതനകാലഘട്ടത്തിലെ അതീവസുന്ദരിയെന്ന് ലോകസ്വീകാര്യത കരസ്ഥമാക്കിയ ഈജിപ്ഷ്യൻ റാണി ക്ലിയോപാട്ര പനിനീർപ്പൂവിൻറെ ഇതളുകൾ സമൃദ്ധിയായി വാരിതൂകിയ കഴുതപ്പാലിൽ നിത്യസ്‌നാനം നടത്തിയതിനുപുറമെ സീസറിനെ വശീകരിക്കാനും പനിനീർപ്പൂവിൻറെ ഹൃദ്യസുഗന്ധം ഉപയോഗിച്ചിരുന്നതായാണ് പുരാതനരേഖകൾ .
സ്നേഹത്തിന്റെ ദേവതയായ അഫ്രോഡൈറ്റ് എന്ന ദേവതയുടെ സൃഷ്ട്ടിയാണ് റോസാപ്പൂക്കൾ എന്നതും പുരാതന ഐതീഹ്യം .

റോസാപൂവിതളുകൾ ഉപയോഗിച്ച് അതീവരുചികരമായ ഭക്ഷ്യവസ്‌തുക്കൾ നിർമ്മിക്കാറുണ്ട്
.ദക്ഷിണേന്ത്യയിലെ പ്രമുഖ പാചക വിദഗ്ദ്ധയും ചാനൽ അവതാരകയുമായ ഡോ . ലക്ഷ്‌മി നായർ റോസാപ്പൂക്കൾകൊണ്ട് രുചികരമായ പായസം ഉണ്ടാക്കുന്ന രീതി വിശദമായി പ്രേക്ഷകർക്ക് പങ്കുവെക്കുകയുമുണ്ടായി
.പുതിയ റോസാപ്പൂക്കളിൽനിന്ന് കൂടുതൽ സുഗന്ധവും രുചിയുമുള്ളവീഞ്ഞ് ഉണ്ടാക്കാനാവുമെന്നും അറിയുന്നു.
കൊറോണ വ്യാപനം തടയുന്നതിനായുള്ള ശക്തമായ മുൻകരുതൽ നടപടികൾ പാലിച്ചുകൊണ്ട് ഈ വർഷം നടന്ന വിശുദ്ധ കഅ്ബാലയത്തിൻറെ കഴുകൽ ചടങ്ങിൽ പനിനീർ കലർത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് വിശുദ്ധ കഅ്ബാലയത്തിന്റെ ഉൾവശം കഴുകിയതെന്ന് സമീപകാല വാർത്ത .
കുങ്കുമപ്പൂവും പനിനീരും തളിച്ച തലശ്ശേരി ബിരിയാണിയുടെ രുചിയറിഞ്ഞ പഴമക്കാരിൽ ചിലരെങ്കിലും ഇന്നും ജീവിച്ചിരിപ്പുണ്ടാവും. പനിനീർപ്പൂവ് ചില്ലറക്കാരനല്ലെന്ന് മനസിലായല്ലോ ?

റോസാപ്പൂക്കളെക്കുറിച്ചെഴുതുമ്പോൾ ഗൃഹാതുരത്വമുണർത്തുന്ന ചില ഓർമ്മകൾ കൂടി .
എൻറെ സ്‌കൂൾ ജീവിതം ആരംഭിക്കുന്നത് ചോമ്പാലയിലെ പാതിരിക്കുന്നിൽ ഹാർബർ റോഡരികിൽ തലയെടുപ്പോടെ നിൽക്കുന്ന പുരാതന കൃസ്ത്യൻ ദേവാലയത്തിന് തൊട്ടടുത്തുള്ള ബാസൽ ഇവാഞ്ചലിക്കൽ മിഷൻ അപ്പർ പ്രൈമറി സ്‌കൂളിൽ ( BEMUP )
കേരളത്തിൽ വന്ന് മലയാളഭാഷ സ്വായത്തമാക്കിയ ശേഷം മലയാളികളായ നമ്മൾക്ക്‌വേണ്ടി ആദ്യമായി ഒരു മലയാളം ഡിക്ഷണറി സമർപ്പിച്ച ജർമ്മൻകാരനായ ഡോ .ഹെർമ്മൻ ഗുണ്ടർട്ട് ആണ് ഈ വിദ്യാലയം ചോമ്പാലയിൽ സ്ഥാപിച്ചത് .
തൊട്ടടുത്തുതന്നെ വിശാലമായ അനാഥാലയം ,ആരോഗ്യശുശ്രൂഷാ സേവനങ്ങൾക്കായി ജർമ്മനിയിൽ നിന്നുമെത്തിയ മിസ്സിയുടെ ബംഗ്ളാവ് . ആശുപത്രി.
ഇതിന്റെ പരിസരങ്ങളിലെല്ലാം അക്കാലത്ത് റോസാച്ചെടികൾ നട്ടുവളർത്താറുണ്ടായിരുന്നു. ഈ കാര്യത്തിൽ ജർമ്മൻ മിഷ്യനറിമാരുടെ പങ്ക് ചെറുതും നിസ്സാരവുമായിരുന്നില്ല .
കാർഷികവിളകൾക്കല്ലാതെ അലങ്കാരച്ചെടികൾക്ക് വീട്ടുപറമ്പിൽ അശേഷം സ്ഥലമനുവദിക്കാൻ ആളുകൾ തയ്യാറാകാത്ത പഴയകാലം .
ഈ കാലഘട്ടങ്ങളിൽ ചോമ്പാലയിലെ പാതിരിക്കുൻറെ പരിസരങ്ങളിലെ ചെറുതും വലുതുമായ മിക്കവാറും വീടുകളിൽ മണ്ണിലും ഓട്ടവീണുപയോഗശൂന്യമായ പഴയ മൺചട്ടികളിലും കഞ്ഞിക്കലങ്ങളിലുംവരെ മണ്ണുനിറച്ച് റോസാച്ചെടികളും മറ്റ് അലങ്കാരച്ചെടികളും നട്ടുവളർർത്തുമായിരുന്നു .
സ്‌കൂളിൽ തോട്ടപ്പണി എന്നപേരിൽ ഒരു പിരീയഡ് തന്നെ നിലവിലുള്ള കാലം .
കൃസ്ത്യൻ മിഷ്യനറിമാരുടെ വരവും കൃസ്ത്യൻ സംസ്‌കൃതിയും എല്ലാം കൂടിച്ചേർന്ന പുരോഗമനപരമായ മുന്നേറ്റമായിരുന്നു ഇവിടെ നടന്നതെന്നുവേണം പറയാൻ . വിവിധയിനം ക്രോട്ടൺസ് , സ്നൈക് ലീഫ്.കടലാസുപൂക്കൾ , മഞ്ഞയും ചുവപ്പും പൂക്കളുണ്ടാകുന്ന തോട്ടവാഴ ,പെന്തക്കോസ്‌തെ ഫ്‌ളവർ എന്ന പേരിലറിയപ്പെട്ടിരുന്ന റംഗൂൺ ഫ്‌ളവർ ,പൂച്ചവാൽച്ചെടി,സെമിത്തേരിയിൽ ശവക്കല്ലറകൾക്കരികിൽ നിത്യകല്ല്യാണി പണ്ടില്ലാത്ത ഒരുപാട് അലങ്കാര ചെടികൾ ഒപ്പം പപ്പായ ചെടികകളും ഫലവൃക്ഷങ്ങളും
പാതിരിക്കുന്നിലും പരിസരങ്ങളിലുമെത്തിത് മിഷ്യനറിമാരുടെ വരവോടെയായിരുന്നെന്നുവേണം കരുതാൻ.
മിസ്സിയുടെ ബംഗ്ളാവിന്റെ മുറ്റത്തും ചുറ്റിലും മനോഹരമായ റോസാപൂക്കൾ വിരിയുന്ന പൂന്തോട്ടങ്ങൾ കുഞ്ഞുമനസിലെ അത്ഭുതക്കാഴ്ചകളായിരുന്നു
ഓർമ്മയിൽ ആദ്യമായി റോസാപ്പൂക്കൾ കണ്ടത് എഴുപതോളം വർഷങ്ങൾക്ക് മുൻപ് .അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ .
എന്നും മുടങ്ങാതെ നീണ്ടിടതൂർന്ന മുടിയിൽ വിടർന്ന റോസാപ്പൂക്കൾ പിന്നിയിട്ടുവരുന്ന ക്ലാസ്സ്ടീച്ചർകൂടിയായ എൽസി ടീച്ചരുടെ മുടിച്ചുരുളിൽ .
കയ്യിലൊരു ചൂരൽ വടിയും പനിനീർപ്പൂവിൻറെ സുഗന്ധവുമായാണ് ടീച്ചർ എന്നും ക്ലാസ്സിലേക്കെത്തുക .
ജീവിതത്തിലാദ്യമായി ഒരു റോസാപ്പൂവിറുത്ത് വാസനിച്ചത് എൽസിടീച്ചറുടെ വീട്ടുമുറ്റത്തെ എഡ്‌വേർഡ് റോസാച്ചെടിയിൽ നിന്ന് . ആരും കാണാതെ ഒരു മോഷണം .തിരിഞ്ഞുനോക്കാതെ ഒരോട്ടം .
.അടുത്തദിവസം ക്ലാസ്സിലെത്തി ഹാജരെടുത്തതിനുശേഷം ടീച്ചർ പേരെടുത്ത് വിളിച്ചു .
ടീച്ചറുടെ കയ്യിലെ ചൂരൽ ചെറുതായൊന്നുപുളഞ്ഞു .
കുറ്റബോധം കൊണ്ട് തല താണു .
ഇതെന്തിനാണെന്നറിയാമോ ? അറിയാം എന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞുപോകാൻ തുടങ്ങുമ്പോൾ ടീച്ചർ നേരത്തെ കൈയ്യിൽ കരുതിയ ഒരു റോസാപ്പൂ എന്റെ കൈവെള്ളയിൽ വെച്ചുതന്നു .
കൂട്ടത്തിൽ ഒരുപദേശവും -''അനുവാദം ചോദിക്കാതെ ആരുടെ പൂന്തോട്ടത്തിൽ നിന്നുംപൂപറിക്കരുത് ''.
ടീച്ചർ ഇല്ലാതായിട്ട് ഏറെ വർഷമായെങ്കിലും ലോക റോസാദിനത്തിൽ കൃതജ്ഞതാപൂർവ്വം ആദരവോടെ എൽസി ടീച്ചറെ സ്‌മരിക്കുന്നു .

റോസുകൾ വിവിധ തരത്തിൽ .
ഹൈബ്രീഡ് ,ഫ്ലോറിബാൻഡ ,പൊളിയാന്ത ,ക്ലൈംബിംഗ് റോസ് , മിനിയെച്ചേർസ് എന്നിങ്ങനെ റോസുകൾ വിവിധ തരത്തിൽ .
പൂവിതളുകളിൽനിന്നും പനിനീർ വേർതിരിച്ചെടുക്കാൻ കഴിയുന്നതുകൊണ്ടാണ് ഈ ചെടിക്ക് പനിനീർച്ചെടി എന്ന് പറയപ്പെടുന്നത്.
ഏഷ്യയിലെ ഏറ്റവും കൂടുതൽ റോസിൻറെ ശേഖരമുള്ള അതിവിശാലമായ റോസ് ഗാർഡൻ ചണ്ഡീഗഢിൽ സ്ഥിതി ചെയ്യുന്നു.
ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി സക്കീർ ഹുസൈൻറെ പേരിൽ അറിയപ്പെടുന്ന മുപ്പതിലേറെ ഏക്കർ വിസ്‌തൃതിയിലുള്ള ഈ മനോഹരമായ ഉദ്യാനം 1967 ലാണ് സ്ഥാപിക്കപ്പെട്ടത് .
മുടങ്ങാതെ എല്ലാവർഷവും ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ഇവിടെ റോസ് ഫെസ്റ്റിവെൽ നടക്കുന്നുമുണ്ട് . ഊട്ടിയിലുള്ള റോസ് ഗാർഡനിൽ തമിഴ് നാട്ടുകാർ റോജ എന്ന് വിളിക്കുന്ന അയ്യായിരത്തോളം വർഗ്ഗത്തിലുള്ള റോസാച്ചെടികളാണുള്ളത് .
ഇന്ത്യയിലെ പ്രമുഖ റോസ് ഗാഡനാണ് ഡൽഹിയിലെ നേഷണൽ റോസ് ഗാർഡൻ .
മുഗൾ സാമ്രാജ്യത്തിലെ നാലാമത്തെ ചക്രവർത്തിയും സഹൃദയനും സൗന്ദര്യാരാധകനുമായ ജഹാംഗീർ തന്റെ പ്രിയ പത്നി നൂർജ്ജഹാനുവേണ്ടി 1619 ൽ ൽ മുപ്പത്തി ഒന്ന് ഏക്കർ വിസ്‌തൃയിൽ കശ്‌മീരിൽ രൂപകല്പ്പന നിർവ്വഹിച്ച ഷാലിമാർ ഗാർഡനിൽ ലോകോത്തര നിലവാരമുള്ള റോസാപ്പൂക്കളുടെ വലിയ നിരതന്നെയാണുള്ളത് .
ഏകദേശം മുപ്പത്തിയഞ്ച് ദശലക്ഷങ്ങൾക്ക് മുൻപുള്ള കാലഘട്ടത്തിലാണ് റോസാപ്പൂക്കൾ ഉണ്ടായതെന്നാണ് ഫോസിലുകളുടെ കണ്ടെത്തലുകളിലൂടെയുള്ള തെളിവുകൾ വ്യക്തമാക്കുന്നത് .
അമേരിക്കയിലെ കൊളറാഡോ എന്ന സ്ഥലത്താണത്രെ ഏറ്റവും പഴക്കം ചേർന്ന ഫോസിൽ കണ്ടെത്തിയത് ,പുരാതന ഈജിപ്‌തിലെ ശവകുടീരങ്ങളിലും റോസാപ്പൂക്കളുടെ ചിത്രങ്ങൾ ആലേഖനംചെയ്തിട്ടുള്ളതായും അറിയപ്പെടുന്നു .
ആധുനിക കാലഘട്ടത്തിലും ശവസംസ്ക്കാര ചടങ്ങിന് മുൻപായി മൃതശരീരങ്ങളിൽ പനിനീർതളിക്കുന്ന ആചാരം പലേടങ്ങളിലും ഇന്നും നിലനിൽക്കുന്നുണ്ട് .

പനിനീർ അധവാ റോസ്‌വാട്ടർ വീട്ടിലുണ്ടാക്കാം
കീടനാശിനികളൊന്നും തന്നെ തളിക്കാതെ നല്ല ശുദ്ധിയുള്ള പനിനീർപ്പൂവിൻറെ ദളങ്ങൾ അടർത്തിയെടുത്ത് ഒരു വൃത്തിയുള്ള പാത്രത്തിലിട്ട് ഇതളുകൾ മുങ്ങത്തക്കവിധം വെള്ളം നിലനിർത്തുക
പത്തു പതിനഞ്ച് മിനിറ്റ് സമയം നന്നായി തിളപ്പിച്ച ശേഷം തണുക്കാൻ വെക്കുക .ആറിക്കഴിഞ്ഞാൽ ഈ ദ്രാവകം അരിച്ചു കുപ്പിയിൽ നിറക്കാം .
പനിനീർപ്പൂവിന്റെ ദളങ്ങളിലെ നിറംകലർന്ന ജലം സൗരഭ്യമുള്ളതായിത്തീരും .ഇതിൽ അൽപ്പം ഗ്ലിസറിൻകൂടി ചേർത്താൽ ഏറെ വിശേഷം .
ലോകത്ത് വാണിജ്യാടിസ്ഥാനത്തിൽ വളരെയേറെ ഉപയോഗിക്കന്ന മനോഹരപുഷ്പ്പങ്ങളിൽ ഒന്നാണ് റോസ് ,തമിഴ്‌നാട് കർണ്ണാടക അതിർത്തിയിൽ ഹൊസൂരിലെ അറുപതിലധികം പൂന്തോട്ട വ്യാപാരകേന്ദ്രങ്ങളിൽ നിന്നാണ് ഫെബ്രുവരിയിൽ നടക്കുന്ന വാലൻറ്റൈൻ ദിനത്തിൽ കമിതാക്കൾക്ക് ഹൃദയം കൈമാറാനായി ചുകന്ന റോസാപ്പൂക്കൾ ഇറുത്തെടുക്കുന്നത് .
രാജ്യത്തിനകത്തും പുറത്തും ഈ സ്ഥലം ഏറെ പ്രസിദ്ധമാണ് ,
ഓസ്‌ട്രേലിയ ,യൂറോപ്പ് ,പശ്ചിമേഷ്യ, ജപ്പാൻ ,ബ്രിട്ടൻ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും വിപുലമായ തോതിൽ റോസാപൂക്കൾ കയറ്റി അയക്കപ്പെടുന്നുണ്ട് .

റോസിൻറെ കൃഷിരീതി
6 മുതല്‍ 18 മാസം വരെ പ്രായമുളള ബഡ്ഡുതൈകളാണ് നടാന്‍ ഉത്തമം . വാണിജ്യ കൃഷിചെയ്യാവുന്ന നിരവധി റോസിനങ്ങള്‍ ഇന്ന് പ്രചാരത്തിലുണ്ട്.
താജ്‌മഹൽ , പാഷന്‍ ,ഫസ്റ്റ് റെഡ്, തുടങ്ങിയ ചുവന്ന റോസിനങ്ങളും ഗോള്‍ഡന്‍ ഗെയ്റ്റ്, ഗോള്‍ഡ് സ്‌ട്രൈക്ക് സ്‌കൈലൈന്‍, തുടങ്ങിയ മഞ്ഞനിറത്തിലുള്ള നിരവധി റോസിനങ്ങളുണ്ട്.
മണ്ണ്, മണല്‍, ചാണകപ്പൊടി 2:1:1 എന്ന അനുപാതത്തില്‍ മിക്‌സ് ചെയ്തുകൊണ്ട് തടങ്ങൾ നിർമ്മിച്ചും പൂച്ചട്ടികളിലും റോസാച്ചെടികൾ നട്ടുവളർത്താവുന്നതാണ് .
ആദ്യമൊക്കെ നന്നായി പൂവിടുമെങ്കിലും വേനൽക്കാലമായാൽ രോഗം വന്നു ചെടി നശിച്ചുപോകുന്നു. അടുത്ത സീസണിൽ പുതിയ റോസ് ചെടി വാങ്ങി നടണം അതായത്, സീനിയ, മാരിഗോൾഡ് തുടങ്ങിയവപോലെ റോസും വാർഷിക ചെടിയായി മാറിയിരിക്കുന്നു. അൽപം ശ്രദ്ധയും ക്രമമായ പരിചരണവും നൽകിയാൽ ചിരസ്ഥായി പ്രകൃതമുളള പനിനീര്‍ച്ചെടി പൂന്തോട്ടത്തിലെ മുഖ്യ ആകർഷണമായി കൂടുതൽ നാള്‍ നിലനിൽക്കും.
നടീൽ രീതി ഒരേ അളവിൽ എടുത്ത ആറ്റുമണൽ, പശപ്പില്ലാത്ത ചുവന്ന മണ്ണ്, നന്നായി ഉണങ്ങിയ ചാണകപ്പൊടി എന്നിവയ്ക്കൊപ്പം ഒരുപിടി സ്റ്റെറാമീലോ ബോൺമീലോ കൂടി ചേർത്താൽ റോസ് നടാനുളള മിശ്രിതമായി.
ചട്ടിയിൽ ഈർപ്പം നിലനിർത്താൻ ആവശ്യമെങ്കിൽ ഉണങ്ങിയ പൊതിമടലിന്റെ ചെറിയ കഷണങ്ങൾ കൂടി മിശ്രിതത്തിൽ ഇട്ടുകൊടുക്കാം.

ഇല മഞ്ഞളിപ്പ് നിയന്ത്രിക്കാൻ 20 ഗ്രാം സ്യൂഡോമോണാസ് ബാക്ടീരിയപ്പൊടി ഈ മിശ്രിതത്തിൽ കലർത്താം. ഒരടി വലുപ്പമുളള ചട്ടിയിലാണ് മിശ്രിതം നിറയ്ക്കേണ്ടത്. തൈ നട്ടിരിക്കുന്ന പ്ലാസ്റ്റിക് കവർ ശ്രദ്ധാപൂർവം നീക്കി ചട്ടിയിലേക്ക് മാറ്റി നടുക. നടുമ്പോൾ ബഡ് ചെയ്ത ഭാഗം മിശ്രിതത്തിൽ നിന്ന് രണ്ട് ഇഞ്ചോളം ഉയർന്നിരിക്കണം. മിശ്രിതം നന്നായി നനച്ചശേഷം 6–7 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം കിട്ടുന്നിടത്ത് ചട്ടി സ്ഥിരമായി വയ്ക്കാം.
ചെടികൾക്ക് നന്നായി വായുസഞ്ചാരം ലഭിക്കാൻ ചട്ടികൾ തമ്മിൽ ഒന്നര അടി അകലം നൽകണം. റോസ് വളർത്തുന്ന ചട്ടികൾ മറ്റു ചെടികൾ (വിശേഷിച്ച് വാർഷിക ചെടികൾ) ക്കൊപ്പം വയ്ക്കാതെ പ്രത്യേകം ഒരു ഭാഗത്ത് വച്ച് പരിപാലിക്കുക.
കൂടാതെ, നിലത്ത് പ്ലാസ്റ്റിക് ഷീറ്റ് (മൾച്ചിങ് ഷീറ്റ്) വിരിച്ച് അതിനുമുകളിൽ ചട്ടികൾ നിരത്തണം. ഇതുവഴി ഒരു പരിധിവരെ രോഗ കീടബാധ നിയന്ത്രിക്കാം. ബഡ് റോസ് ഇനങ്ങൾ ചട്ടിയിൽത്തന്നെ നട്ടുവളർത്തുന്നതാണ് നല്ലത്. കാശ്മീരി ഇനം പോലെ കമ്പുവഴി വളർത്തിയവ നിലത്ത് പൂത്തടം തയാറാക്കാനായി ഉപയോഗിക്കാം.
പരിപാലനം: ചെടിയുടെ ബഡ് ചെയ്ത ഭാഗം മനസ്സിലാക്കി പുതിയ മുളകളും ശിഖരങ്ങളും ആ ഭാഗത്തുനിന്നുണ്ടായ ചിനപ്പിൽ നിന്നു മാത്രമേ വളരാന്‍ അനുവദിക്കുകയുളളൂ. ചിലപ്പോൾ ചുവട്ടിലുളള കാട്ടുറോസിൽ നിന്നു ചിനപ്പുകൾ ഉണ്ടായിവരും. ഇവ കാണുമ്പോൾത്തന്നെ നീക്കണം. പൂവിട്ടുനിൽക്കുന്ന ചെടിയാണ് വാങ്ങുന്നതെങ്കിൽ കൂടുതൽ ചിനപ്പുകളും ശാഖകളും ഉണ്ടാകാൻ പൂവിന്റെ ഇതളുകൾ കൊഴിയുന്നതിനു മുമ്പ് ആ കമ്പ് പ്രൂൺ ചെയ്യുന്നതു കൊള്ളാം. റോസ് ചെടി നന്നായി പൂവിടുന്നതിന്റെ കാതലായ കാര്യം റോസിന്റെ പ്രൂണിങ് അഥവാ കമ്പുകോതൽ ആണ്.
പൂവ് കൊഴിയാറായ കമ്പ് പുറത്തേക്ക് വളർന്നുനിൽക്കുന്ന അഞ്ച് ഇലകളുളള മുട്ടിനു തൊട്ടുമുകളില്‍വച്ച് മുറിച്ചു നീക്കം ചെയ്യണം. പുറത്തേക്കു വളർന്നു വരുന്ന ശിഖരങ്ങൾക്കാണ് പൂവിടുന്ന സ്വഭാവമുളളതും. ചില സങ്കരയിനങ്ങളിൽ ഇലകൾ കൂട്ടമായി ഉണ്ടായി പൂവിടാത്ത ശിഖരങ്ങൾ അഥവാ ബ്ലൈൻഡ് ഷൂട്ടുകൾ കാണാം. ഇവ യഥാകാലം തിരഞ്ഞുപിടിച്ച് നീക്കണം.
വർഷത്തിലൊരിക്കൽ, കഴിയുമെങ്കില്‍ മഴക്കാലത്തിനു തൊട്ട്മുമ്പ് ശിഖരങ്ങളെല്ലാം താഴ്ത്തി പ്രൂൺ ചെയ്യുന്നത് പുതിയ ചിനപ്പുകളും കൂടുതൽ പൂക്കളും ഉണ്ടാകാൻ സഹായിക്കും.
രണ്ട് വർഷത്തിലൊരിക്കൽ ചട്ടിയിലെ മിശ്രിതം മാറ്റി പുതിയത് നിറച്ചു കൊടുക്കണം. ഈ പ്രക്രിയയിൽ കമ്പുകൾ മുഴുവനായി കോതി വളർത്തുന്നതും ചെടിയുടെ കരുത്തുളള വളര്‍ച്ചയ്ക്കു നല്ലതാണ്. റോസ് പ്രൂൺ ചെയ്ത ശേഷം വിപണിയിൽ ലഭ്യമായ കോൺണ്ടാഫ് കുമിൾനാശിനി 2 മി.ലീ ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി തളിച്ചുകൊടുക്കണം.

റോസ് തൈ നട്ടശേഷം 2–3 ആഴ്ചത്തേക്ക് വളപ്രയോഗം ആവശ്യമില്ല. മിശ്രിതത്തിൽ ചേർത്ത വളം മാത്രം മതി. ചെടി നന്നായി വളർന്നുതുടങ്ങിയാൽ വളപ്രയോഗമാകാം. റോസിന് നേരിയ അളവിൽ കൂടെക്കൂടെ വളം നൽകണം. ജൈവവളമായി പൊടിച്ചെടുത്ത ഉണങ്ങിയ ആട്ടിൻ കാഷ്ഠം, ചാണകപ്പൊടി, മീൻ ചേർത്ത ജൈവവളം ഇവയെല്ലാം മാറി മാറി നൽകാം. കൂടാതെ, കപ്പലണ്ടിപ്പിണ്ണാക്ക് 3–4 ദിവസം വെള്ളത്തിൽ പുളിപ്പിച്ചെടുത്തത് 5 ഇരട്ടിയായി നേർപ്പിച്ചു ചുവട്ടിൽ ഒഴിച്ചുകൊടുക്കാം.
രാസവളമായ 18:18:18 ഒരു സ്പൂൺ മിശ്രിതത്തിൽ മാസത്തിലൊരിക്കൽ നൽകാം. മിശ്രിതത്തിലെ മേൽമണ്ണ് ഇളക്കിയശേഷം വേണം വളപ്രയോഗം നടത്താൻ. ചട്ടിയിലെ മിശ്രിതം ഉണങ്ങാത്ത വിധത്തിൽ റോസിന് നന നൽകാം.
വേനൽക്കാലത്ത് നന ദിവസവും രണ്ടുനേരം വേണ്ടിവരും. രാവിലെ നനയ്ക്കുമ്പോൾ ഇലകളിൽ വെള്ളം തളിക്കുന്നത് നല്ലതാണ്. വൈകുന്നേരം മിശ്രിതം മാത്രമായി നനയ്ക്കണം.
കീട–രോഗങ്ങൾ പ്രതിവിധി
ഇല മുരടിക്കൽ ഏറ്റവും ഗൗരവമുളള കീടബാധയാണിത്.
പനനീർപ്പൂക്കൾ ഇഷ്ടപ്പെടുന്നവർ പോലും ചെടി വളർത്താൻ മടിക്കുന്നത് ഈ കീടബാധ കാരണമാണ്. തിളർപ്പുകൾ, ഇളം ഇല, പൂമൊട്ടുകൾ ഇവയിലാണ് ലക്ഷണങ്ങൾ മുഖ്യമായും കാണുന്നത്. ചെറുപ്രാണികൾ (ത്രിപ്പ്സ്, മൈറ്റുകൾ) ചെടിയുടെ പൂമൊട്ടുകളിലും ഇളം ഇലകളിലും കൂട്ടമായി വന്നിരുന്ന് നീര് ഊറ്റിക്കുടിക്കുമ്പോഴാണ് കീടശല്യത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക.
ചെടിയും മിശ്രിതവും വളർത്തുന്നയിടവും വൃത്തിയായി സൂക്ഷിക്കുകയും ചട്ടികൾ മൾച്ചിങ് ഷീറ്റ് വിരിച്ച് അതിനു മുകളിൽ നിരത്തി പരിപാലിക്കുന്നതും ഒരു പരിധി വരെ ഈ കീടബാധയിൽനിന്നു ചെടിയെ രക്ഷിക്കും.
ബന്തി, വെർബീന മുതലായ ഏകവർഷ പൂമൊട്ടുകള്‍ ഈ ചെറുപ്രാണികളുടെ താവളമായതുകൊണ്ട് റോസ് വളർത്തുന്ന ചട്ടികൾ ഇവയ്ക്കൊപ്പം വയ്ക്കരുത്.
തളിര്‍പ്പുകളും പൂമൊട്ടുകളും മുരടിച്ചു തവിട്ടുനിറത്തിൽ വരകൾ കാണാം.പൂമൊട്ടുകൾ വിരിയാതെയും ഇലകൾ സാധാരണരീതിയിൽ തുറന്നുവരാതെയും ചെടി ആകെ കുരുടിച്ച് അനാകർഷകമാകും. ഈ കീടശല്യത്തിന്റെ നിവാരണത്തിന്റെ ആദ്യപടിയായി മുരടിച്ചുനില്‍ക്കുന്ന ശാഖകളും പൂമൊട്ടുകളും നീക്കം ചെയ്യണം.
വിപണിയിൽ ലഭ്യമായ ഒബറോൺ അല്ലെങ്കില്‍ ഇമിഡാക്ലോപ്രിഡ് അടങ്ങിയ കീടനാശിനി ഒരു മി.ലി ഒരു ലിറ്റർ വെള്ളത്തിൽ ലായനിയായി ഇലകളുടെ അടിഭാഗമുൾപ്പെടെ ചെടി മുഴുവനായി തളിച്ചുകൊടുക്കണം. ൈവകുന്നേരമാണ് കീടനാശിനി പ്രയോഗിക്കേണ്ടത്. നാലു ദിവസത്തിലൊരിക്കൽ എന്ന ക്രമത്തിൽ 3–4 ആവൃത്തി നൽകണം.
കറുത്ത പുള്ളിരോഗം: അന്തരീക്ഷത്തിൽ ഈർപ്പം അധികമുളള മഴക്കാലത്ത് റോസിൽ കണ്ടുവരുന്ന കുമിൾരോഗമാണിത്. മൂപ്പെത്തിയ ഇലകളിൽ കറുത്ത വലിയ പുളളികൾ വന്ന് ഇലകൾ കൊഴിഞ്ഞുപോകുന്നതാണ് രോഗലക്ഷണം.
രോഗപ്രതിരോധത്തിനായി വർഷകാലത്ത് മാസത്തിലൊരിക്കൽ സ്യൂഡോമോണാസ് പ്രയോഗം പ്രയോജനം ചെയ്യും.രോഗാവസ്ഥയിൽ ഇലകൾ കൂട്ടമായി കൊഴിയാൻ തുടങ്ങും. രോഗനിയന്ത്രണത്തിന്റെ ആദ്യപടിയായി മിശ്രിതത്തിൽ കൊഴിഞ്ഞു കിടക്കുന്ന ഇലകൾ നീക്കം ചെയ്യണം. ഇതിനുശേഷം ആൻട്രാകോൾ കുമിൾനാശിനി മൂന്നു ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍ ലായനിയായി നാലു ദിവസത്തിലൊരിക്കൽ 3–4 തവണ തളിച്ചുകൊടുക്കണം.
കമ്പുണങ്ങൽ അഥവാ ഡൈബാക്ക് രോഗം: റോസ് പ്രൂൺ ചെയ്യുമ്പോഴുണ്ടാകുന്ന അപാകതയാണ് ഈ രോഗത്തിനു വഴിയൊരുക്കുക. കമ്പു കോതിനിർത്തിയ തണ്ടുകളുടെ അഗ്രഭാഗത്തുനിന്നു കറുപ്പു നിറം വന്ന് താഴേക്ക് വ്യാപിച്ച് ഉണങ്ങിപ്പോകുന്നതാണ് ലക്ഷണം. പൂവിട്ടുകഴിഞ്ഞ കമ്പ് നീക്കുമ്പോഴും ചെടിമുഴുവനായി പ്രൂൺ ചെയ്യുമ്പോഴും ഈ രോഗം വരാനിടയുണ്ട്. കമ്പുകോതിയ തണ്ടിന്റെ മുറിഭാഗം കുമിൾ ഉളളിലേക്ക് പ്രവേശിച്ചാണ് രോഗം ഉണ്ടാകുക. അതുകൊണ്ടുതന്നെ പ്രൂൺചെയ്ത ശേഷം കുമിൾനാശിനി ചെടി മുഴുവൻ തളിച്ചുകൊടുക്കണം. കറുപ്പുനിറം വന്ന് കേടായ കമ്പുകൾ നീക്കം ചെയ്യുന്നതും പ്രതിവിധിയാണ്.
ശല്ക കീടബാധ: ഇവ വെളുത്ത നിറത്തിൽ പൊറ്റപോലെ റോസിന്റെ കമ്പുകളിൽ പറ്റിയിരുന്ന് ചെടിയുടെ നീര് ഊറ്റിയെടുത്ത് കമ്പുണങ്ങൽ രോഗം ഉണ്ടാക്കുന്നു. ഉണങ്ങിനിൽക്കുന്ന കമ്പുകളിൽ വെളുപ്പുനിറത്തിൽ ഇവയെ കാണാം. ഉണങ്ങിയ കമ്പുകൾ നീക്കംചെയ്ത ശേഷം മറ്റു കമ്പുകളിൽ ഇവ പറ്റിയിരിക്കുന്ന ഭാഗങ്ങളിൽ പെയിന്റിങ് ബ്രഷ് ഉപയോഗിച്ച് സ്പിരിറ്റ് പൂശുക വഴി നിയന്ത്രിക്കാം.
പനിനീർച്ചെടിയുടെ കൃഷിക്ക് താൽപ്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്ക് ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് സെന്ററുമായി ബന്ധപ്പെടാവുന്നതാണ് .
ഫോൺ - 080 2308 6100
Share your comments