<
  1. News

നെല്ലിയാമ്പതിയിൽ സാലഡ് വെള്ളരിയാണ് താരം; വിൽപ്പനയും വിളവെടുപ്പും ഉഷാർ!

കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ KPCH 1 ഹൈബ്രിഡ് ഇനം സാലഡ് വെള്ളരി ഹൈടെക് രീതിയിലാണ് കൃഷി ചെയ്തത്

Darsana J
നെല്ലിയാമ്പതിയിൽ സാലഡ് വെള്ളരിയാണ് താരം; വിൽപ്പനയും വിളവെടുപ്പും ഉഷാർ!
നെല്ലിയാമ്പതിയിൽ സാലഡ് വെള്ളരിയാണ് താരം; വിൽപ്പനയും വിളവെടുപ്പും ഉഷാർ!

പാലക്കാട്: നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ സാലഡ് വെള്ളരി വിളവെടുപ്പ് നടന്നു. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ KPCH 1 ഹൈബ്രിഡ് ഇനം സാലഡ് വെള്ളരി ഹൈടെക് രീതിയിലാണ് ഫാമിൽ കൃഷി ചെയ്തത്. കര്‍ഷകയായ ഭുവനേശ്വരി വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ആദ്യഘട്ടത്തിലെ വിളവെടുപ്പിൽ 2 ടണ്‍ വെള്ളരി ഉത്പാദിപ്പിച്ചിരുന്നു.

കൂടുതൽ വായിക്കാൻ: Mush Pellet - കൂൺ കൃഷിയിൽ സമയവും അധ്വാനവും ലാഭിക്കാം, ലാഭമുണ്ടാക്കാം: MFOI ദേശീയ പുരസ്കാര ജേതാവ് രാഹുൽ എൻ.വി

സാലഡ് വെള്ളരിക്കാലം..

നട്ടുകഴിഞ്ഞ് 36 ദിവസം കൊണ്ടാണ് സാലഡ് വെള്ളരി വിളവെടുക്കുന്നത്. ഒരു ചെടിയില്‍ നിന്ന് 22 മുതല്‍ 28 കായകള്‍ വരെ ലഭിക്കും. ശരാശരി ഒരു കായ 240 മുതല്‍ 250 ഗ്രാം വരെ തൂക്കം കാണും. കൂടാതെ ശീതകാല പച്ചക്കറികളായ കാബേജ്, ചൈനീസ് കാബേജ്, റാഡിഷ്, കോളിഫ്‌ളവര്‍ എന്നിവയുടെയും വിളവെടുപ്പ് ഫാമിൽ ആരംഭിച്ചു. തക്കാളി, കാബേജ്, ബ്രോക്കോളി, ചൈനീസ് കാബേജ്, കോളിഫ്‌ളവര്‍ എന്നിവ പോളിഹൗസിലും പുറത്തും ഹൈടെക് രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്.

വിളവെടുപ്പും വിൽപനയും..

ഇതിനുപുറമെ, 6 ഹെക്ടര്‍ സ്ഥലത്ത് ഓറഞ്ച്, മറ്റു പഴവര്‍ഗങ്ങളും ഇവയുടെ ഇടവിളയായി കാബേജ്, കോളി ഫ്‌ളവര്‍, നോള്‍കോള്‍, ചൈനീസ് കാബേജ്, റാഡിഷ്, കാരറ്റ്, ബീറ്റ്‌റൂട്ട്, ലെറ്റിയൂസ്, വയലറ്റ് കാബേജ്, പാലക്ക്, ബീന്‍സ്, ബട്ടര്‍ ബീന്‍സ് തുടങ്ങിയ വിവിധ ഇനങ്ങളും കൂര്‍ക്ക, നിലക്കടല, മധുരക്കിഴങ്ങ്, പച്ചമുളക്, കാന്താരി മുതലായവയും കൃഷി ചെയ്യുന്നുണ്ട്. ഫാമിന് മുന്‍വശത്തുള്ള സെയില്‍സ് കൗണ്ടർ വഴി എല്ലാ ദിവസവും വിളവെടുത്ത ഫാം ഫ്രഷ് ഉത്പന്നങ്ങള്‍ വില്‍പ്പന ചെയ്യുന്നുണ്ട്. അധികം വരുന്നത് ഹോര്‍ട്ടി കോര്‍പ്പ്, കൃഷി വകുപ്പ് ഇക്കോ ഷോപ്പുകള്‍ എന്നിവയിലൂടെയും വിപണനം നടത്തും. 

സന്ദര്‍ശകരുടെയും കര്‍ഷകരുടെയും ഇടയില്‍ സ്വീകാര്യത ലഭിച്ചതോടെയാണ് വീണ്ടും 10 സെന്റ് പോളി ഹൗസില്‍ ഹൈടെക് രീതിയില്‍ കൃഷി ഇറക്കാൻ തീരുമാനിച്ചതെന്ന് ഫാം സൂപ്രണ്ട് പി. സജിദലി പറഞ്ഞു. ഫാമിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള കൂട്ടായ പരിശ്രമങ്ങളിലൂടെ കൂടുതല്‍ മികച്ചതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സലാഡ് കുക്കുമ്പര്‍ പോളി ഹൗസ് കൃഷിക്ക് പാര്‍വ്വതി, യേശുമേരി, യോഗേശ്വരി, ജോയ് എന്നീ തൊഴിലാളികളും കൃഷി അസിസ്റ്റന്റുമാരായ വസീം ഫജ്ല്‍, ജാന്‍സി എന്നിവരുമാണ് നേതൃത്വം നല്‍കുന്നത്. വിളവെടുപ്പില്‍ മലമ്പുഴ ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്പ്‌മെന്റ് ഫാം അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. ശാന്തിനി അധ്യക്ഷത നിർവഹിച്ചു. കൃഷി ഓഫീസര്‍ ദേവി കീര്‍ത്തന, തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ ബാബു, മുരുകന്‍, ഹബീബുള്ള എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു.

English Summary: Salad cucumber harvest was held at Nelliampathi Orange Farm palakkad

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds